2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കര്‍ഷക കുടുംബത്തില്‍ നിന്ന് മനക്കരുത്തിനാലവള്‍ ഓക്‌സ്‌ഫോര്‍ഡും കടന്ന് ഐ.പി.എസിലേക്ക്

'എന്നെ കഠിനാധ്വാനത്തിന്റെ വില അമ്മ പഠിപ്പിച്ചു. അനിയന്‍ എനിക്കുളള സ്ത്രീധനത്തിന് പണം സമ്പാദിച്ചില്ല. പകരം അതെന്റെ വിദ്യാഭ്യാസത്തിനുപയോഗിച്ചു'

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ കുണ്ടര്‍കിയിലെ ഒരു പാവപ്പെട്ട കര്‍ഷക കുടുബത്തിലെ മകളാണ് ഇല്‍മ അഫ്രോസ്. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വളരെ താല്‍പര്യമുളള വ്യക്തി.

ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കെ 2018 ഓഗസ്റ്റില്‍ 26-ാം വയസ്സിലാണ് ഇല്‍മക്ക് ഇന്ത്യന്‍ പൊലിസ് സര്‍വ്വീസിലേക്ക്് പ്രവേശനം ലഭിക്കുന്നത്.

ഒരുപാട് തടസ്സങ്ങളും പ്രയാസങ്ങളും തരണം ചെയ്താണ് ഇല്‍മ ഐ.പി.എസ് നേടിയെടുക്കുന്നത്. അവളുടെ 14-ാം വയസ്സില്‍, ചെറുപ്പക്കാരിയായ മകളെയും 12 വയസ്സുളള മകനെയും വളര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം അമ്മയെ ഏല്‍പ്പിച്ച് കര്‍ഷകനായ അച്ഛന്‍ ക്യാന്‍സറിന് പിടികൊടുത്ത് ലോകത്തോട് വിട പറഞ്ഞു.

‘എന്റെ അമ്മ എന്നെയും അനിയനെയും തനിയെ വളര്‍ത്തി. അവരൊരു സമര്‍ഥയായ സ്ത്രീയാണ്. എന്റെ കഴിവുകളെ സാക്ഷാത്കരിക്കാന്‍ എനിക്കവര്‍ അവസരങ്ങള്‍ തന്നു’- ഇല്‍മ പറഞ്ഞു.

സ്വന്തം നാട്ടിലെ ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇല്‍മ ശേഷം പ്രശസ്തമായ ഡല്‍ഹിയിലെ സെന്റ്. സ്റ്റീഫന്‍സ് കോളജില്‍ ഫിലോസഫി പഠിച്ചു.

‘സെന്റ്. സ്റ്റീഫന്‍സ് കോളജില്‍ ഫിലോസഫിക്ക് പഠിക്കാന്‍ ചിലവഴിച്ച മൂന്നു വര്‍ഷമാണ് എന്റെ ജീവിതത്തില്‍ കടന്നുപോയ ഏറ്റവും മനോഹരമായ കാലഘട്ടം. പ്രൊഫസര്‍മാരുടെ വിദ്യാര്‍ഥികളോടടുത്തിടപഴകുന്നതിനാല്‍ പ്രധാനപ്പെട്ട പാഠങ്ങള്‍ മനസ്സിലാക്കാന്‍ എന്നെ വളരെ സഹായിച്ചു. ക്ലാസ് റൂമിനു പുറത്തു നിന്നും ഞങ്ങള്‍ ഒരുപാട് പഠിച്ചു. ഫിലോസഫി പഠിച്ചതിനാല്‍ ഒരു കാര്യത്തില്‍ സ്വന്തമായി ചിന്തിക്കാന്‍ പര്യാപ്തമാക്കി’. അവള്‍ പറഞ്ഞു.

 

‘ഡിഗ്രി പഠനമാണ് തനിക്ക് പൊതുസേവനത്തിന് അടിത്തറപാകിയതെന്നും അതൊരു അമൂല്യ നിധിയാണെന്നും’ ഇല്‍മ പറഞ്ഞു.

ഇല്‍മയുടെ കഠിനപ്രയത്‌നത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ബിരുദാനന്തര ബിരുദത്തിന് സ്‌കോളര്‍ഷിപ്പോടെ ലോക പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുളള വോള്‍ഫ്‌സണ്‍ കോളജില്‍ പഠിക്കാന്‍ പ്രവേശനം ലഭിച്ചു. ഇതിലൂടെ മഹത്തായ ഓക്‌സ്‌ഫോര്‍ഡ് യൂനിയന്‍ ഹാളില്‍ നടക്കുന്ന ധാരാളം ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സാക്ഷിയാവാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളളവരുമായി വ്യത്യസ്തമായ ആശയങ്ങള്‍ കൈമാറ്റം ചെയ്യാനും സാധിച്ചു.

ഇല്‍മ അമേരിക്കയിലായിരുന്ന സമയത്ത് മാന്‍ഹട്ടന്‍ ഭാഗത്ത് സ്വയം സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു.

‘എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുമാറ്റണമെന്ന’ ഗാന്ധിജിയുടെ സ്വപ്നത്തെ പ്രചോദനമാക്കി തന്റെ വിദ്യാഭ്യാസം രാജ്യത്തിന് പ്രയോജനമാകുന്ന രീതിയില്‍ ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കണമെന്നതാണ് ആഗ്രഹമെന്നും ഇല്‍മ പറഞ്ഞു.

അവധിക്ക് നാട്ടിലെത്തുമ്പോള്‍ അവള്‍ക്ക് മറ്റുളളവരുടെ കണ്ണില്‍ ‘ഞങ്ങളുടെ മകള്‍ ഞങ്ങളുടെ വേദനകള്‍ മാറ്റുമെന്ന’ സന്തോഷം കാണാന്‍ കഴിയും. കുടുംബക്കാരും മറ്റു പരിചിതരും റേഷന്‍ കാര്‍ഡ് തരപ്പെടുത്താനും തിമിര ശസ്ത്രക്രിയക്കുളള ഫോം പൂരിപ്പിക്കാനും പോലെയുള്ള ചെറിയ കാര്യങ്ങള്‍ക്കെല്ലും കൊണ്ടുപോവും. ‘എന്റെ സന്തോഷം അമ്മയുടെയും എന്നോടൊപ്പമുളള മറ്റുള്ളവരുടെയും കൂടെയാണ്’- ഇല്‍മ പറഞ്ഞു.

 

ജനങ്ങളെ സേവിക്കാന്‍ ഏറ്റവും നല്ലത് സിവില്‍ സര്‍വിസാണെന്ന് മനസിലാക്കി വീട്ടിലേക്ക് മടങ്ങുകയും 2017-ല്‍ ഓള്‍ ഇന്ത്യാ റാങ്കില്‍ 217-ാം റാങ്ക് നേടുകയും ഇന്ത്യന്‍ പൊലിസ് സര്‍വിസില്‍ പ്രവേശിക്കുകയും ചെയ്തു. ഹിമാചല്‍പ്രദേശ് കേഡറിലെ 16 മാസത്തെ പരിശീലനം ഈ അടുത്ത് പൂര്‍ത്തിയാകും.

തന്റെ അമ്മയുടെയും അനിയന്റെയും ത്യാഗമില്ലായിരുന്നെങ്കില്‍ തനിക്കിത് നേടാന്‍ കഴിയില്ലായിരുന്നെന്നും ഇല്‍മ ഉറപ്പിച്ചു പറയുന്നു. ‘എന്നെ കഠിനാധ്വാനത്തിന്റെ വില അമ്മ പഠിപ്പിച്ചു. അനിയന്‍ എനിക്കുളള സ്ത്രീധനത്തിന് പണം സമ്പാദിച്ചില്ല. പകരം അതെന്റെ വിദ്യാഭ്യാസത്തിനുപയോഗിച്ചു. രണ്ടുപേരും തനിക്കു വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു’- ഇല്‍മ പറഞ്ഞു


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.