2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അതേ…, ഇത് ദൈവത്തിന് പ്രിയപ്പെട്ടവരുടെ നാടുതന്നെ

എ. സജീവന്‍

കേരളം ഒരു മഹാദുരന്തത്തില്‍ നിന്നു മോചനം കിട്ടാതെ വിറങ്ങലിച്ചുനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍.., പതിനായിരക്കണക്കിനു മനുഷ്യരും ലക്ഷക്കണക്കിനു പക്ഷിമൃഗാദികളും ഭക്ഷണവും വെള്ളവുമില്ലാതെ പ്രളയപ്രവാഹത്തിനിടയിലെ ഇത്തിരി തുരുത്തുകളില്‍ പ്രാണനു കേണപേക്ഷിക്കുന്ന ഈ സമയത്ത്, പ്രതീക്ഷയെല്ലാം അട്ടിമറിക്കുംവിധം പേമാരി താണ്ഡവമാടുന്ന ഈ അവസരത്തില്‍ ‘ആശ്വാസ’മെന്ന വാക്കുപയോഗിക്കുന്നതു ശരിയല്ലെന്നറിയാം.

 

എങ്കിലും, ‘ആശ്വാസ’മെന്ന വാക്കല്ലാതെ മറ്റൊന്ന് ഇവിടെ പറയാനാവില്ല. കേരളം സമുദായഭ്രാന്തു ബാധിച്ച ചെകുത്താന്മാരുടെ കൂത്തരങ്ങാകുകയാണോയെന്നു മനുഷ്യസ്‌നേഹികള്‍ ആശങ്കപ്പെട്ടിരിക്കെയാണു പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നു കൈമെയ്മറന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ആശ്വാസകരമായ കാഴ്ചകളും വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നത്. അതെല്ലാം കാണുമ്പോള്‍ ആശ്വാസത്തോടെ ‘ഇതു ദൈവത്തിനു പ്രിയപ്പെട്ടവരുടെ നാടു തന്നെ’യെന്നു പറയാതിരിക്കാന്‍ വയ്യ.
ഉത്തരേന്ത്യയിലെപ്പോലെ സാമുദായികഭ്രാന്തിലേയ്ക്കു പതിച്ചുകൊണ്ടിരിക്കുകയാണെന്നു ഭയന്ന കേരളമല്ല ഈ ദുരന്തമുഖത്തുള്ളത്. സ്വന്തംജീവിതത്തിന് ആപത്തു സംഭവിക്കുമോയെന്നു ഭയക്കാതെ ആയിരക്കണക്കിനാളുകളാണു പ്രളയജലത്തിലേയ്ക്കു ജീവന്‍രക്ഷാ ദൗത്യവുമായി ഓടിയെത്തിയത്. രാവും പകലും നോക്കാതെ അവര്‍ രക്ഷാപ്രവര്‍ത്തന രംഗത്തു കഠിനാധ്വാനം ചെയ്തു. പ്രളയപ്രവാഹത്തിനിടയില്‍നിന്നു തങ്ങള്‍ രക്ഷിച്ചെടുക്കുന്നത് ഏതു ജാതിയിലും മതത്തിലും പെട്ടവരെയാണെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല. അവരുടെ മനസ്സുകളില്‍ ദൈവത്തിനു പ്രിയപ്പെട്ട വികാരമായ കാരുണ്യം മാത്രമാണു നിറഞ്ഞുനില്‍ക്കുന്നത്.

കൊടുംപ്രളയം ബാധിച്ച സ്ഥലങ്ങളില്‍നിന്നുള്ള ചാനല്‍ ദൃശ്യങ്ങള്‍ കാണുമ്പോള്‍, സത്യം പറയട്ടെ, വെള്ളപ്പൊക്ക ഭീകരതയുണര്‍ത്തുന്ന ആശങ്കയേക്കാള്‍ ഹൃദയത്തിലെത്തുന്നതു ദുരിതാശ്വാസരംഗത്തുള്ളവരുടെ കാരുണ്യപ്രവര്‍ത്തനം നല്‍കുന്ന ആശ്വാസമാണ്. കോരിച്ചൊരിയുന്ന മഴയില്‍ ആകെ ന നഞ്ഞ്, കുത്തൊഴുക്കില്‍ ഒലിച്ചുപോകാതിരിക്കാന്‍ വടം പിടിച്ച്, തണുത്തുവിറയ്ക്കുന്നതു ഗൗനിക്കാതെ അവര്‍ മണിക്കൂറുകളോളമാണു സേവനപ്രവര്‍ത്തനം നടത്തിയത്. കേരളം നേരിട്ട ഏറ്റവും ഭീകരമായ ഈ പ്രളയദുരന്ത മുഖത്തു പൊലിസും ഫയര്‍ഫോഴ്‌സും ദുരന്തനിവരാണസേനയും പട്ടാളവുമെല്ലാം സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അവരുടെ അക്ഷീണപ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുക തന്നെ വേണം. എങ്കിലും, അത് അവരുടെ ദൗത്യമാണല്ലോ.

അതിരില്ലാതെ പ്രകീര്‍ത്തിക്കേണ്ടതു ദുരന്തഭീതിയില്ലാതെ കഴിയാമായിരുന്ന വിദൂരദേശങ്ങളില്‍ നിന്നുപോലും ഉടുതുണിക്കു മറുതുണിയെടുക്കാന്‍ നില്‍ക്കാതെ ഈ പ്രളയപ്രവാഹത്തിലേയ്ക്കു രക്ഷാസന്നദ്ധതയുമായി കുതിച്ചെത്തിയ സാധാരണജനങ്ങളെയാണ്. ഈ രക്ഷാപ്രവര്‍ത്തനം അവരുടെ കടമയല്ല. അതിനവര്‍ക്കു പ്രതിഫലവും കിട്ടില്ല. വിശക്കുമ്പോള്‍ ഭക്ഷണമോ ദാഹിക്കുമ്പോള്‍ ശുദ്ധജലമോ കിട്ടണമെന്നില്ല, കുത്തൊഴുക്കിനിടയില്‍ അവരുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്നും വരാം. എന്നിട്ടും ആയിരക്കണക്കിനു യുവാക്കളും മധ്യവയസ്‌കരുമാണു സേവസന്നദ്ധരായി പ്രളയഭൂമിയിലേയ്ക്ക് ഒഴുകിയെത്തുന്നത്. ആരുടെയും പ്രേരണയില്ലാതെ, ആരുടെയും നിര്‍ദേശങ്ങളില്ലാതെ ഭക്ഷണവും വസ്ത്രവും മറ്റു സാധനസാമഗ്രികളും ശേഖരിച്ചു നല്‍കിയ നിരവധി സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസകേന്ദ്രങ്ങളിലേയ്ക്കു ലോഡ് കണക്കിനു ഭക്ഷണവും വെള്ളക്കുപ്പികളും വസ്ത്രങ്ങളും അവര്‍ എത്തിക്കുന്നു. കൈയിലുള്ള ചില്ലിക്കാശുമെടുത്തു നല്‍കിയവര്‍ നിരവധി. സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതു യുവാക്കളും യുവതികളും തന്നെ.

നമ്മുടെ യുവത്വത്തെക്കുറിച്ച് അഭിമാനം തോന്നേണ്ടതല്ലേ. ഇവിടെ ഏറെ അഭിനന്ദിക്കേണ്ടതു കേരളത്തിന്റെ തീരദേശങ്ങളില്‍ നിന്നു വള്ളവും ചെറുതോണികളുമായി എത്തിയ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെയാണ്. കേരളതീരത്തെ ഉടനീളം അതിഭീകര ദുരന്തതീരമാക്കിയ ഓഖി സംഭവിച്ചിട്ട് അധികകാലമായില്ലല്ലോ. അന്നു കടല്‍ത്തിരകള്‍ നക്കിത്തുടച്ചത് എത്രയെത്ര ജീവിതങ്ങളാണ്. അതെല്ലാം കടലിന്റെ മക്കളായിരുന്നു. അവരെ രക്ഷിക്കാന്‍ അന്ന് ആരും ഓടിയെത്തിയിരുന്നില്ല. ഓഖി ദുരന്തത്തിന്റെ തീരാനഷ്ടം ഇപ്പോഴും ആ പട്ടിണിപ്പാവങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മുഖം കറുപ്പിക്കുമ്പോഴുണ്ടാകുന്ന ദുരന്തങ്ങളെല്ലാം ഏറ്റു വാങ്ങുന്നതു പ്രധാനമായും കേരളതീരത്തെ ഈ മത്സ്യത്തൊഴിലാളികളാണ്. എങ്കിലും, വള്ളങ്ങളുമായി ദുരന്തഭൂമിയിലേയ്ക്കു രക്ഷാപ്രവര്‍ത്തനത്തിനെത്തണമെന്ന അധികാരികളുടെ അഭ്യര്‍ഥന വന്നതിന്റെ അടുത്ത മണിക്കൂറുകളില്‍ നാം കണ്ടത് വിഴിഞ്ഞം മുതല്‍ ബേപ്പൂര്‍ വരെയുള്ള തീരമേഖലയില്‍നിന്നു വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും വഹിച്ചുകൊണ്ടു ലോറികള്‍ പ്രളയപ്രദേശങ്ങളിലേയ്ക്കു കുതിക്കുന്ന അത്ഭുതക്കാഴ്ചയായിരുന്നു. ആ കാഴ്ചയെ ആശ്വാസകരമെന്നല്ലാതെ എന്തു പറയാന്‍.

ഏറ്റവും മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് ഈ മത്സ്യത്തൊഴിലാളികള്‍ക്കാണെന്നു പ്രളയസ്ഥലത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറയുന്നു. അതു കേള്‍ക്കുമ്പോള്‍ കുറ്റബോധത്തോടെ ഓര്‍ക്കുക, തീരദേശങ്ങളിലെ ദുരന്തവാര്‍ത്തകള്‍ കൗതുകത്തോടെ കാണുകയും കേള്‍ക്കുകയും ചെയ്തു നിര്‍വികാരത്തോടെ ഇരിക്കാറുള്ളവരാണു നമ്മില്‍ മഹാഭൂരിപക്ഷവും.

മഴക്കാലത്തു തൊഴിലില്ലായ്മ അനുഭവിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളാണു പ്രതിഫലപ്രതീക്ഷയില്ലാതെ ജീവന്‍രക്ഷാദൗത്യമേറ്റെടുത്തതെന്ന് ഓര്‍ക്കുക. ഇവരെയൊക്കെയല്ലേ ദൈവത്തിനു പ്രിയപ്പെട്ടവരെന്നു വിളിക്കേണ്ടത്. ഇവര്‍ മാത്രമല്ലേ, ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കപ്പെടുന്ന ഈ മലയാളക്കരയുടെ യഥാര്‍ഥ അവകാശികള്‍. ഓര്‍ക്കുക, അധികാരക്കൊതിയന്മാരുടെ ആജ്ഞാനുവര്‍ത്തികളായി സാമുദായികഭ്രാന്തു ബാധിച്ചു അപരനെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവര്‍ നിര്‍ബന്ധമായും ഓര്‍ക്കുക.., പ്രകൃതിയൊന്നു പിണങ്ങിയാല്‍ മനുഷ്യന്റെ എല്ലാ അഹങ്കാരവും ആ നിമിഷം അസ്തമിക്കും. അപ്പോള്‍, രക്ഷയാചിക്കുന്നവരും രക്ഷാപ്രവര്‍ത്തകരും മാത്രമേയുണ്ടാകൂ. അവിടെ ജാതി,മത, സാമ്പത്തിക ഭേദങ്ങളും വൈരങ്ങളും അപ്രസക്തമാകും.

പ്രളയഭൂമിയില്‍ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു യുവാവ് ചാനലില്‍ പങ്കിട്ട അനുഭവം ഇവിടെ വിവരിക്കട്ടെ. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു ഭക്ഷണവും വസ്ത്രങ്ങളും മറ്റുമായി പോയതായിരുന്നു ആ യുവാവുള്‍പ്പെട്ട രക്ഷാസംഘം. ഏതാണ്ടെല്ലാ ഭക്ഷണപ്പൊതിയും വസ്ത്രങ്ങളും കൊടുത്തു തീര്‍ന്നു തിരിച്ചു പോകാന്‍ തുനിയുമ്പോഴാണ് ഒരു പടുകൂറ്റന്‍ മാളികവീടിന്റെ രണ്ടാംനിലയിലെ ജനലിലൂടെ ഒരു സ്്ത്രീ കൈവീശി സഹായാഭ്യര്‍ഥന നടത്തുന്നതു കണ്ടത്. അവശേഷിച്ച ഒന്നു രണ്ടു ഭക്ഷണപ്പൊതികള്‍ അവര്‍ക്കു നല്‍കി.

അത് ആര്‍ത്തിയോടെ വാങ്ങിയ അവശയായ സ്ത്രീ ഒരഭ്യര്‍ഥന നടത്തി ”എനിക്കൊരു മാക്‌സി തര്വോ…”
സ്ത്രീകള്‍ക്കു പറ്റിയ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല ദൗത്യസംഘത്തിന്റെ കൈയില്‍. അതു പറഞ്ഞപ്പോള്‍ ആ സ്ത്രീ ഒരഭ്യര്‍ഥന കൂടി നടത്തി.., ”ഉണങ്ങിയ ഒരു തുണിക്കഷണമെങ്കിലും തരൂ.., ഇവിടെ വെള്ളത്തില്‍ കുതിരാത്തതായി ഒന്നുമില്ല.”
അപ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചത്, ആ സ്ത്രീയുടെ വസ്ത്രങ്ങള്‍ ന നഞ്ഞു കുതിര്‍ന്നിരുന്നു. രണ്ടുദിവസമായി അവര്‍ അതാണു ധരിച്ചിരുന്നത്.

”എത്രയോ പേര്‍ക്കു വാരിക്കോരി നല്‍കിയ വീടാണ്. ഇപ്പോള്‍ ഉടുതുണിക്കുപോലും യാചിക്കേണ്ട ഗതികേടിലായി.” ആ സ്ത്രീ ആത്മഗതമെന്നോണം പറയുന്നത് അവര്‍ കേട്ടു.

അതേ.., ഈ പ്രളയദുരന്തം അഹങ്കാരവും അമിതമായ ആത്മവിശ്വാസവും താന്‍പോരിമയുമെല്ലാം മനസ്സിലുള്ളവര്‍ക്ക് ഒരു പാഠമാണ്.

ദുരന്തങ്ങള്‍ക്കു മുന്നില്‍ നാം നിസ്സഹായരാണ്.
പക്ഷേ, നല്ല കാലത്തു നമുക്കു പലതും ചെയ്യാനാകും. നല്ല മനുഷ്യരെങ്കിലുമാകാന്‍ കഴിയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.