2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആളുകളുടെ ഒഴുക്കില്ല, ജീവനക്കാര്‍ പ്രതിഷേധത്തിലും; ‘സ്റ്റാച്യൂ ഓഫ് യൂനിറ്റി’ക്ക് സമീപത്തെ ഭീമന്‍ ദിനോസര്‍ നിലംപതിച്ചു

 

അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാര്‍ ഏറെകൊട്ടിഘോഷിച്ച് ടൂറിസംമേഖലയ്ക്കായി തുറന്നുകൊടുത്ത സ്റ്റാച്യൂ ഓഫ് യൂനിറ്റിക്ക് (സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ) സമീപത്ത് സ്ഥാപിച്ചുകൊണ്ടിരുന്ന ഭീമന്‍ ദിനോസര്‍ രൂപം നിലംപതിച്ചു. ആളുകളുടെ ഒഴുക്കില്ലാതെ പദ്ധതി നഷ്ടത്തിലേക്കു കൂപ്പുകുത്തുകയും ശമ്പളമില്ലാതായതോടെ ജീവനക്കാര്‍ സമരത്തിലേക്കു നീങ്ങുകയും ചെയ്തതിന് പിന്നാലെയാണ് പദ്ധതിക്ക് കനത്ത തിരിച്ചടിയായി ദിനോസറിന്റെ രൂപവും നിലംപതിച്ചത്. 30 അടി ഉയരമുള്ള ദിനോസറിന്റെ രൂപം നിലത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയമുഖേന പ്രചരിക്കുന്നുണ്ട്. മേഖലയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ലോകനിലവാരത്തിലുള്ള മൃഗശാലയുടെ ഭാഗമായിട്ടായിരുന്നു ദിനോസര്‍ പ്രതിമ സ്ഥാപിക്കുന്നത്. അടുത്തമാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനിരിക്കെയാണ് ഞായറാഴ്ച ദിനോസര്‍ നിലംപതിച്ചത്. ഇതിന്റെ നിര്‍മാണത്തിന് മാത്രം രണ്ടുകോടി രൂപ ചെലവിട്ടാതായാണ് കണക്ക്.

 

നേരത്തെ മാസങ്ങളോളം ശമ്പളമില്ലാതായതോടെ സ്ഥാപനത്തിലെ നൂറോളം ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയിരുന്നു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സുരക്ഷാ ചുമതല, അടിച്ചുവാരല്‍, ഉദ്യോനപാലകര്‍, ടിക്കറ്റ് പരിശോധകര്‍ തുടങ്ങിയ ജോലികള്‍ ചെയ്തുവരുന്ന ജീവനക്കാരാണ് സമരത്തിലേക്കു നീങ്ങിയിരുന്നത്.

പ്രതിമാനിര്‍മാണം പ്രദേശത്തെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് നര്‍മദാതീരത്തെ തദ്ദേശവാസികള്‍ക്ക പരാതിയുണ്ട്. ഇവിടെയുള്ള പൂന്തോട്ടം നനക്കാന്‍ വന്‍ജലസമ്പത്ത് വഴിതിരിച്ചുവിടുന്നത് തങ്ങളുടെ കൃഷിയെ ബാധിച്ചതായും കര്‍ഷകരും ആരോപിച്ചുവരികയായിരുന്നു. പരിസ്ഥിതി വാദികളുടെ എതിര്‍പ്പും സ്റ്റാച്യൂ ഓഫ് യൂനിറ്റിക്കെതിരെ നിലവിലുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയെന്ന വിശേഷണമുള്ള സ്റ്റാച്യൂ ഓഫ് യൂനിറ്റി കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുത്തത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപത്തായാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്.

Gigantic Dinosaur Replica, Part Of Gujarat Govt’s Proposed World-Class Zoo, Collapse


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.