2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകളും മല്‍സരത്തിന്; അമിത്ഷായ്‌ക്കെതിരെ ഫിറോസ് ഖാനും, സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം വോട്ട് പിളര്‍ത്താനെന്നും ആരോപണം

 

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും നിഷ്ടൂരസംഭവമായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കലയുടെ ഇരകളും മല്‍സരത്തിന്. കൂട്ടക്കൊലയില്‍ ഉമ്മയെയും സഹോദരങ്ങളെയും അവരുടെ ഭാര്യമാരെയും മക്കളെയും ഉള്‍പ്പെടെ പത്തുകുടുംബാംഗങ്ങളെ നഷ്ടമായ ഫിറോസ് ഖാന്‍ പത്താന്‍ (45), ഇംതിയാസ് ഖാന്‍ പത്താന്‍ (42) എന്നീ സഹോദരങ്ങളാണ് മല്‍സരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മണ്ഡലമായ ഗാന്ധിനഗറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ഫിറോസ് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. താരതമ്യേന ദുര്‍ബലമായ അപ്‌നാ ദേശ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഖേദയിലാണ് ഇംതിയാസ് ജനവിധി തേടുന്നത്. ഈ മാസം 23നാണ് ഗാന്ധിനഗറിലും ഖേദയിലും വോട്ടെടുപ്പ് നടക്കുന്നത്.

ഞാനിവിടെ മുസ്‌ലിം സമുദായത്തിനു വേണ്ടിയാണ് മല്‍സരിക്കുന്നത്. ഇവിടെ മുസ്‌ലിംകള്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും മുസ്‌ലിംകളെ വോട്ടിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ മുസ്‌ലിം പ്രദേശങ്ങളില്‍ വികസനം എത്തിയിട്ടേയില്ല. ഈമേഖലകളില്‍ കുടിവെള്ളമോ തെരുവുവിളക്കോയില്ല. ഈ വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ട്- ഫിറോസ് ഖാന്‍ പറഞ്ഞു.

 

 

അമിത്ഷാ പ്രതിയായ വ്യാജഏറ്റുമുട്ടലുകള്‍ സംബന്ധിച്ചും 2002ലെ കലാപകാലത്ത് എന്താണ് സംഭവിച്ചതെന്നും പ്രചാരണത്തില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ദലിത്, താക്കൂര്‍, റബറീസ്, ബര്‍വാദ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പിന്തുണയും തനിക്കുണ്ടെന്നും ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ വീടുവീടാന്തരം കയറിയിറങ്ങിയാവും പ്രചാരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. കൂട്ടക്കാലയെത്തുടര്‍ന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയ കലാപത്തിന്റെ ഇരകള്‍ ഇപ്പോള്‍ താമസിക്കുന്ന ജുഹൂപുരയില്‍ തകന്നെയാണ് ഫിറോസും ഇംതിയാസും കഴിയുന്നത്.

ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ളവരുടെ സ്മരണയ്ക്കായി മ്യൂസിയം നിര്‍മിക്കാനായി പിരിച്ചെടുത്ത പണം വകമാറ്റിചെലവഴിച്ചെന്ന ആരോപണത്തില്‍ വിചാരണനേരിടുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റാ സെത്തല്‍വാദിനെതിരെ പരാതി നല്‍കിയയാളാണ് ഫിറോസ്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ ന്യൂനപക്ഷവോട്ട് പിളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണെന്നും ആരോപണമുണ്ട്. മ്യൂസിയത്തിനായി സ്വരൂപിച്ച പണത്തില്‍ നിന്ന് ഒന്നരകോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന ഫിറോസിന്റെതുള്‍പ്പെടെയുള്ള പരാതിയില്‍ ടീസ്റ്റക്കും ജാവേദ് ആനന്ദിനും എതിരേ അഹമ്മദാബാദ് പൊലിസ് കേസെടുത്തിരുന്നു. ഈ കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

ഗാന്ധിനഗറില്‍ 19 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ ഒരുലക്ഷത്തിലേറെ മുസലിംവോട്ടുകളുണ്ട്. തന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ്സിനു ലഭിക്കുന്ന മുസ്‌ലിം വോട്ടുകള്‍ പിളര്‍ത്തുകയല്ലേ എന്ന ചോദ്യത്തിന് ഫിറോസിന്റെ മറുപടിയിങ്ങനെ: തീര്‍ച്ചയായും കോണ്‍ഗ്രസ്സിന് വോട്ട് കുറയും. കോണ്‍ഗ്രസ് ഇതുവരെ മുസ്‌ലിം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. അതിനാല്‍ അവര്‍ക്ക് വോട്ട് കുറഞ്ഞതു കൊണ്ട് എന്താണ് ഉണ്ടാവാന്‍ പോവുന്നത്.?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.