2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പ്രളയം തളര്‍ത്തിയ കേരളത്തിന് കൈതാങ്ങുമായി ഗള്‍ഫ് ഭരണാധികാരികളും

ജിദ്ദ: സംസ്ഥാനം അകപ്പെട്ട മഹാപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും സംസ്ഥാനത്തിനും സഹായം വാഗ്ദാനം ചെയ്ത് ഗള്‍ഫ് ഭരണാധികാരികളും.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്, കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഓമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്, സഊദിയിലെ വിവിധ ഭരണ തലവന്മാര്‍ തുടങ്ങിയവര്‍ ആണ് രംഗത്തുവന്നത്.

ശൈഖ് മുഹമ്മദ് ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള നാലു ട്വീറ്റുകളിലൂടെയാണ് കേരളത്തിന് പിന്തുണയുമായി വന്നത്.

‘സഹോദരീ സഹോദരന്‍മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്.

ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ശൈഖ് ഖലീഫ ബിന്‍ സായിദ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശി അബുദാബി, ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ യു.എ.ഇ സായുധ സേന,യു എ ഇയിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസികള്‍ തുടങ്ങിയവരുടെയെല്ലാം സഹായം കമ്മിറ്റിയില്‍ ഉണ്ടാകും.

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യുഎഇയുടെ വിജയത്തിനായി കേരള ജനത എക്കാലവും കൂടെ ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തിലെന്നും അദ്ദേഹം തന്റെ ട്വിറ്ററില്‍ പറഞ്ഞു.

പ്രളയത്തിന്റെ ഭീകരമായ പ്രത്യാഘാതത്തെ അതിജീവിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് രാഷ്ട്രപതി റാം കോവിന്ദിനാണ് സന്ദേശമയച്ചിരിന്നത്.
ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി അദ്ദേഹം അനുശോചിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് എന്നിവരും രാഷ്ട്രപതിക്ക് സന്ദേശം അയച്ചു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മസ്‌ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചാര്‍ട്ടേഡ് വിമാനം വഴി വെള്ളം ബ്രെഡ് തുടങ്ങിയ ആഹാര സാധനകളാണ് എത്തിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഊദി, കുവൈത്ത്, ഖത്തര്‍,യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി നല്ല മനസ്സുകള്‍ സഹായം എത്തിക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.