2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗോലാന്‍ കുന്നില്‍ അമേരിക്കയ്‌ക്കെതിരെ പുതിയനീക്കമെന്ന് സഊദി

ജിദ്ദ: ഗോലാന്‍ കുന്നില്‍ സഊദിയും ഇറാനും ഒന്നിച്ചു അമേരിക്കയ്‌ക്കെതിരെ അറബ് ലോകത്ത് പുതിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിചിത്രമായ നടപടിയാണ് വിവാദത്തിന് കാരണം. ഇസ്രായേല്‍ അനുകൂലമായി തര്‍ക്കമേഖലയില്‍ അമേരിക്കന്‍ പ്രസിഡന്റ് നിലപാടെടുക്കുകയായിരുന്നു. ഇതാകട്ടെ അമേരിക്ക പോലും പ്രതീക്ഷിത്താത്ത തരത്തിലുള്ള പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്.

അറബ് ലോകത്തെ ബദ്ധവൈരികളായ സഊദിയും ഇറാനും ഒരുപോലെ അമേരിക്കക്കെതിരെ രംഗത്തുവരാനും ഇത് കാരണമായി. അറബ് ലോകത്തെ എല്ലാ രാജ്യങ്ങളും ഇതിനിടെ തന്നെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

സമാധാനം പുനസ്ഥാപിക്കാന്‍ തിടുക്കത്തില്‍ നടപടി സ്വീകരിക്കണമെന്ന് സഊദിയും യു.എ.ഇയും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യു.എന്‍ നിയമങ്ങളുടെ ലംഘനമാണിതെന്നും സഊദി അറേബ്യ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. നൂറ്റാണ്ടില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ചെയ്തതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി. ഒരുരാജ്യത്തിന്റെ ഭൂമി മറ്റൊരു രാജ്യത്തിന് നല്‍കാന്‍ അമേരിക്കക്ക് എന്താണ് അവകാശമെന്ന് ഹസന്‍ റൂഹാനി ചോദിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ കണ്‍വന്‍ഷനുകളുടെയും ലംഘനമാണ് നടന്നിരിക്കുന്നതെന്നും റൂഹാനി പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് വിവാദമായ പ്രഖ്യാപനം ഉണ്ടായത്.
പശ്ചിമേഷ്യയിലെ സിറിയന്‍ ഭൂപ്രദേശമാണ് പലസ്തീനോട് ചേര്‍ന്ന ഗോലാന്‍ കുന്നുകള്‍. ഈ മേഖല വര്‍ഷങ്ങളായി തര്‍ക്ക പ്രദേശമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ഗോലാന്‍ കുന്നുകള്‍ ഇസ്രായേലിന്റേതായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തി.

അമേരിക്ക പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമുള്ള പ്രതിഷേധത്തിനാണ് നടപടി കാരണമായത്. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സഖ്യകക്ഷികളെല്ലാം അമേരിക്കക്കെതിരെ രംഗത്തുവന്നു.

പലസ്തീന്‍, സിറിയ, ഇസ്രായേല്‍ അതിര്‍ത്തിയിലെ ഭൂപ്രദേശമാണ് ഗോലാന്‍ കുന്നുകള്‍. തന്ത്രപ്രധാന മേഖലയാണിത്. 1981ലാണ് ഈ പ്രദേശം തങ്ങളുടേതാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. മേഖലയിലെ അറബ് രാജ്യങ്ങളുടെ കൈവശമായിരുന്നു അതുവരെ ഈ പ്രദേശം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.