2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കടുത്ത പ്രതിസന്ധി; മോദി സര്‍ക്കാരിന് കീഴില്‍ എഫ്.സി.ഐയുടെ കടം പെരുകി

91,409 കോടി രൂപയുടെ കടമായിരുന്നു 2014 മാര്‍ച്ചില്‍ ഫുഡ് കോര്‍പ്പറേഷനുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.65 ലക്ഷം കോടി രൂപയാണ് എഫ്‌സിയുടെ കടം

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കടം മൂന്നിരട്ടി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. 2014 മാര്‍ച്ചില്‍ 91,409 കോടി രൂപയായിരുന്നു എഫ്.സി.ഐയുടെ കടം. എന്നാല്‍ ഇപ്പോഴിത് 2.65 ലക്ഷം കോടി രൂപയാണ്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. ഭക്ഷ്യ സബ്‌സിഡിക്കായി കൃത്യമായ ഫണ്ട് ബജറ്റില്‍ നീക്കി വയ്ക്കാതെ വന്നതോടെയാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കടം വാങ്ങേണ്ടി വന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വന്തമായി വരുമാന സ്രോതസ്സില്ലാത്ത എഫ്.സി.ഐ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 190 ശതമാനത്തോളമാണ് കടം കൂടിയത്. കേന്ദ്രം നല്‍കിയിരുന്ന ഭക്ഷ്യ സബ്‌സിഡി കുറഞ്ഞതോടെയാണ് എഫ്‌സിഐ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലോണുകളെടുത്തത്. 2016-17 കാലയളവ് മുതലാണ് കടം കുതിച്ചുയരാന്‍ തുടങ്ങിയത്. ഈ കാലത്ത് നാഷണല്‍ സ്‌മോള്‍ സേവിങ്‌സ് ഫണ്ടില്‍ നിന്ന് തുടര്‍ച്ചയായി കടം എടുത്തിട്ടുണ്ട്. ഈ ലോണുകളില്‍ നിന്ന് 1.91 ലക്ഷം രൂപയുടെ കടമാണ് എഫ്‌സിഐക്ക് നിലവിലുള്ളത്.
ഭക്ഷ്യ സബ്‌സിഡിക്കായി ബജറ്റില്‍ തുക വിലയിരുത്ത്ല്‍ നേരത്തെ പതിവുണ്ടായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ പണം നല്‍കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ അനുസരിച്ചാണ് എഫ്‌സിഐയുടെ പ്രവര്‍ത്തനം. രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ മേഖലയില്‍ എത്തിക്കുന്നത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. ഭക്ഷ്യധാന്യങ്ങളുടെ സംസ്‌കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എഫ്.സി.ഐ. 1965 ലെ ഫുഡ് കോര്‍പറേഷന്‍ ആക്ട് അനുസരിച്ചാണ് എഫ്‌സിഐ രൂപീകരിച്ചിരിക്കുന്നത്.
താങ്ങുവിലയും സംസ്ഥാനങ്ങള്‍ക്കുള്ള വില്‍പനത്തുകയും നിശ്ചയിക്കുന്നത് കേന്ദ്രമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെ കുറവ് തുകയാണ് സബ്‌സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എഫ്.സി.ഐക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.