2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്: മക്ക ഒഴികെയുള്ള പള്ളികളിൽ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങൾക്ക് അനുമതി, ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്കെന്നും ആഭ്യന്തര മന്ത്രാലയം

ജോലിക്ക് ഹാജരാകുന്നതിനുള്ള വിലക്ക് നീക്കി,

ആഭ്യന്തര വിമാന സർവീസ് പുനഃരാരംഭിക്കും,

പ്രവിശ്യകൾ തമ്മിലുള്ള യാത്രാ വിലക്ക് ഭാഗികമായി പുനഃസ്ഥാപിക്കും, 

അന്താരാഷ്‌ട്ര വിമാന സർവ്വീസ്, ഉംറ തീർത്ഥാടനം, മദീന സന്ദർശനം എന്നിവക്കുള്ള വിലക്ക് തുടരും, 

ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കുമുള്ള വിലക്ക് തുടരും

അബ്ദുസ്സലാം കൂടരഞ്ഞി 

     റിയാദ്: സഊദിയിൽ ഏർപ്പെടുത്തിയ വിലക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു ആഭ്യന്തര മന്ത്രാലയം.  വൈറസ് വ്യാപനം തടയുന്നതിന് നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഭാഗികമായി നീക്കുന്നത്. മക്ക ഒഴിച്ചുള്ള രാജ്യത്തെ ആരാധനാലയങ്ങളില്‍ നിർബന്ധ നിസ്‌കാരങ്ങൾക്കും വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കി. എന്നാൽ, ഉംറക്കും അന്ത്രാഷ്‍ട്ര വിമാന സർവ്വീസുകൾക്കും അനുമതിയില്ല. ഈ മാസം 31 മുതൽ ജൂൺ 20 വരെയാണ് നിയന്ത്രണങ്ങളോടെ ജുമുഅ, ജമാഅത്തിന് അനുമതി നൽകുന്നത്. കടുത്ത ആരോഗ്യ സുരക്ഷ പാലിച്ചായിരിക്കും അനുമതി. മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കുന്നത്. ഞായർ മുതൽ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ ജോലിക്ക് ഹാജരാകാനുള്ള അനുമതിയാണ് നൽകിയിയത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണമാണ് മന്ത്രാലയം നീക്കിയത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെയാകും ഘട്ടം ഘട്ടമായി നടപ്പിലാക്കുക. ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു.

     ആദ്യ ഘട്ടത്തിൽ മെയ് 28 മുതൽ 30 വരെ രാവിലെ ആറു മുതൽ വൈക്കീട്ട് മൂന്ന് വരെയുള്ള സമയങ്ങളിൽ മക്ക ഒഴികെയുള്ള മറ്റു മേഖലകളിൽ യാത്രാ അനുമതി നൽകും. കർഫ്യു ഇല്ലാത്ത സമയങ്ങളിൽ സ്വകാര്യ കാറുകളിലും യാത്ര അനുവദിക്കും. ചില്ലറ, മൊത്ത സ്ഥാപനങ്ങളും മാളുകളും തുറക്കും. അതെ സമയം, ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കുമുള്ള വിലക്ക് തുടരാനാണ് തീരുമാനം. അമ്പതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല.

    മെയ് മുപ്പത് മുതൽ ജൂൺ 20 വരെയുള്ള രണ്ടാം ഘത്തിൽ മക്കയൊഴികെ എല്ലാ മേഖലകളിലുമുള്ള യാത്രാ അനുമതി രാത്രി എട്ട് മണി വരെയാക്കി ഉയർത്തും. ജോലി സ്ഥലങ്ങളിലെ വിലക്ക് നീക്കുന്നതോടെ സർക്കാർ, സ്വകാര്യ മേഖല സ്ഥാപന ജോലിക്കാർക്ക് കർശന നിയന്ത്രണങ്ങളോടെ ജോലിക്ക് ഹാജരാവാം. ഗവണ്മെന്റ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. വേണ്ട രീതിയിലുള്ള മുൻകരുതൽ സ്വീകരിച്ച് ആഭ്യന്തര വിമാന സർവ്വീസുകൾ ആരംഭിക്കുന്നതും രണ്ടാം ഘട്ടത്തിലാണ്. വ്യോമയാന, ആരോഗ്യ മന്ത്രാലയ നിർദേശങ്ങളോടെയായിരിക്കും അനുമതി. വിവിധ ഗതാഗത രീതികൾ ഉപയോഗിച്ച് രാജ്യത്തിലെ പ്രദേശങ്ങൾ തമ്മിലുള്ള യാത്രാ വിലക്ക് നീക്കും. റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണപാനീയങ്ങൾ വിളമ്പാൻ അനുവദിക്കും.എന്നാൽ, ഈ ഘട്ടത്തിലും ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവ തുറക്കാൻ അനുവാദമുണ്ടാകുകയില്ല. കൂടാതെ, വിവാഹങ്ങളും ഖബറടക്ക ചടങ്ങുകൾ പോലെയുള്ള അമ്പതിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കും വിലക്ക് തുടരും.

    ജൂൺ 21 മുതലുള്ള മൂന്നാം ഘട്ടത്തിൽ മക്കയൊഴികെയുള്ള രാജ്യത്തെ മറ്റിടങ്ങൾ പൂർവ്വ സ്ഥിതിയിലേക്ക് മാറും. എന്നാൽ, സാമൂഹിക അകലം പാലിക്കുന്നത് തുടരുകയെന്ന നിബന്ധന പൂർണ്ണമായും പാലിക്കണം. അതേസമയം, മക്കയിൽ മെയ് 31 മുതൽ ജൂൺ 20 വരെയുള്ള കാലങ്ങളിൽ ഒന്നാം ഘട്ടവും ജൂൺ 21 മുതൽ രണ്ടാം ഘട്ടവും ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ പ്രഖ്യാപിച്ചത് പോലെയായിരിക്കുമോ എന്നതിൽ വ്യക്തതയില്ല. മക്കയിൽ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങൾ കുറഞ്ഞ ആളുകളെ വെച്ച് കൊണ്ട് തന്നെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    അതേസമയം, ഉംറ തീർത്ഥാടനവും മദീന പ്രവാചക പള്ളി സന്ദർശനവും നടത്തുന്നതിനുള്ള വിലക്ക് തുടരും. ആരോഗ്യവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ഈ തീരുമാനം തുടർച്ചയായി അവലോകനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ നിയന്ത്രണവും തുടരും. ഇളവുകൾ തുടരണോ അതോ കർശന മുൻകരുതൽ നടപടികൾ വീണ്ടും നടപ്പാക്കണോ എന്ന് തീരുമാനിക്കാൻ പ്രഖ്യാപിച്ച എല്ലാ തീരുമാനങ്ങളും ആരോഗ്യ മന്ത്രാലയം തുടർച്ചയായി അവലോകനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് മുമ്പ് പ്രഖ്യാപിച്ച പിഴയും പിഴയും നിലനിൽക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.