2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

പ്രളയകാലത്തെ കാരുണ്യപ്രവര്‍ത്തനത്തിന് ബഹ്‌റൈനി വനിതക്ക് ആദരം

പാന്‍ ബഹ്‌റൈന്‍ 'ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ഫാത്തിമ അല്‍ മന്‍സൂരിക്ക് 

അവാര്‍ഡ് ദാനം സെപ്തം.28ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ബഹ്‌റൈനില്‍ നിര്‍വ്വഹിക്കും

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

മനാമ: കേരളത്തില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുകയും ദുരിതാശ്വാസ ക്യാംപുകളില്‍ നേരിട്ടെത്തി സാന്ത്വനം പകരുകയും ചെയ്ത ബഹ്‌റൈനി വനിത ഫാത്തിമാ അല്‍ മന്‍സൂരിയെ ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാന്‍ ബഹ്‌റൈന്‍) എന്ന പ്രവാസി സംഘടനയുടെ ഈ വര്‍ഷത്തെ  ‘ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ഫാത്തിമ അല്‍ മന്‍സൂരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സല്‍മാനിയയിലെ മര്‍മാരിസ് ഹാളില്‍ സെപ്റ്റംബര്‍ 28ന് നടക്കുന്ന പരിപാടിയില്‍, സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് അവാര്‍ഡ് സമ്മാനിക്കുകയെന്നും പാന്‍ ബഹ്‌റൈന്‍ ഭാരവാഹികളായ പ്രസിഡന്റ് പൗലോസ് പള്ളിപ്പാടന്‍, സെക്രട്ടറി ഡേവിസ് ഗര്‍വാസീസ് എന്നിവര്‍ അറിയിച്ചു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകയും യോഗ തെറാപ്പിസ്റ്റു കൂടിയായ ഫാത്തിമ അല്‍ മന്‍സൂരി പ്രളയ സമയത്ത് കേരളത്തിലെത്തിയിരുന്നു. വെള്ളപ്പൊക്കം രൂക്ഷമായപ്പോഴും സ്വയരക്ഷക്ക് ശ്രമിക്കാതെ പരമാവധി പേരെ രക്ഷപ്പെടുത്താനും രക്ഷപ്പെട്ടവരെ ക്യാംപുകളിലെത്തി ആശ്വസിപ്പിക്കാനുമായിരുന്നു ഫാത്തിമ ശ്രമിച്ചത്. അവരുടെ പ്രശംസാര്‍ഹമായ ഈ സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഈ വര്‍ഷത്തെ അവാര്‍ഡ് അവര്‍ക്ക് നല്‍കുന്നതെന്ന് പാന്‍ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് വ്യക്തമാക്കി.

സാമൂഹിക സേവനസന്നദ്ധജീവകാരുണ്യ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ഷംതോറും നല്‍കിവരുന്ന ആദരവാണ് പാന്‍ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍  അവാര്‍ഡെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.

പാന്‍ ബഹ്‌റൈന്‍ ഈ വര്‍ഷത്തെ മുഴുവന്‍ ഓണാഘോഷപരിപാടികളും റദ്ദാക്കി പ്രളയബാധിതര്‍ക്കായി ഓരോ കിറ്റിനും 2000 രൂപ വിലമതിക്കുന്ന 400 ഫഌ് റിലീഫ് കിറ്റുകള്‍ അങ്കമാലി പ്രദേശത്ത് വിതരണം ചെയ്തിരുന്നതായി ജനറല്‍ കണ്‍വീനര്‍ സിന്റൊ ആന്റണി വിശദീകരിച്ചു.
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.