2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

Editorial

പ്രതീക്ഷയുയര്‍ത്തുന്ന ഗുജറാത്തിലെ മഹാസഖ്യം


പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ അവര്‍ നേരിടാനൊരുങ്ങുന്നത്. ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടത്താതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയായിരുന്നു.

 

ഏറ്റവുമവസാനമായി മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തിയും ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അപലപിച്ചിരിക്കുകയാണ്. ജനുവരിയില്‍ രണ്ട് സംസ്ഥാനങ്ങളുടെയും കാലാവധി തീരുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരേ സമയത്താണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാറ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വേണ്ടിയായിരുന്നുവെന്ന വിമര്‍ശനത്തെ തള്ളിക്കളയാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാവേണ്ടതല്ല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്ത് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പതിവുപോലെ നരേന്ദ്രമോദി വാചാലനാവുകയും ചെയ്തു. വാഗ്ദാനങ്ങളുടെ പെരുമഴ എന്നാണ് ഈ പ്രസംഗത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിഭാഗം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വിജയം നേടിയിരുന്നു. നോട്ട് നിരോധനവും അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കലും പിന്നെയും ഗുജറാത്തില്‍ ബി.ജെ.പിയുടെ ജനസമ്മിതി കുറച്ചിരിക്കുകയാണ്.
വിദ്യാര്‍ഥി നേതാവായിരുന്ന ഹാര്‍ദിക് പട്ടേല്‍ പട്ടീദാര്‍ വിഭാഗത്തിന്റെ അനിഷേധ്യ നേതാവായി പട്ടേല്‍ വിഭാഗത്തില്‍ ഉയര്‍ന്നുവരികയും പരസ്യമായി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയുമാണ്. ജനതാദള്‍ യുനൈറ്റഡ് നേതാവ് ചോട്ടുവാസയായിരുന്നു കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ മുഖ്യ വിജയശില്‍പി. ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ കൂട്ടായ്മ മോദി പ്രഭാവത്തെയും ബി.ജെ.പി ഭരണത്തെയും ഇല്ലാതാക്കുമെന്നതിന് സംശയമില്ല. കോണ്‍ഗ്രസ് നടത്തുന്ന മഹാസഖ്യ ശ്രമം വിജയം കണ്ടാല്‍ ബി.ജെ.പിയുടെ പരാജയമായിരിക്കും ഗുജറാത്തില്‍ സംഭവിക്കുക. അതിനാല്‍ തന്നെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയംകണ്ട സഖ്യത്തിന്റെ മറ്റൊരു രൂപമായിരിക്കും ഗുജറാത്തില്‍ ഉണ്ടാവുക. പരസ്പരം പോരടിച്ചിരുന്ന ജനതാദള്‍ പാര്‍ട്ടികളെ ഒരു പ്ലാറ്റ് ഫോമില്‍ അണിനിരത്തുന്നതില്‍ കോണ്‍ഗ്രസ് ബിഹാറില്‍ വിജയിച്ചു. ഈ മുന്നണിക്കൊപ്പം നില്‍ക്കാതെ മത്സരിച്ച സി.പി.എമ്മിനാകട്ടെ കെട്ടിവച്ച കാശു പോലും കിട്ടിയില്ല. രാഷ്ട്രീയ എതിരാളികളായ ലാലുപ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഒരു മുന്നണിയില്‍ കോര്‍ത്തിണക്കി ജനതാപരിവാര്‍ എന്ന മഹാസഖ്യത്തിലൂടെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എന്നാല്‍, അധികാരക്കൊതിയനായ നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ജനതാപരിവാര്‍ സഖ്യത്തിന്റെ ഉദകക്രിയ നിര്‍വഹിച്ചു.
ദേശീയതലത്തില്‍ ഉയര്‍ന്നുവരേണ്ട ഒരു മഹാസഖ്യത്തെയാണ് നിതീഷ് കുമാറിന്റെ അധികാരക്കൊതി തട്ടിത്തെറിപ്പിച്ചത് .ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് ഹാര്‍ദിക് പട്ടേലിനെയും ജനതാദള്‍ നേതാവ് ചോട്ടുവാസവയെയും ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂറിനെയും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെയും ഒരേ ചരടില്‍ കോര്‍ത്തു മഹാസഖ്യ മുന്നണിയായി മത്സരിക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ വാട്ടര്‍ലൂ ആയിരിക്കുമെന്നതിന് സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകത്തിന് ഉണ്ടായേക്കാവുന്ന തകര്‍ച്ച ഫാസിസ്റ്റ് ഭരണത്തിന്റെ തന്നെ മരണമണിയുടെ ആദ്യ മുഴക്കമായിരിക്കും.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.