2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം

 

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. നാലു ലക്ഷം രൂപ വീട് വയ്ക്കാനും ആറു ലക്ഷം രൂപ സ്ഥലം വാങ്ങാനുമാണ് നല്‍കുന്നത്.
ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിക്കുക. അര്‍ഹതപ്പെട്ടവരുടെ പട്ടിക അടിയന്തരമായി തയാറാക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സാമ്പത്തിക സഹായം കൈപ്പറ്റുന്നവരില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിലെത്താതെ മറ്റിടങ്ങളില്‍ അഭയം തേടിയിവര്‍ക്കും ധന സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും.
പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ അംഗീകൃത ദുരിതാശ്വാസ ക്യാംപിലുള്ളവരെയും ദുരന്തബാധിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രളയജലം പ്രവേശിച്ച വീടുകളില്‍ വസിച്ച കുടുംബങ്ങള്‍, പ്രകൃതിക്ഷോഭത്തില്‍ ഭാഗികമായോ പൂര്‍ണമായോ (15 ശതമാനം മുതല്‍ 100 ശതമാനം വരെ) തകര്‍ച്ച നേരിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍, പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് സര്‍ക്കാര്‍ അംഗീകൃത ക്യാംപുകളിലേക്ക് മാറിയ കുടുംബങ്ങള്‍ എന്നിവരെ ദുരന്തബാധിത കുടുംബമായി കണക്കാക്കും.
മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.