2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഗുജറാത്തിലെ മോദി കാലത്തെ വ്യാജ ഏറ്റുമുട്ടലുകള്‍: പൊലിസ് വാദം പൊളിച്ചടുക്കി ജസ്റ്റിസ് ബേദി കമ്മിറ്റി

  • 17 ല്‍ മൂന്നെണ്ണം വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്നാണ് കണ്ടെത്തല്‍

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു നടന്ന മൂന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പൊലിസിന്റെ വാദം പൊളിച്ചടുക്കി ജസ്റ്റിസ് എച്ച്.എസ് ബേദിയുടെ അന്തിമ റിപ്പോര്‍ട്ട്. 22 കേസുകളാണ് സമിതിയോട് അന്വേഷിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചതെങ്കിലും ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖ്, സുഹ്‌റബുദ്ദീന്‍ ശൈഖ്, തുള്‍സിറാം പ്രജാപതി എന്നിവര്‍ കൊല്ലപ്പെട്ട അഞ്ചു കേസുകള്‍ ഇതിനകം വിവിധ കോടതികളിലുള്ളതിനാല്‍ സമിതി ഇവ ഒഴിവാക്കി. ബാക്കിവരുന്ന 17 കേസുകളാണ് സമിതി അന്വേഷിച്ചത്. ഇതില്‍ ഹാജി ഇസ്മാഈല്‍, സമീര്‍ ഖാന്‍ പത്താന്‍, ഖാസിം ജാഫര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകളാണെന്ന് ബേദി വ്യക്തമാക്കി.

ഹാജി ഇസ്മാഈല്‍

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയെന്ന് പൊലിസ് പറയുന്ന ഹാജി ഇസ്മാഈലി(55)നെ 2005 ഒക്ടോബറിലെ പുലര്‍ച്ചെയാണ് വല്‍സദില്‍ വെടിവച്ചുകൊന്നത്. വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നു ഹാജി പുറത്തേക്കു വെടിവച്ചപ്പോള്‍ തിരിച്ചുവെടിയുതിര്‍ത്തപ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പൊലിസ് ഭാഷ്യം. കൊല്ലപ്പെട്ടു കിടക്കുന്ന ഹാജിയില്‍ നിന്ന് വിദേശനിര്‍മിത തോക്കുകള്‍ കണ്ടെടുത്തെന്ന് പൊലിസ് പറഞ്ഞിരുന്നു. ഈ തോക്കുകള്‍ കൊണ്ട് അഞ്ചുറൗണ്ട് വെടിവച്ചെന്നും പൊലിസ് ഭാഷ്യമുണ്ട്.

എന്നാല്‍ പൊലിസില്‍ ആര്‍ക്കും വെടികൊള്ളാതിരുന്നതും പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണമില്ലാതിരുന്നതും ഒരു അധോലോക നേതാവ് എന്തിനാണ് തനിച്ച് വല്‍സദില്‍ എത്തിയതെന്നുമുള്ള ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഗുജറാത്തില്‍ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഈ ‘ഏറ്റുമുട്ടല്‍’.

ഹാജിയുടെ ശരീരത്തില്‍ തറച്ച ബുള്ളറ്റുകള്‍ രണ്ടടി മാത്രം അടുത്തുനിന്നുള്ളതാണ്. കൈകളില്‍ നടത്തിയ പരിശോധനയില്‍ ആയുധം പിടിച്ചിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതുരണ്ടും ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നതിനു തെളിവാണ്. പിടികിട്ടാപുള്ളിയാണ് ഹാജിയെന്നത് മതിയായ രേഖകളില്ലെന്നും ബേദി കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഖാസിം ജാഫര്‍

2006 ഏപ്രിലിലാണ് മുംബൈ സ്വദേശിയായ ഖാസിം ജാഫറിനെ ഗുജറാത്ത് പൊലിസ് കൊലപ്പെടുത്തിയത്. തീര്‍ത്ഥാടനത്തിനായി പോവുന്നതിനിടെ അഹമ്മദാബാദ് ഹോട്ടലില്‍ കഴിയുമ്പോഴാണ് സഹയാത്രക്കാരായ 16 പേര്‍ക്കൊപ്പം ഖാസിം പിടിയിലായത്. കസ്റ്റഡിയിലെടുത്ത ശേഷം ഖാസിമിനെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചതിന് സഹതടവുകാര്‍ സാക്ഷിയാണ്. എന്നാല്‍, ഏഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തവിധം അവശനായ ഖാസിം തടവുചാടിയെന്നുള്ള കഥയാണ് പൊലിസ് പറഞ്ഞത്.

‘തടവ് ചാടി’യതിന്റെ അടുത്ത ദിവസം അഹമ്മദാബാദിന്റെ പ്രാന്തപ്രദേശമായ ഷാഹിബോഗില്‍ അജ്ഞാതശരീരം കണ്ടെത്തി. ‘തടവ് ചാടി’യ ഖാസിം അപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ക്രൂരമായി മര്‍ദനമേറ്റപാടുള്ള ഖാസിമിന്റെ തലയില്‍ വെടിയുണ്ട തുളച്ചുകയറിയതിന്റെ അടയാളവുമുണ്ടായിരുന്നു.

ഖാസിം തടവ് ചാടിയത് കൂടെയുണ്ടായിരുന്ന 16 പേരും അറിയാതിരുന്നതും കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്കു മേല്‍ പൊലിസ് സമ്മര്‍ദ്ധം ചെലുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളും ബേദിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഖാസിമിനോട് മുന്‍വൈരാഗ്യമുള്ള പൊലിസ് ഓഫിസര്‍ ജെ.എം ഭര്‍വാദ് ആണ് കൊലപാതകത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി ഭാര്യ മറിയും ഖാസിം സുപ്രിംകോടതിവരെ പോയെങ്കിലും നീതിലഭിച്ചിരുന്നില്ല.

സമീര്‍ ഖാന്‍ പത്താന്‍

2002 ഒക്ടോബര്‍ 22നാണ് സമീര്‍ ഖാന്‍ പത്താന്‍ കൊല്ലപ്പെട്ടത്. പൊലിസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവില്‍ കഴിയവെയാണ് സമീര്‍ കൊല്ലപ്പെടുന്നത്. അര്‍ധരാത്രി പൊലിസ് വാഹനത്തില്‍ കൈയാമം വച്ചുകൊണ്ടുപോവുന്നതിനിടെ കൂടെയുള്ള പൊലിസിന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലിലാണ് സമീര്‍ കൊല്ലപ്പെട്ടതെന്നാണ് ഔധ്യോഗികപൊലിസ് ഭാഷ്യം.

ഈ ‘ഏറ്റുമുട്ടലി’ലും ഒരു പൊലിസുകാരനും പരിക്കുണ്ടായില്ല. എട്ടു പൊലിസ് ഉദ്യോഗസ്ഥരുടെ കൂടെ യാത്ര ചെയ്യുന്ന, കൈയാമം വച്ച പ്രതി എങ്ങിനെ പൊലിസില്‍ നിന്നു തോക്കു വാങ്ങുമെന്നും വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നുമുള്ള ചോദ്യങ്ങള്‍ സമീറിന്റെ കാര്യത്തിലും ഉയര്‍ന്നിരുന്നു. നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ജയ്‌ശേ മുഹമ്മദ് തീവ്രവാദിയാണ് സമീറെന്നും പൊലിസ് ആരോപിച്ചിരുന്നു.

റിക്ഷാ തൊഴിലാളിയുടെ മകനായ സമീര്‍ഖാന്‍, വ്യാജപാസ്‌പോര്‍ട്ടില്‍ പാകിസ്താനില്‍ പോയി ജൈശേ മുഹമ്മദ് എന്ന ഭീകരസംഘടനയില്‍ അംഗമായ ശേഷം നരേന്ദ്രമോദിയെ കൊലപ്പെടുത്താനായി ഗുജറാത്തിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന വാദം സുപ്രിംകോടതിവരെ വിശ്വസിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ബേദി പറഞ്ഞു. ഈ കേസില്‍ 15 പൊലിസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടതിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സമീര്‍ പാകിസ്താനില്‍ പോയെന്ന വാദവും തെറ്റാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമീറിന്റെ തലയിലേറ്റ ബുള്ളറ്റ്, ഇരിക്കുന്ന ആളെ മുകളില്‍ നിന്നു വെടിവച്ചതു പോലുണ്ട്. അതൊരു ഏറ്റുമുട്ടലിനിടെ വെടിയേറ്റതാവാന്‍ സാധ്യതയില്ല. ഈ കേസില്‍ ഇന്‍സ്‌പെക്ടര്‍ കെ.എം വഗേലയും ഇന്‍സ്‌പെക്ടര്‍ തരുണ്‍ ബാരറ്റും കൊലക്കുറ്റത്തിനും വിചാരണചെയ്യപ്പെടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തു. സുഹ്‌റബുദ്ദീന്‍, പ്രജാപതി, ഇശ്‌റത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട ഓഫിസറാണ് ബാരറ്റ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.