2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജര്‍മനിയില്‍ വന്‍ സൈബര്‍ ആക്രമണം

 

ബെര്‍ലിന്‍: ജര്‍മനിയില്‍ വന്‍ സൈബര്‍ ആക്രമണം. ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ ഉള്‍പ്പെടെ നൂറുകണക്കിനു രാഷ്ട്രീയ പ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഫോണ്‍ നമ്പരുകള്‍, സ്വകാര്യ ചാറ്റുകള്‍, സാമ്പത്തിക വിവരങ്ങള്‍ എന്നിവ ചോര്‍ന്നു.

ട്വിറ്റര്‍ വിവരങ്ങളാണു ചോര്‍ത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരുടെയും വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ഹാക്കിങ് ബാധിച്ചു. സൈബര്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഗുരുതരമായ സൈബര്‍ ആക്രമണമാണുണ്ടായിരിക്കുന്നതെന്നും എന്നാല്‍ വിവര ചോര്‍ച്ചയുടെ തോത് എത്രത്തോളമുണ്ടെന്ന കാര്യം പൂര്‍ണമായും വ്യക്തമായിട്ടില്ലെന്നും ജര്‍മന്‍ നീതിന്യായ വകുപ്പു മന്ത്രി കത്രിയാന ബര്‍ലെ പറഞ്ഞു. ജനാധിപത്യത്തിലെ സ്വകാര്യത തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണു സംഭവത്തിനുപിന്നിലെന്ന് അവര്‍ പറഞ്ഞു.

ആംഗെല മെര്‍ക്കലിന്റെ ഇ മെയില്‍ അഡ്രസ്, നിരവധി കത്തുകള്‍ എന്നിവ ചോര്‍ന്നിട്ടുണ്ട്. ഗ്രീന്‍ പാര്‍ട്ടി നേതാവ് റോബര്‍ട്ട് ഹെബാക്കിന്റെ വ്യക്തിവിവരങ്ങള്‍, കുടുംബവിവരങ്ങള്‍, ക്രെഡിറ്റ് വിവരങ്ങള്‍ എന്നിവയും ചോര്‍ന്നു. എ.ആര്‍.ഡി, സെഡ്.ഡി.എഫ് പബ്ലിക്ക് ബ്രോഡ്കാസ്റ്റിലെ മാധ്യമപ്രവര്‍ത്തകര്‍, ടെലിവിഷന്‍ ആക്ഷേപഹാസ്യ അവതാരകന്‍ ജാന്‍ ബോമര്‍മാന്‍ എന്നിവരുടെയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ സുപ്രധാന വിവരങ്ങളൊന്നും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് മാര്‍ട്ടിന ഫെയ്റ്റ്‌സ് പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍, യൂറോപ്യന്‍ പര്‍ാലമെന്റ് അംഗങ്ങള്‍, സ്റ്റേറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരെയും ഹാക്കിങ് ബാധിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘ഗോഡ് ‘ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സൈബര്‍ ആക്രമണം നടന്നത്. ഹാംബര്‍ഗ് ആണു സ്ഥലമായി അക്കൗണ്ടില്‍ നല്‍കിയിരിക്കുന്നത്. ആര്‍ടിസ്റ്റ്, ആക്ഷേപഹാസ്യം, സുരക്ഷാ ഗവേഷണം എന്നിവ വിശേഷണമായി നല്‍കിയാണു സ്വയം പരിചയപ്പെടുത്തുന്നത്. അക്കൗണ്ട് പിന്നീട് ട്വിറ്റര്‍ അധികൃതര്‍ പൂട്ടി. 17,000 പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്.

കഴിഞ്ഞ ഒക്ടോബറിനു മുന്‍പാണ് മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയതെന്നും എന്നാല്‍ എപ്പോഴാണ് ഹാക്കിങ് ആരംഭിച്ചതെന്നതു വ്യക്തമല്ലെന്നും ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാക്കിങ്ങിനു പിന്നില്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണെന്നും റഷ്യയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വിവര ചോര്‍ച്ചയുടെ സ്വഭാവമനുസരിച്ച് റഷ്യയാവാനാണു സാധ്യതയെന്ന് ജര്‍മന്‍ സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് സെവന്‍ ഹെര്‍പിഗ് പറഞ്ഞു. ഈ വര്‍ഷം ജര്‍മനിയില്‍ സ്റ്റേറ്റ്, യൂറോപ്യന്‍ പാര്‍ലമെന്റുകളിലേക്കു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആഭ്യന്തര ആക്രമണമാവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015ല്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ നടന്ന കംപ്യൂട്ടര്‍ ഹാക്കിങ്ങിന്റെ പിന്നില്‍ റഷ്യയാണെന്ന് ജര്‍മനി ആരോപിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News