2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ഗൗരി നേഘയുടെ മരണം: അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത പ്രിന്‍സിപ്പലിനെതിരെ നടപടി

കൊല്ലം: ഗൗരി നേഘയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണിനെതിരെ നടപടി. പിരിയുന്നതുവരെ അവധിയില്‍ പോകാനാണ് മാനേജ്‌മെന്റ് പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കിയത്. ഇനി ഒന്നര മാസം മാത്രമാണ് ഇദ്ദേഹത്തിന്റെ സര്‍വീസ് കാലവധി.

അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടിയായിരുന്നില്ല നല്‍കിയിരുന്നത്. തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ല. മാനേജര്‍ക്കാണ് അതിനുള്ള അധികാരമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞുപ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജോണിനെതിരെ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്മേലാണ് മാനേജ്‌മെന്റ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.

അധ്യാപികമാരെ തിരിച്ചെടുത്തത് വിവാദമായതോടെ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആശങ്കയ്ക്കിടയിലാണ് മാനേജ്‌മെന്റിന്റെ നടപടി.

ആരോപണവിധേയരായ അധ്യാപികമാരായ സിന്ധുപോളിനേയും ക്രസന്റ് നെവിസിനേയും ആഘോഷപൂര്‍വം കേക്ക് മുറിച്ചാണ് തിരിച്ചെടുത്തത്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നല്‍കിയ വിശദീകരണത്തില്‍ തങ്ങള്‍ പൂര്‍ണ തൃപ്തരാണെന്നും ഇക്കാരണത്താലാണ് അധ്യാപകരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നുമാണ് മാനേജ്‌മെന്റ് പ്രതിനിധി പറഞ്ഞിരുന്നത്. കേസില്‍ ഈയാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.