2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

കൈയേറ്റ ഭൂമി ഒഴിപ്പിക്കാത്തതെന്ത്?


 

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയും കണ്ണന്‍ദേവന്‍ കമ്പനിയും കൈയേറിയ ഏക്കറുകളോളം ഭൂമി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരുമായുള്ള കേസുകളില്‍ നിരന്തരം സര്‍ക്കാര്‍ തോറ്റുകൊടുക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനോ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മുല്ലപ്പെരിയാര്‍ ഡാം പോലുള്ള അണക്കെട്ടുകള്‍ പൊളിച്ചുമാറ്റുവാനോ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ കുറവോ അതല്ല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നതിനാലാണോ ഇങ്ങിനെ സംഭവിക്കുന്നതെന്ന് അന്വേഷിച്ചറിയേണ്ട വസ്തുതകളാണ്.
ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള റവന്യൂ ഭൂമി തിരികെപിടിക്കുന്നതിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉദാസീനത ഇപ്പോഴും തുടരുകയാണ്. ഹാരിസണുമായുള്ള തര്‍ക്കഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്ന് സ്ഥാപിക്കുവാന്‍ സിവില്‍കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെന്ന നിര്‍ദേശം ഇതുവരെ ഉദ്യോഗസ്ഥര്‍ പാലിച്ചിട്ടില്ല. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ജൂണ്‍ ആറിനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
വിദേശ കമ്പനികളുടെ കൈവശമുള്ള തോട്ടഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കോടതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാനും കേസിന്റെ നടത്തിപ്പിനെപറ്റി ആലോചിക്കുവാനും റവന്യൂമന്ത്രി രണ്ടുതവണ യോഗം വിളിച്ചിട്ടും ഓരോരോ മുട്ടാപ്പോക്ക് കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അതെല്ലാം മാറ്റിവയ്പ്പിക്കുകയായിരുന്നു. ഭൂമി തിരികെപിടിക്കുന്നത് സംബന്ധിച്ചുള്ള കേസിന്റെ നടപടികള്‍ എത്രത്തോളമായിയെന്നും ഭൂമിക്ക് വേണ്ടി കേസ് നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധിതവണ കലക്ടര്‍മാര്‍ക്ക് കത്തെഴുതിയെങ്കിലും ഒരിടത്തും കലക്ടര്‍മാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടില്ല. റവന്യൂ വകുപ്പില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന ആവശ്യത്തിന്മേല്‍ കലക്ടര്‍മാര്‍ കടുംപിടിത്തം പിടിക്കുന്നതിനാലായിരിക്കണം അവരൊന്നും കേസ് കൊടുക്കാതിരിക്കുന്നത്.
75,000 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ കമ്പനിയുടെ മാത്രം കൈവശമുണ്ടെന്നാണ് ഐ.ജി ശ്രീജിത്ത് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇത് തിരിച്ചുപിടിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു എം.ജി രാജമാണിക്യം റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ പ്രത്യേക നിയമനിര്‍മാണം നടത്താതെതന്നെ ഈ ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാവുന്നതേയുള്ളൂ. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ നിരവധി പ്രദേശങ്ങള്‍ വിദേശികളുടെ കൈയിലാണ് ഇപ്പോഴും ഉള്ളതെന്ന് പറയുന്നത് ലജ്ജാവഹമാണ്. ഒരുസര്‍ക്കാരിനും ഭൂഷണമല്ല ഈ അവസ്ഥ. വിദേശി ഒഴിഞ്ഞുപോയെന്ന് നാം വീമ്പ് പറയുമ്പോഴും നമ്മുടെ ഭൂമിയുടെ ഏറിയപങ്കും ഇപ്പോഴും അവരുടെ കൈകളിലാണ്. വിദേശികള്‍ക്ക് ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കാനോ സ്ഥിരപ്പെടുത്താനോ അനുവാദമില്ലെന്നിരിക്കെയാണ് ഹാരിസണ്‍ മലയാളം കമ്പനി അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ച് പോരുന്നത്.
ഹാരിസണ്‍ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ കരം സ്വീകരിക്കുമ്പോള്‍ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഫയല്‍ ചെയ്യുന്ന സിവില്‍ കേസിലെ വിധിക്ക് വിധേയമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാരില്‍നിന്നും ഉണ്ടായിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.
സ്വാതന്ത്ര്യത്തിന് മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി ഭരണാധികാരികള്‍ വിദേശ കമ്പനികള്‍ക്കും പൗരന്മാര്‍ക്കും തദ്ദേശീയര്‍ക്കും കര്‍ശന വ്യവസ്ഥകളോടെ ഗ്രാന്റായും പാട്ടമായും നല്‍കിയ ഭൂമിയാണ് ഇപ്പോഴും തിരികെപിടിക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍ ഉഴറുന്നത്. ഭൂമിയില്‍ ഉടമസ്ഥത സ്ഥാപിക്കാന്‍ കഴിയാത്ത ഹാരിസണ്‍ കമ്പനിയാകട്ടെ 1985, 2004, 2005 വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൃത്രിമ രേഖകളുണ്ടാക്കി വന്‍കിടക്കാര്‍ക്ക് വില്‍പന നടത്തി. ഇത് തടയുവാനും സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ റവന്യൂ സ്‌പെഷല്‍ ടീം ഹാരിസണ്‍ മലയാളം കമ്പനി നടത്തിയ നിരവധി കൃത്രിമങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കമ്പനി നല്‍കിയ രേഖകളിലാകട്ടെ ഉടമസ്ഥാവകാശം അവര്‍ക്കാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നുമില്ല. ഇതിനാല്‍ കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി പരന്ന് കിടക്കുന്ന 38,170 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാന്‍ സ്‌പെഷല്‍ ഓഫിസര്‍ എം.ജി രാജമാണിക്യം ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഇതിനെതിരേ ഹാരിസണ്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. അവിടെ കേസ് വാദിച്ച് ജയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ഫലമോ കേസില്‍ തോറ്റു. സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴും തോറ്റു. നമ്മുടെ ഭൂമി വിദേശി കൈയില്‍വച്ചത് പോലും പിടിച്ചെടുക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍ എന്തിനാണ് പിന്നെയൊരു ഭരണം.
കേരളത്തില്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയത് വന്‍തോതില്‍ ഭൂമി കൈവശം വച്ചവരില്‍നിന്നും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു 1960 കാലഘട്ടങ്ങളിലുണ്ടായ വിപ്ലവകരമായ ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമത്തിന്റെ പ്രയോജനം എത്രത്തോളം പാവപ്പെട്ട ജനങ്ങള്‍ക്ക് കിട്ടി എന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാലറിയാം കേരളത്തിലെ വലിയൊരു ഭാഗം ഭൂമി ഇപ്പോഴും വിദേശികളുടെ കൈയിലാണെന്നത്. സഖാക്കളെ ത്രസിപ്പിക്കുവാന്‍ സമ്മേളനങ്ങളില്‍ വിപ്ലവഗാനങ്ങള്‍ കേള്‍പ്പിച്ചാല്‍ പോരാ. അവര്‍ക്കൊരു കൂരവയ്ക്കാനുള്ള സ്ഥലമെങ്കിലും വാങ്ങിച്ചുകൊടുക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.