2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

റിലയന്‍സിന് ഫ്രാന്‍സ് നികുതിയിളവ് നല്‍കിയതെന്തിന്


റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ നഗ്‌നമായ അഴിമതി നടന്നുവെന്ന ആരോപണം കത്തിനില്‍ക്കുന്നതിനിടെ, അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഓരോന്നായി പുറത്തുവന്ന് കൊണ്ടിരിക്കെ, അത്തരം തെളിവുകള്‍ക്ക് ബലം നല്‍കുന്ന മറ്റൊരു സുപ്രധാനമായ തെളിവുകൂടിപുറത്ത് വന്നിരിക്കുകയാണ്. ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് വഴിവിട്ട നികുതിയിളവ് അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിച്ചു എന്നാണ് ഏറ്റവുമവസാനമായി പുറത്ത് വന്ന വിവരം.
ഫ്രാന്‍സിലെ പ്രമുഖ ദിനപത്രമായ ലെ മോന്തെയാണ് റാഫേല്‍ അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്റിക് ഫഌഗ് ഫ്രാന്‍സ് എന്ന സ്ഥാപനത്തിനാണ് 143.7 ദശലക്ഷം യുറോയുടെ (1,100 കോടി രൂപ) നികുതിയിളവ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരീസ് സന്ദര്‍ശനത്തില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ വിമാന ഇടപാടിന് ധാരണയായതിന് തൊട്ട് പിന്നാലെയാണ് ഈ നികുതിയിളവ് അനുവദിച്ചതെന്ന് വരുമ്പോള്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടേയും പ്രതിപക്ഷത്തിന്റേയും ആരോപണങ്ങള്‍ക്കത് ശക്തി പകരുകയാണ് ചെയ്യുന്നത്. നികുതിയിളവ് ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ വകുപ്പ് പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാന്‍ പറ്റുകയില്ല. പ്രതിരോധ വകുപ്പിനെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് റാഫേല്‍ ഇടപാട് സംബന്ധിച്ച് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇതിനെതിരേ പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പ്രതിഷേധക്കുറിപ്പ് നല്‍കിയതുമാണ്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അവിഹിതമായി ഇടപെട്ടത് ഇഷ്ടപ്പെടാതിരുന്ന മനോഹര്‍ പരീക്കര്‍ തന്റെ അനിഷ്ടം പ്രകടമാക്കിയാണ് പ്രതിരോധമന്ത്രി സ്ഥാനം ഒഴിഞ്ഞത് എന്ന വിധമുള്ള വാര്‍ത്തകളും പ്രചരിക്കുമ്പോള്‍ നികുതിയിളവുമായി റാഫേല്‍ ഇടപാടിന് ബന്ധമില്ലെന്ന് ഇപ്പോള്‍ പ്രതിരോധ വകുപ്പ് പറയുന്നത് വിശ്വാസത്തിലെടുക്കാന്‍ പറ്റുകയില്ല.

ഈ വിവരം പുറത്ത് വരുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പാണ് സുപ്രിം കോടതി റാഫേല്‍ ഇടപാട് സംബന്ധിച്ച് പുനര്‍വിചാരണക്ക് തയാറായത്. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഇടപാട് സംബന്ധിച്ച് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതായിരുന്നു. എന്നാല്‍ വിധി വന്നതിന് ശേഷം ഹിന്ദു ദിനപ്പത്രവും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ദ വയറും പുറത്ത് വിട്ട മൂന്ന് രഹസ്യരേഖകള്‍ ചൂണ്ടിക്കാണിച്ച് പ്രശാന്ത് ഭൂഷണും യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും വീണ്ടും സുപ്രിം കോടതിയെ സമീപിച്ചു. ഇടപാട് സംബന്ധിച്ച് പുറത്തുവന്ന രഹസ്യരേഖകള്‍ പരിഗണിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതോടെ കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി തയാറാവുകയുമായിരുന്നു.
രഹസ്യരേഖകള്‍ രാജ്യരക്ഷാ വകുപ്പില്‍ നിന്ന് മോഷണം പോയതാണെന്നും അതിനാല്‍ തന്നെ അത് പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല. മോഷണം പോയതാണോ എന്നതല്ല പ്രശ്‌നമെന്നും രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണോ എന്നതാണ് പ്രസക്തമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. അറിയാനുള്ള പൗരന്റെ അവകാശം ഉപയോഗപ്പെടുത്തുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ പറ്റുകയില്ലെന്നും സുപ്രിം കോടതി പറയുകയുണ്ടായി. മാത്രവുമല്ല അഴിമതിയാരോപണങ്ങള്‍ ഉയരുമ്പോള്‍ രാജ്യരക്ഷയുടെ പേര് പറഞ്ഞ് മറതീര്‍ക്കുകയാണോ കേന്ദ്ര സര്‍ക്കാരെന്ന് വിചാരണ വേളയില്‍ ജസ്റ്റിസ് കെ.എം ജോസഫ് അഭിപ്രായപ്പെടുകയുണ്ടായി.
അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച എന്‍. റാമിനെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവരുന്ന അന്വേഷണാത്മക പത്രവാര്‍ത്തകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ടാകണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം റാഫേല്‍ ഇടപാട് കേസ് സംബന്ധിച്ച് വീണ്ടും കേള്‍ക്കാന്‍ സുപ്രിം കോടതി സന്നദ്ധമായിട്ടുണ്ടാവുക.

ഇത്രയും കാര്യങ്ങള്‍ യഥാര്‍ഥമാണെന്നിരിക്കെ ഫ്രഞ്ച് സര്‍ക്കാറില്‍ നിന്നും അനില്‍ അംബാനിയുടെ കമ്പനി വമ്പിച്ച നികുതിയിളവ് നേടിയെന്ന ഫ്രഞ്ച് ദിനപത്രമായ ലെ മോന്തെയുടെ വാര്‍ത്ത എങ്ങനെ അവിശ്വസിക്കും. റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പങ്ക് പകല്‍ പോലെ വെളിവായിരിക്കെ 30,000 കോടി ഇടപാടിലൂടെ അനില്‍ അംബാനിക്ക് നരേന്ദ്ര മോദി നേടിക്കൊടുത്തെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ വസ്തുതകള്‍ നിരത്തി ബി.ജെ.പി സര്‍ക്കാറിന് പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, അനില്‍ അംബാനിക്ക് ഫ്രാന്‍സ് അവിഹിതമായി നികുതിയിളവ് നല്‍കിയെന്ന വാര്‍ത്ത എങ്ങനെ അവിശ്വസിക്കും.
റാഫേല്‍ ഇടപാടിന്റെ മറവില്‍ കൂടുതല്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ അനില്‍ അംബാനിക്ക് വേണ്ടി അണിയറയില്‍ നടന്നു എന്നു വേണം നികുതിയിളവ് സംഭവത്തിലൂടെ മനസിലാക്കാന്‍.

2007-2012 കാലയളവില്‍ നികുതി ഓഡിറ്റിന് ശേഷം ഫ്രാന്‍സ് അനില്‍ അംബാനിയുടെ അറ്റ്‌ലാന്റിക് ഫഌഗ് ഫ്രാന്‍സ് കമ്പനിയോട് 151 ദശലക്ഷം യൂറോ അടയ്ക്കുവാന്‍ നോട്ടിസ് നല്‍കിയതാണ്. ഒത്ത് ത്തീര്‍പ്പിന് അനില്‍ അംബാനി ശ്രമിച്ചതാണെങ്കിലും ഫ്രാന്‍സ് വഴങ്ങി യിരുന്നില്ല. എന്നാല്‍ 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ച് റാഫേല്‍ യുദ്ധവിമാന കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അനില്‍ അംബാനിക്ക് നികുതിയിളവ് നല്‍കുകയും ചെയ്തു. ഇതൊരു സാധാരണ നടപടി ക്രമമാണെങ്കില്‍ ഇതിന് മുന്‍പ് ഫ്രാന്‍സ് ഇതുപോലെ എത്ര കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയെന്ന വിവരവും പുറത്ത് വിടേണ്ടതായിരുന്നു. അതുണ്ടായില്ല. ഇടപാടിലെ രഹസ്യമായ കൊടുക്കല്‍ വാങ്ങലുകള്‍ സംബന്ധിച്ച് ഓരോ ദിനവും പുതിയ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ‘ചൗക്കി ദാര്‍ ചോര്‍ ഹെ’ എന്ന ആരോപണം കുടുതല്‍ മിഴിവോടെ തെളിഞ്ഞു വരികയാണോ എന്ന് തോന്നിപ്പോകുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.