2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

മരണം വന്നു വിളിക്കുന്നതിന് മുമ്പ് പിതാവിനോട്‌ അവള്‍ കേണപേക്ഷിച്ചു….ഒന്നു ചികിത്സിക്കാമോ എന്നെ…video

വിജയവാഡ:  കാര്‍ന്നു തിന്നുന്ന വേദനക്കിടയിലും പ്രതീക്ഷയുടെ ഒരു നേരിയ തിരി ആ പതിമൂന്നുകാരിയില്‍ ബാക്കിയുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാവാം മരണം മുട്ടിവിളിക്കുന്ന ആ അവസാന നിമിഷത്തിലും അവള്‍ വേര്‍പെട്ടു കഴിയുന്ന പിതാവിനെ പ്രതീക്ഷിച്ചത്. എല്ലാം മറന്ന് മകളെന്ന തിരിച്ചറിവില്‍ തിരിച്ചു വരാന്‍ ഒരു കൈവിരല്‍…സിനിമയോ കണ്ണീരൊഴുകുന്ന പരമ്പരയോ അല്ല. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള സായി ശ്രീയുടെ അനുഭവമാണ്.

എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കുന്നതായിരുന്നു സായിയുടെ പിതാവിന്റെ പ്രതികരണം. ചികിത്സിക്കാന്‍ പണം നല്‍കിയില്ലെന്നു മാത്രമല്ല, എം.എല്‍.എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീടുവില്‍ക്കാനുള്ള സായിയുടെ മാതാവിന്റെ ശ്രമം തടയുകയും ചെയ്തു പിതാവ്‌ ശിവകുമാര്‍.

 അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചതായിരുന്നു സായിക്ക്. തന്റെ രോഗത്തിന്റെ ഭീകരാവസ്ഥ അറിഞ്ഞിട്ടു തിരിഞ്ഞു നോക്കാതിരുന്ന പിതാവിന്റെ മനസ്സലിയിക്കാന്‍ വാട്സ്ആപ് വഴി സന്ദേശം അയക്കുകയായിരുന്നു സായി. സന്ദേശമയച്ച് ദിവസങ്ങള്‍ക്കകം അവള്‍ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ഏതായാലും സായിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിവുണ്ടായിട്ടും ചികിത്സിക്കാന്‍ പണം ചെലവഴിക്കാന്‍ തയ്യറാവാത്തതിനാണ് കേസ്.  അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജയവാഡ പൊലിസ് കമ്മീഷണറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സായിയുടെ പിതാവ്‌ ശിവകുമാറും മാതാവ്‌ സുമ ശ്രീയും രണ്ട് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. മകള്‍ സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.