2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്ത് കഴിക്കുന്നു എത്ര കഴിക്കുന്നു എന്നതിലാണ് കാര്യം

 

കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും യോജിച്ച ഭക്ഷണ സംസ്‌കാരമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വിദേശ സംസ്‌കാരത്തെ മാതൃകയാക്കുന്ന മലയാളികളുടെ ഭക്ഷണരീതി ഇന്ന് ഒരുപാട് മാറി. മസാല, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ബേക്കറി, പേസ്ട്രി വിഭവങ്ങളും, ഫാസ്റ്റ് ഫുഡും ദൈനംദിന ജീവിതത്തിന്റെ സന്തത സഹചാരികളായി മാറിയിരിക്കുന്നു. ഇത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന ഘടകങ്ങള്‍ വര്‍ധിപ്പിക്കുന്നു. നല്ല ഭക്ഷണം രുചിയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക്കേണ്ടത്. അതുപോലെ തന്നെ നമ്മുടെ ദഹനശേഷി അനുസരിച്ച് അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശം കൂടുതലുള്ള ഭക്ഷണസാധനങ്ങളാണ് നാം കഴിക്കേണ്ടത്. ഭക്ഷണക്രമത്തിലെ കൃത്യത ഇല്ലായ്മ പല അസുഖങ്ങളും വിളിച്ചുവരുത്തുന്നു.

നമ്മള്‍ പിന്തുടരേണ്ടത്

പോഷക സമൃദ്ധമായ സമീകൃത ആഹാരശൈലി ശീലമാക്കുക, ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ശരീരഭാരം നിലനിര്‍ത്തുക, നമ്മള്‍ എന്തു കഴിക്കുന്നു എത്ര കഴിക്കുന്നു എന്നതിലാണ് കാര്യം. മാത്രമല്ല, നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തില്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. ചിലപ്പോള്‍ നാം തിരഞ്ഞെടുക്കുന്ന ഭക്ഷണം നാവിനു രുചി നല്‍കുന്നത് ആയിരിക്കാം. പക്ഷേ അതു പ്രമേഹം, കോളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വരുത്താന്‍ സാധ്യതയുള്ളതാണെങ്കിലോ. അല്‍പം ശ്രദ്ധയും നോട്ടവുമുണ്ടെങ്കില്‍ ഈ അസുഖങ്ങളെ നമുക്ക് പടിവാതില്‍ക്കല്‍ എത്താതെ അകറ്റിനിര്‍ത്താന്‍ സാധിക്കും.

ഉപ്പ്, അജിനോമോട്ടോ

ഇതിനോടൊപ്പം തന്നെ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കുക. ഉപ്പിന്റെ അംശം മിക്ക ഭക്ഷണ സാധനങ്ങളിലും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പിന്റെ ആവശ്യമേ ഒരു ദിവസം ആവശ്യമായി വരുന്നുള്ളൂ. അച്ചാര്‍, പപ്പടം, ഉണക്കമീന്‍, ഉപ്പ് ബിസ്‌കറ്റ്, ഉപ്പിലിട്ട മറ്റ് ഉല്‍പ്പന്നങ്ങള്‍, അജീനോമോട്ടോ തുടങ്ങിയവ ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ഉപ്പ് ടേബിളില്‍ വച്ച് ഉപ്പ് ചേര്‍ത്ത് കഴിക്കാതിരിക്കുകയും വേണം.

കൊളസ്‌ട്രോള്‍
കുറയ്ക്കാന്‍

നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം ഉപയോഗിക്കുക. ഇത് രക്തത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായകമാണ്. ഇവ കൂടാതെ മലബന്ധം, പ്രമേഹം, പിത്താശയക്കല്ല് എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണത്തിന് കലോറി വളരെ കുറവായി കാണപ്പെടുന്നു. ആയതിനാല്‍ ശരീരഭാരം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഓട്‌സ് എന്നിവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു.

എണ്ണയും പൂരിത കൊഴുപ്പും

വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാമോയില്‍, വനസ്പതി തുടങ്ങിയ പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റ്‌സ്) കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. അപൂരിത കൊഴുപ്പുകള്‍ (മോണോ അണ്‍സാച്ചുറേറ്റഡ് ആന്‍ഡ് പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്‌സ്) ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമവും ഗുണപ്രദവും. ബദാം ഓയില്‍, കനോല ഓയില്‍, കോ ഓയില്‍, സൂര്യകാന്തി എണ്ണ, കടുകെണ്ണ, എള്ളെണ്ണ, ചെറിയ മത്സ്യം എന്നിവയില്‍ അപൂരിത കൊഴുപ്പുകള്‍ കൂടുതലായി കാണപ്പെടുന്നു. ദിവസേന 3 – 4 ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ കൂടുതല്‍ പാചകത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ (ഒമേഗ ആന്‍ഡ് ഫാറ്റി ആസിഡ്) രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പാന്‍, ചീസ്, വെണ്ണ, മുട്ടയുടെ മഞ്ഞ, കരള്‍, തലച്ചോര്‍ ഇവയില്‍ കൊളസ്‌ട്രോള്‍ കൂടുതലായി കാണപ്പെടുന്നു. അതുപോലെതന്നെ ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ ട്രാന്‍സ് ഫാറ്റി ആസിഡ് എ ഘടകം കൂടുതലായി അതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.