2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ഗുജറാത്ത് കലാപം: ഓഡെ കൂട്ടക്കൊലക്കേസില്‍ 14 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

മൂന്നുപേരെ വെറുതെവിട്ടു

 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഓഡെ കൂട്ടക്കൊലക്കേസില്‍ 14 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. മൂന്നുപേരെ വെറുതെവിടുകയുംചെയ്തു. വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ അഖില്‍ ഖുറേശിയും ബി.എന്‍ കരിയയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ദിലീപ് പട്ടേല്‍, ലാല്‍ജി പട്ടേല്‍, നാഥുഭായ് പട്ടേല്‍ എന്നിവരെയാണ് വെറുതെവിട്ടത്. വിചാരണക്കോടതി ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിച്ച അഞ്ചുപേരുടെ ശിക്ഷയും ശരിവച്ച ഡിവിഷന്‍ ബെഞ്ച്, വിചാരണാവേളയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇവരെ മോചിപ്പിക്കാനും ഉത്തരവിട്ടു.

2002 മാര്‍ച്ച് ഒന്നിന് അഹമദാബാദില്‍ നിന്ന് 70 കി.മീ അകലെ ആനന്ദ് ജില്ലയിലെ ഒഡെ ഗ്രാമത്തില്‍ കെട്ടിടത്തില്‍ അഭയം തേടിയ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 മുസ്‌ലിംകളെ കൂട്ടക്കൊലചെയ്ത് അഗ്നിക്കിരയാക്കിയെന്നാണ് പ്രോസികൂഷന്‍ കേസ്. കേസില്‍ ആകെ 47 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 23 പേരെ തെളിവുകളുടെ അഭാവത്തില്‍ വിചാരണകോടതി വെറുതെവിട്ടു. വിചാരണസമയത്ത് ഹരീഷ് പട്ടേല്‍ എന്ന പ്രതി മരിച്ചതിനാല്‍ ഇയാള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ജാമ്യത്തിലിറങ്ങിയ രണ്ടുപേര്‍ വിദേശത്തേക്കും കടന്നു. ഇവര്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ബാക്കിവരുന്ന 23ല്‍ 18 പേര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തവും അഞ്ചുപേര്‍ക്കു ഏഴുവര്‍ഷത്തെ തടവും വിധിച്ചു. പ്രതികള്‍ മുഴുവനും പട്ടേല്‍ സമുദായത്തില്‍പ്പെട്ടവരാണ്.

തങ്ങള്‍ക്കെതിരായ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികളും ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസികൂഷനും ഇരകളുടെ ബന്ധുക്കളും സമര്‍പ്പിച്ച ഹരജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹരജിയില്‍ കഴിഞ്ഞമാസം 23നു വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷവര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടും 23 പേരെ വെറുതെവിട്ട നടപടി ചോദ്യംചെയ്തും സമര്‍പ്പിച്ച ഹരജികളെല്ലാം ഡിവിഷന്‍ ബെഞ്ച് തള്ളി. പ്രതികള്‍ക്കെതിരായ കൊലപാതകക്കുറ്റം തെളിഞ്ഞതിനാല്‍ എല്ലാവര്‍ക്കും വധശിക്ഷ തന്നെ വേണമെന്നായിരുന്നു സി.ബി.ഐ മുന്‍ മേധാവി ആര്‍.കെ രാഘവന്‍ നേതൃത്വം നല്‍കിയിരുന്ന എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നത്. വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിച്ച ഒമ്പതു കേസുകളില്‍ ഒന്നാണിത്. ഈ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസാണിത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.