2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

വിവരാവകാശത്തിന് അന്ത്യമൊരുക്കുന്ന സര്‍ക്കാര്‍


 

 

കേന്ദ്രസര്‍ക്കാരിന് പിറകെ സംസ്ഥാന സര്‍ക്കാരും ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വിസ് കമ്മിഷനും വിവരാവകാശ നിയമത്തെ കുഴിച്ചുമൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തിന്റെയും പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ചും വിവരാവകാശ നിയമപ്രകാരം ചോദിച്ചതാണ് വിവരാവകാശ നിയമംതന്നെ ദുര്‍ബലപ്പെടുവാന്‍ കാരണമായത്. അഞ്ച് വര്‍ഷം കാലാവധി ഉണ്ടായിരുന്ന കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണറുടെ കാലാവധിയും ശമ്പളവും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും എന്നതുള്‍പ്പെടെയുള്ള ഭേദഗതിയാണ് കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ശമ്പളവും കാലാവധിയും വെട്ടിക്കുറക്കുമെന്ന ഭീതിയാല്‍ സത്യസന്ധരായ കമ്മിഷണര്‍മാര്‍പോലും സത്യമായ വിവരങ്ങള്‍ നല്‍കാന്‍ മടികാണിക്കുമെന്ന കണക്ക്കൂട്ടലിനെത്തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു ഉടക്ക് കൊണ്ടുവന്നത്.
2005ല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ വിപ്ലവകരമായ നടപടികളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിവരാവകാശ നിയമം. ഇടത് മുന്നണി സര്‍ക്കാര്‍ പുറത്ത്‌നിന്ന് പിന്തുണ നല്‍കിയതിനാലാണ് തൊഴിലുറപ്പ് പോലുള്ള, വിവരാവകാശ നിയമംപോലുള്ള വിപ്ലവകരമായ നിയമങ്ങള്‍ പാസാക്കാന്‍ കഴിഞ്ഞത്. പൗരന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന് 2005 ഒക്ടോബര്‍ 12ന് ലോക്‌സഭ പാസാക്കിയതാണ് വിവരാവകാശ നിയമം. ഭരണഘടനാപരമോ ലോക്‌സഭയുടെയോ നിയമസഭകളുടെയോ നിയമംവഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സര്‍ക്കാരില്‍നിന്നും എന്തെങ്കിലും തരത്തില്‍ സഹായം ലഭിക്കുന്ന സര്‍ക്കാര്‍ ഇതരസംഘടനകളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരും.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസും പി.എസ്.സിയും വിവരാവകാശ നിയമത്തെതന്നെ കുഴിച്ചുമൂടുന്ന നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നല്‍കിയ അപേക്ഷകള്‍ക്കെല്ലാം തര്‍ക്കുത്തരങ്ങളാണ് ലഭിച്ചത്. പല ചോദ്യങ്ങള്‍ക്കും മറ്റു വകുപ്പുകളില്‍പോയി അന്വേഷിക്കാനാണ് മറുപടി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫിസില്‍നിന്നും ഉത്തരങ്ങള്‍ ലഭ്യമാക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചെയ്യേണ്ടത്.
വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ എത്ര റിപ്പോര്‍ട്ടുകള്‍ ലഭിച്ചു, എന്ത് നടപടിയെടുത്തു എന്ന ചോദ്യത്തിന് കമ്മിഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസറോട് ചോദിക്കാനായിരുന്നു മറുപടി. ഡി.ജി.പിയെ നീക്കംചെയ്തതിന്റെ കാരണം ചോദിച്ചതിന് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു മറുപടി. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ. ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇവ്വിധം തര്‍ക്കുത്തരങ്ങള്‍ പറഞ്ഞത്.
മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര ചെലവായി, എന്തായിരുന്നു നേട്ടങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി. പൊതുഭരണ വകുപ്പിനോടും ഈ ചോദ്യം ചോദിച്ചപ്പോള്‍ അവരും കൈമലര്‍ത്തി. മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് സംബന്ധിച്ചും ഇതിനായി എത്ര ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും നാം മുന്നോട്ട് പരിപാടിയുടെ ചെലവിനെ സംബന്ധിച്ചും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട എത്രപേര്‍ക്ക് 10,000 രൂപ നല്‍കിയെന്നും തുടങ്ങി ഇരുപതിലധികം ചോദ്യങ്ങള്‍ ചോദിച്ചതിനൊന്നും വ്യക്തമായി മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല അവിടെ പോകൂ ഇവിടെ പോയി അന്വേഷിക്കൂ എന്ന മറുപടിയാണ് ലഭിച്ചത്.
ഇതുപോലെതന്നെയാണ് പി.എസ്.സിയും പെരുമാറുന്നത്. നടപടിക്രമങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കാരണം ഇപ്പോള്‍തന്നെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണ് പി.എസ്.സി. യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കില്‍ എത്തിയത് പി.എസ്.സിയുടെ അറിവോടെയല്ലാതെ സംഭവിക്കുകയില്ല എന്ന ധാരണ പൊതുസമൂഹത്തിനുണ്ട്. മൊബൈല്‍ ഫോണ്‍വഴി പരീക്ഷാഹാളിലേക്ക് ഉത്തരങ്ങള്‍ നല്‍കാന്‍വിധം ലാഘവത്വം നിറഞ്ഞതാണോ പി.എസ്.സി പരീക്ഷയെന്ന് ഹൈക്കോടതിക്കുതന്നെ ചോദിക്കേണ്ടിവന്നിട്ടുണ്ട്. അതിന് പുറമെയാണിപ്പോള്‍ ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ അട്ടിമറി നടത്തി എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്കുള്ളവരെ റാങ്ക് ലിസ്റ്റില്‍ മുമ്പിലെത്തിച്ചു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കുവാന്‍ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമെയാണിപ്പോള്‍ എച്ച്.എസ്.ടി (ഹൈസ്‌കൂള്‍ ടീച്ചര്‍) ഫിസിക്കല്‍ സയന്‍സ് യോഗ്യത സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാതെ പി.എസ്.സി ഉരുണ്ടുകളിക്കുന്നത്.
സബ്‌സിഡിയറി വിഷയങ്ങളുടെപേരില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് ഉദ്യോഗാര്‍ഥികളെ ഒഴിവാക്കാന്‍ പി.എസ്.സി കമ്മിഷന്‍ തീരുമാനിച്ചത് എത്രാംതിയതി ചേര്‍ന്ന മീറ്റിങ്ങിലാണ്, മീറ്റിങ്ങില്‍ എത്ര കമ്മിഷന്‍ അംഗങ്ങള്‍ പങ്കെടുത്തു, പ്രസ്തുത അംഗങ്ങളുടെ പേരുവിവരങ്ങള്‍, മീറ്റിങ് മിനുട്ട്‌സിന്റെ പകര്‍പ്പ് എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ക്കാണ് കൃത്യമായ മറുപടി നല്‍കാതെ പി.എസ്.സി ഒഴിഞ്ഞുമാറിയത്. ഇതിന് ന്യായീകരണമായി പി.എസ്.സി നിരത്തുന്നത് വ്യക്തിവിവരങ്ങള്‍ വിശ്വാസത്തിലധിഷ്ഠിതമായ വിവരങ്ങളാകയാല്‍ വിവരാവകാശ നിയമം 2005ലെ 8 (1) ഇ.ജി.ജെ വകുപ്പുകള്‍ പ്രകാരം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. തെറ്റാണ് ഈ വിശദീകരണം. പി.എസ്.സി എന്നത് ഭരണഘടനാ സ്ഥാപനമാണ്. അംഗങ്ങളാകട്ടെ ഭരണഘടനാപരമായി ചുമതല ഏറ്റെടുത്തവരും. അതിനാല്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളായിത്തീരുന്നില്ല ഇവ. ഉദ്യോഗാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്‌നം വ്യക്തിയധിഷ്ഠിതമായി കാണുന്നതെങ്ങനെയാണെന്ന് പി.എസ്.സി വ്യക്തമാക്കണം. കമ്മിഷന്‍ തീരുമാനങ്ങളും മിനുട്ട്‌സും പൊതുരേഖയാണ്. അത്‌കൊണ്ട് പൗരന് അത് അറിയാന്‍ നിയമപരമായി അവകാശമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അവരുടെ താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയായിരുന്നു വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമത്തെതന്നെ കൊന്ന് കുഴിച്ചുമൂടുന്ന നടപടികളാണ് തുടരുന്നത്. വിവരാവകാശനിയമ ഭേദഗതിയെ ജനാധിപത്യത്തിലെ കറുത്ത ഏടായാണ് ലോക്‌സഭയില്‍ വിശേഷിപ്പിക്കപ്പെട്ടതെങ്കില്‍ സംസ്ഥാന സര്‍ക്കാരും പി.എസ്.സിയും വിവരാവകാശ നിയമത്തെതന്നെ ഗളഹസ്തം ചെയ്തിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.