2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ജനാധിപത്യ ഇന്ത്യയുടെ ഭാവി

പിണങ്ങോട് അബൂബക്കര്‍

 

 

ഇന്ത്യ സവിശേഷമായ ഒരു സാഹചര്യത്തില്‍ കൂടിയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് വര്‍ഷങ്ങളോളം മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടു. അനേകലക്ഷം പേര്‍ക്ക് ജീവഹാനി നേരിട്ടു. മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക, വിദ്യാഭ്യാസ, അധികാര, ദാരിദ്ര്യത്തിന്റെ ഉറവിടം സ്വാതന്ത്ര്യ സമരകാലത്ത് നേരിട്ട ഒറ്റപ്പെടലുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അവഗണനാ പരിസരത്തിന്റെ നിര്‍മിതികള്‍ തന്നെ. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചതുമില്ല. മാറിമാറിവന്ന ഭരണകൂടങ്ങള്‍ക്ക് രാജനീതി നിര്‍വഹിക്കാന്‍ വേണ്ടതുപോലെ സാധിച്ചതുമില്ല. മികച്ച ഭരണഘടന നിലവില്‍ ഉണ്ടായിരിക്കെ നിയമനിര്‍മാണസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം പരിമിതപ്പെടുത്തി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ വോട്ടുബാങ്ക് എന്നതിനപ്പുറം അര്‍ഹിക്കുന്ന പരിഗണന നല്‍കിയതുമില്ല. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ ഒരു മുസ്‌ലിം പ്രതിനിധി പോലും പാര്‍ലമെന്റില്‍ എത്തിയതുമില്ല. മത്സരിക്കാന്‍ അവസരം നല്‍കിയില്ല. പ്രത്യക്ഷമായിത്തന്നെ മുസ്‌ലിം വിരുദ്ധ ഹിന്ദുത്വ അജണ്ടയാണ് ബി.ജെ.പിക്കുള്ളത്.
നാഗാലന്‍ഡ്, സിക്കിം, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രത്യേക ഭരണഘടനാപരമായ അവകാശങ്ങള്‍ നിലവിലുണ്ട്. ജമ്മുകശ്മിര്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസനത്തില്‍ പിറകിലല്ല. അയല്‍പക്കത്തുള്ള ശത്രു രാഷ്ട്രമായ ചൈനയില്‍നിന്നും പാകിസ്താനില്‍നിന്നും ഭാരതത്തെ തടഞ്ഞുനിര്‍ത്തുന്ന മര്‍മപ്രധാനമായ ഈ മേഖലയില്‍ അധിവസിക്കുന്ന മുസ്‌ലിംകള്‍ എക്കാലവും ഇന്ത്യയോട് കൂറു പുലര്‍ത്തിയവരാണ്. സ്വാതന്ത്രത്തിന് ശേഷം അവിടുത്തെ മുസ്‌ലിംകള്‍ മുസ്‌ലിം രാഷ്ട്രമായ പാകിസ്താനില്‍ ചേരാന്‍ അല്ല തീരുമാനിച്ചത്. മതേതര രാഷ്ട്രമായ ഭാരതത്തില്‍ ചേര്‍ന്നുനില്‍ക്കാനായിരുന്നു.
ഇക്കാലമത്രയും രാഷ്ട്രത്തോട് കൂറു പുലര്‍ത്തി ഭാരതീയനാണെന്ന് അഭിമാനത്തോടെ തല ഉയര്‍ത്തി പറഞ്ഞുവന്നിരുന്ന ആ സമൂഹത്തെ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണത്താല്‍ ഭരണകൂടം തന്നെ വേട്ടയാടുകയാണ്. കശ്മിരിലെ അവസ്ഥ പുറംലോകം അറിയാത്ത വിധം ഭരണകൂട ഭീകരത നടമാടുന്നു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു. മാതാപിതാക്കളെ കാണാന്‍ മക്കള്‍ക്കും മക്കളെ കാണാന്‍ മാതാപിതാക്കള്‍ക്കും കഴിയാത്ത തുറന്നജയിലായി ജമ്മുകശ്മിര്‍ ഇതിനകം മാറിക്കഴിഞ്ഞു.
ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം, അഖണ്ഡഭാരതം ഇതാണ് സവര്‍ക്കര്‍ വിഭാവനം ചെയ്ത ഭാരതം. എല്ലാ ഭൂമിയും രാഷ്ട്രത്തിനു സ്വന്തമാക്കുക, സാങ്കേതിക സൈനിക ശക്തി വര്‍ധിപ്പിച്ച് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക. ചുരുക്കത്തില്‍ ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് അതായിരുന്നു സവര്‍ക്കര്‍ സ്വപ്നം കണ്ട ഇന്ത്യന്‍ ദേശീയത. ഹിന്ദു മഹാസഭയിലൂടെ വളര്‍ച്ച പ്രാപിച്ച് എല്ലാ ഫാസിസ്റ്റ് ഭീകരതകളും സ്വയം എടുത്തണിഞ്ഞ് മാനവസമൂഹത്തിന് അന്യമായ പകയുടെയും ശത്രുതയുടെയും പ്രത്യയശാസ്ത്രം വികസിപ്പിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് വളര്‍ന്നത്. ഇന്ത്യയുടെ ഭരണം ഇത്തരം ആളുകളുടെ കൈകളിലാണ് ഇപ്പോഴുള്ളത്.
മുസ്‌ലിം പേരുപോലും അവര്‍ ഇഷ്ടപ്പെടുന്നില്ല. പുരാതന ഭാരതത്തിലെ പല നഗരങ്ങളുടെയും പേരുകള്‍ ഇതിനകം അവര്‍ മാറ്റിക്കഴിഞ്ഞു. ആള്‍ക്കൂട്ട കൊലകളും പശു പ്രേമികളുടെ മൃഗീയ പെരുമാറ്റങ്ങളും മുസ്‌ലിം സാംസ്‌കാരിക സ്തംഭങ്ങള്‍ക്കുനേരെയുള്ള അസഹിഷ്ണുതാപരമായ സമീപനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ആറു പതിറ്റാണ്ടിലധികം നിലനിന്നിരുന്ന ഇഫ്താര്‍ മീറ്റുകള്‍ പോലും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപേക്ഷിച്ചു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാവണം എന്ന നിലപാടിന്റെ തുടക്കമാണ് മുസ്‌ലിംകള്‍ മഹാഭൂരിപക്ഷമുള്ള ജമ്മുകശ്മിര്‍ സ്റ്റേറ്റ് ഇല്ലാതാക്കി പ്രത്യേക അവകാശം നല്‍കുന്ന 370 വകുപ്പ് റദ്ദാക്കിയത്.
ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയുമാണ് നമുക്ക് മുമ്പിലുള്ള പ്രതീക്ഷ. പക്ഷേ, ഭരണകൂടം അത് അടിക്കടി അട്ടിമറിക്കുകയാണ്. നിഷ്പക്ഷമായ ജനവിധി പലപ്പോഴും നടക്കുന്നില്ല. പ്രചണ്ഡമായ വ്യാജ പ്രചാരണങ്ങള്‍ നടത്തി വോട്ടര്‍മാരെ സ്വാധീനിക്കുന്നു. പണം വാരിവിതറി വോട്ടുകള്‍ വിലക്ക് വാങ്ങുന്ന അവസ്ഥയും നിലവിലുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സാമാജികരെ പണവും അധികാരവും നല്‍കി കൂറു മാറ്റുന്ന പ്രവണതയും വ്യാപകമാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ഈ പ്രവണത നാം കണ്ടു. ഗവര്‍ണറെ ഉപയോഗപ്പെടുത്തിയാണ് ഗോവയില്‍ താമര ഭരണം അടിച്ചേല്‍പ്പിച്ചത്. ഫെഡറല്‍ സംവിധാനത്തിന് അന്തഃസത്ത അവസാനിക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്. കടുത്ത ആര്‍.എസ്.എസുകാരെയും മതന്യൂനപക്ഷവിരുദ്ധരെയും ഗവര്‍ണര്‍മാരായി നിയമിക്കുന്നു. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് ഖാനും കാലാവധി കഴിഞ്ഞുപോയ സദാശിവനും സംഘ്പരിവാര്‍ ആശയങ്ങളുടെ പ്രചാരകരും സഹായികളുമായിരുന്നു. ജനാധിപത്യ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും മാനിക്കാതെ ഫാസിസം ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്.
ഇന്ത്യ ഭരിച്ചിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുണ്ടായില്ല. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആയുധ പരിശീലനങ്ങള്‍, ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും വാരിക്കോരികൊണ്ടുവന്ന അനേകകോടി പണം ഇത്തരം കാര്യങ്ങളൊക്കെ ഭരണകൂടങ്ങള്‍ ഒരുഘട്ടത്തിലും ഇടപെട്ടതുമില്ല. രാഷ്ട്രത്തിനകത്ത് മറ്റൊരു ഗ്രൂപ്പ് ശക്തി പ്രാപിക്കാന്‍ സഹായകമായ നിലപാടുകളാണ് ഉദ്യോഗസ്ഥ ഭരണ രംഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ സംഭവിച്ചത്.
മുസ്‌ലിം ഇന്ത്യ പ്രതീക്ഷാപൂര്‍വം രാഷ്ട്രത്തിന്റെ ഭരണഘടന മാനിച്ചുകൊണ്ട് വ്യവസ്ഥാപിത മാര്‍ഗം പ്രവര്‍ത്തിക്കണം. ഇന്ത്യയുടെ ഭരണഘടനകാക്കാനുള്ള കാവല്‍ക്കാര്‍ അധാര്‍മികതയിലേക്ക് നീങ്ങുമ്പോഴും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വലിയ ഒരായുധം (വോട്ടവകാശം) പൂര്‍ണമായും കവര്‍ന്നെടുക്കാന്‍ ഒരു ഭരണകൂടങ്ങള്‍ക്കും കഴിയുകയില്ല. കൃത്രിമം കാണിക്കാനും വിലക്കെടുക്കാനുമൊക്കെ കഴിയുമെങ്കിലും സുമനസ്സുകളായ മതേതര വിശ്വാസികളെ വഞ്ചിക്കാന്‍ കഴിയില്ല. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും കാത്തത് മതന്യൂനപക്ഷങ്ങളുടെ സമ്മതിദാനാവകാശമായിരുന്നു.
ആറായിരത്തിലധികം വര്‍ഷങ്ങളുടെ സഹിഷ്ണുതയുള്ള ഭാരതത്തിന്റെ പൈതൃകം വീണ്ടെടുക്കാനുള്ള ശക്തി ഇന്ത്യക്കാര്‍ക്കുണ്ട്. നരേന്ദ്രമോദി മൃഗീയ ഭൂരിപക്ഷത്തിന് അധികാരത്തിലുണ്ടെങ്കിലും 38 ശതമാനം മാത്രമാണ് വോട്ട് ഷെയര്‍. എന്നുവച്ചാല്‍ 62 ശതമാനം ഇന്ത്യക്കാര്‍ ഇവരുടെ ഭരണം അംഗീകരിക്കുന്നില്ലെന്നര്‍ഥം. മതേതര വോട്ടുകള്‍ ചിഹ്നഭിന്നമാകുന്നതാണ് സംഘ്പരിവാറിന് രാഷ്ട്രീയ മുന്നണികള്‍ക്ക് സഹായകമാകുന്നത്. യഥാര്‍ഥ ഹൈന്ദവ ദര്‍ശനത്തിന് തികച്ചും വിരുദ്ധമായ സമ്പ്രദായം രാജ്യത്ത് വളരാന്‍ ഹൈന്ദവ സഹോദരങ്ങള്‍ ഇഷ്ടപ്പെടുകയില്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ജൈനമതക്കാരും മതമില്ലാത്തവരും ഹിന്ദുത്വ രാഷ്ട്രം നിരാകരിക്കുക തന്നെ ചെയ്യും. കാരണം, അത് ഏകാധിപത്യമാണ്. മാനവികതയോട് മല്‍പ്പിടുത്തം നടത്തുന്ന പ്രത്യയശാസ്ത്രം കൂടിയാണത്. ഭാരതത്തിന്റെ ജനാധിപത്യ ഭാവിയില്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ ജൈവഘടന നിഷേധിച്ചുകൊണ്ട് ഒരു ആശയത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ല. ഗ്രാമീണ ഭാരതത്തിന്റെ നല്ല മനസ്സുകള്‍ ഫാസിസ്റ്റ് ദുര്‍ഗുണങ്ങളെ അകറ്റുകതന്നെ ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.