2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

Editorial

ആത്മാവ് നഷ്ടപ്പെടുത്തി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടെന്തു കാര്യം


ഭരണത്തിലെ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ക്ക് ഇന്നലെ കോഴിക്കോട് ബീച്ചില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് ജില്ലകള്‍ തോറും വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ഒമ്പതര കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടുന്നതെങ്കിലും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷങ്ങള്‍ക്കു സമാപനം കുറിക്കുമ്പോള്‍ ചെലവു വര്‍ധിച്ചേക്കാം.
പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതും നടപ്പാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതു ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. ദേശീയപാതാ വികസനം, മലയോര പാത, തീരദേശപാത, ഗെയില്‍ പൈപ്പ് ലൈന്‍, എന്‍.എല്‍.ജി ടെര്‍മിനല്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, നാഷനല്‍ വാട്ടര്‍വേ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇവയില്‍ പലതും പൂര്‍ത്തിയാക്കിയിട്ടില്ല. പലതും പാതിവഴിയിലാണ്താനും. ലൈഫ് മിഷന്‍ പോലുള്ള പദ്ധതി പാളിപ്പോവുകയും ചെയ്തു. അതുപോലെ ആര്‍ദ്രം, ഹരിതകേരളം തുടങ്ങിയവ വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ അതൊരു നേട്ടമായി അവകാശപ്പെടാനാവൂ.
രണ്ടു വര്‍ഷംകൊണ്ട് മൂന്നേകാല്‍ ലക്ഷം കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതായി ചേര്‍ക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. പൊതുവിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ പോയ്‌ക്കൊണ്ടിരുന്ന പ്രവണതയ്ക്ക് ഇതുവഴി ഏറെക്കുറെ അറുതി വരുത്താനായിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് മുറികളുടെ സജ്ജീകരണംവഴി കുട്ടികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

എന്നാല്‍ കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയെ ലാഭകരമായി നടത്തികൊണ്ടുപോകാന്‍ പറ്റുംവിധത്തിലുള്ള പദ്ധതികളൊന്നും ഇപ്പോഴും ആസൂത്രണം ചെയ്തിട്ടില്ല. വിപണന മേഖലകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ വ്യവസായങ്ങളെ നിലനിര്‍ത്തേണ്ടതുണ്ട്. ഒരു ലക്ഷത്തോളം പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയത് കൊട്ടിഘോഷിക്കാനാവില്ല. ലക്ഷകണക്കിനു യുവതീ യുവാക്കള്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ റാങ്ക് ലിസ്റ്റുകളില്‍നിന്ന് പുറന്തള്ളപ്പെട്ട് അലയുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കു നിയമനം ലഭിക്കാന്‍ കോടതിയില്‍ പോകേണ്ടിവന്നു. ഇത്തരമൊരവസ്ഥയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയത് വലിയ കാര്യമല്ല.

കഴിഞ്ഞ വര്‍ഷം പദ്ധതി നിര്‍വഹണത്തിനു നീക്കിവെച്ച തുകയുടെ 90 ശതമാനവും ചെലവാക്കാന്‍ കഴിഞ്ഞത് നല്ലകാര്യംതന്നെ. എന്നാല്‍ യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോള്‍ പൊതുകടം ഒരുലക്ഷം കോടിയായിരുന്നത് മൂന്നു വര്‍ഷംകൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നര ലക്ഷം കോടിയാക്കി ഉയര്‍ത്തിയത് നേട്ടമായി പറയാനാവുമോ? 80 ശതമാനം തൊഴില്‍ മേഖലകളിലും ഇടപെട്ട് സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കി എന്ന് പറയുന്നുണ്ടെങ്കിലും സ്വകാര്യ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പല സ്വകാര്യ സ്ഥാപനങ്ങളും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പഴയ നിരക്കിലുള്ള വേതനം തന്നെയാണ് നല്‍കുന്നത്. പുതുക്കി നിശ്ചയിച്ച വേതനം സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പെടുത്തിയില്ല. തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ പലരും പരാതി പറയുന്നുമില്ല. ചില നല്ലകാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ മൂന്നു വര്‍ഷംകൊണ്ട് ചെയ്തു തീര്‍ത്തെന്ന അവകാശവാദം അതിശയോക്തിയാണ്.

എല്ലാ ഗുണങ്ങളുടെയും ശോഭ കെടുത്തുന്നതായി ശബരിമലയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നയവും കാസര്‍കോട്ടെ പെരിയയില്‍ രണ്ടു യുവാക്കളെ വെട്ടിക്കൊന്നതും. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മില്‍നിന്നാണ് ഈ രണ്ടു പ്രവര്‍ത്തനങ്ങളും ഉണ്ടായത്. ആയിരം ഭരണദിനങ്ങളില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. അതില്‍ പതിനാറിലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എങ്ങനെ ക്രിമിനല്‍ മാഫിയാ സംഘമായി പരിണമിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമായി കേരളത്തില്‍ സി.പി.എം മാറിയിരിക്കുകയാണ്.
ആയിരം ദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഈ ചോരക്കറ കറുത്തപാടായി അവശേഷിക്കുന്നു. എന്നിട്ടും ക്രമസമാധാനപാലനത്തില്‍ കേരളമാണ് മുന്‍പന്തിയില്‍ എന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത് വിരോധാഭാസമാണ്. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സി.പി.എം പ്രവര്‍ത്തകരെ ആദ്യം തള്ളിപ്പറയുകയും പിന്നെ പുറത്താക്കുകയും ചെയ്യുന്ന രീതിയാണ് സി.പി.എമ്മിന്റേത്. പെരിയയിലെ കൊലപാതകത്തിനു നേതൃത്വം നല്‍കിയ പീതാംബരന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പാര്‍ട്ടി പീതാംബരനെ തള്ളിപ്പറഞ്ഞെങ്കിലും പീതാംബരന്റെ കുടുംബം തറപ്പിച്ചുപറയുന്നത് പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല്ലുകയില്ലെന്നാണ്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരമറിയുന്ന ആരുംതന്നെ ഇത്തരം കൊലപാതകങ്ങള്‍ക്കു മുതിരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ സംഗത്യത്തെയാണ് പീതാംബരന്റെ കുടുംബം തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു കൊല പാര്‍ട്ടി ചെയ്യില്ല എന്നായിരിക്കാം മുഖ്യമന്ത്രി ഉദ്ദേശിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്ന് പീതാംബരന്റെ കുടുംബം പറയുന്നു.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആത്മാവ് കുടികൊള്ളുന്നത് അതു നിര്‍വഹിക്കുന്ന ആത്മാര്‍ഥത പ്രവര്‍ത്തനങ്ങളിലാണ്. അതായിരിക്കണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിത്യചൈതന്യവും. ആത്മാവ് നഷ്ടപ്പെടുത്തി ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടെന്തു കാര്യം?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.