2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യൂനിവേഴ്സിറ്റി കോളജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും എസ്.എഫ്.ഐക്കും: കെ.എസ്.യു

 

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റെയും അഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. യൂനിവേഴ്സിറ്റി കോളജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ്.എഫ്.ഐക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. നിസാം എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഈ കേസിലെ പ്രതി. ഇയാള്‍ ഇതിനു മുമ്പും പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. പൊലിസിനെ നടുറോട്ടില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളം കണ്ടതാണ്. എന്നിട്ടു പോലും ആഭ്യന്തര വകുപ്പ് ഇടപെട്ട് ഇത് ഒതുക്കി തീര്‍ക്കുകയായിരുന്നു. അക്രമികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് കാംപസുകളിലേക്കും നടപ്പിലാക്കുന്നതിന് കിട്ടിയ തിരിച്ചടിയാണ് ഇന്നലെ നടന്ന സംഭവം.
അക്രമണങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാണ് കോളജിലെ പ്രിന്‍സിപ്പലടക്കം ചില അധ്യാപകരുടെ ഭാഗത്തു നിന്നുമുണ്ടായത്. വിദ്യാര്‍ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അഡ്മിഷന്റെ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്നും ആട്ടിയോടിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കലാലയങ്ങളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ കെ.എസ്.യു കാംപയിനുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.