2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

യൂറോ 2020: പോര്‍ച്ചുഗലിനും ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഉജ്വല ജയം

ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ഉജ്വല വിജയം. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബള്‍ഗേറിയയെയും ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കും ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കുമാണ് തോല്‍പിച്ചത്.

സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിന് തോല്‍പിച്ച പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തി. വില്ല്യം കര്‍വാലോ, ഗോണ്‍സാലോ ഗ്യൂഡാസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ എന്നിവരാണ് പോര്‍ച്ചുഗലിനുവേണ്ടി ലക്ഷ്യം കണ്ടത്. സെര്‍ബിയക്കുവേണ്ടി മിലെന്‍കോവിച്ചും മിത്രോവിച്ചും ഗോള്‍ നേടി. മൂന്ന് കളികളില്‍ നിന്ന് മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്.

വെംബ്ലി സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക് നേടിയ മത്സരത്തില്‍ ബള്‍ഗേറിയക്കെതിരേ ഇംഗ്ലണ്ട് പൂര്‍ണാധിപത്യം പുലര്‍ത്തുകയായിരുന്നു. രണ്ട് പെനാല്‍റ്റികള്‍ അടക്കം 24, 49, 73 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. 49, 73 മിനിറ്റുകളിലായിരുന്നു പെനാല്‍റ്റികള്‍. ആദ്യത്തേത് മാര്‍ക്കസ് റാഷ്‌ഫോഡിനെ നിക്കോളായ് ബൊദുരോവ് ഫൗള്‍ ചെയ്തതിനും രണ്ടാമത്തേത് കെയ്‌നിനെ ക്രിസ്റ്റ്യന്‍ ദിമിത്രോവ് ഫൗള്‍ ചെയ്തതിനുമാണ് ലഭിച്ചത്. 40 മത്സരങ്ങളില്‍ നിന്നുള്ള കെയ്‌നിന്റെ ഇരുപത്തിയഞ്ചാം ഗോളായിരുന്നു ഇത്. 55ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ ഗ്രൂപ്പ് എയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് കളികളില്‍ നിന്ന് രണ്ട് പോയിന്റുള്ള ബള്‍ഗേറിയ ഗ്രൂപ്പില്‍ ഏറ്റവും അവസാനക്കാരാണ്.

കിങ്‌സ്‌ലി കോമന്റെ ഇരട്ടഗോളിന്റെ ബലത്തിലാണ് ഫ്രാന്‍സ് അല്‍ബേനിയയെ തകര്‍ത്തത്. 8, 68 മിനിറ്റുകളിലായിരുന്നു കോമന്റെ ഗോളുകള്‍. ഇരുപത്തിയേഴാം മിനിറ്റില്‍ ജിറൗഡും എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ജൊനാഥന്‍ ഇക്കോണെയുമാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. തൊണ്ണൂറാം മിനിറ്റില്‍ സൊകോള്‍ സിക്കലേഷിയാണ് പെനാല്‍റ്റിയിലൂടെ അല്‍ബേനിയയുടെ ആശ്വാസഗോള്‍ നേടിയത്. അഞ്ച് കളികളില്‍ നിന്ന് 12 പോയിന്റുള്ള ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ്. അഞ്ച് കളികളില്‍ നിന്ന് ആറു പോയിന്റുള്ള അല്‍ബേനിയ നാലാമതാണ്.

France and Portugal Back on Track, England Cruise in Euro 2020 Qualifiers


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.