
ഹൈദരാബാദ്: ഷാദ്നഗറില് യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ് (26), ലോറി ജീവനക്കാരായ ജൊല്ലു ശിവ (20), ജൊല്ലു നവീന്‍(20), ചന്നകേശവലു(20) എന്നിവരെയാണ് 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തെലങ്കാനയിലെ ഷാദ്നഗര്‍ കോടതി ഉത്തരവിട്ടത്.
കേസ് നടപടികളില്‍ പൊലിസിന് വീഴ്ചപറ്റിയെന്ന് ഡോക്ടറുടെ കുടുംബം ആരോപിച്ചു. സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങിയിട്ടും പൊലിസ് സഹായിക്കാന്‍ തയാറായില്ലെന്നും തങ്ങളുടെ സ്റ്റേഷന് പരിധിയിലല്ല സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി മറ്റു സ്റ്റേഷനുകളിലേയ്ക്ക് അവര്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
പ്രതികള്‍ നടത്തിയ ഹീനകൃത്യത്തിനെതിരെ ഇന്നലെ തെലങ്കാനയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഷാദ്നഗര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ നൂറിലേറെ പേര് സംഘടിച്ച് പൊലിസിനെതിരേ മുദ്രാവാക്യം വിളിച്ചു. കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാവില്ലെന്ന് തെലങ്കാന ബാര്‍കൗണ്‍സില്‍ പ്രമേയം പാസാക്കി.
ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്താണ് കൃത്യം നടത്തിയത്. ഇതുപ്രകാരം യുവ ഡോക്ടറായ പ്രിയങ്ക അറിയാതെ പ്രതി നവീന്‍ അവരുടെ ബൈക്കിന്റെ കാറ്റഴിച്ചു.
ജോലി കഴിഞ്ഞ് അല്‍പ്പദൂരം ബൈക്കോടിച്ച യുവതിയോട് കാറ്റില്ലാത്ത കാര്യം ലോറി ഡ്രൈവര്‍ ആരിഫ് സൂചിപ്പിച്ചു. ബൈക്ക് ഞങ്ങള്‍ നന്നാക്കാമെന്ന് അവര്‍ക്ക് വാഗ്ദാനവും നല്കി. തുടര്‍ന്ന് ശിവയോട് ബൈക്ക് നന്നാക്കാന്‍ ആരിഫ് നിര്‍ദേശവും നല്കി. ഈ സമയത്ത് ബൈക്ക് കേടായ കാര്യവും താന്‍ തനിച്ചായ കാര്യവും യുവതി സഹോദരിയെ ഫോണിലൂടെ അറിയിച്ചു. അവരുടെ അവസാന ഫോണ്‍കോളും ഇതായിരുന്നു.
പിന്നീട് ചന്നകേശവലും ആരിഫും ചേര്‍ന്ന് യുവതിയെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു. കൂട്ടുപ്രതികള്‍ മടങ്ങിയെത്തി അവരും പീഡിപ്പിച്ചു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ചുകത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കാണാതിരുന്നതോടെ 9.44 നു സഹോദരി തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് ഭീതിയിലായ സഹോദദരിയും കുടുംബവും പൊലിസിനെ അറിയിച്ചത്.
എന്നാല്‍ സംഭവം നടന്നത് തങ്ങളുടെ സ്റ്റേഷന് പരിധിയിലല്ലെന്നാണ് മറുപടി ലിഭിച്ചത്. പൊലിസില്‍നിന്ന് സഹായം ലഭിക്കാതിരുന്നതോടെ പുലര്‍ച്ചെ മൂന്നോടെ ഒറ്റയ്ക്ക് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു.