2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

പ്രളയം വിലയിരുത്താന്‍ ലോക ബാങ്ക് സംഘം നാളെ വീണ്ടും കേരളത്തില്‍

20ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം

 

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക്, എ.ഡി.ബി സംഘം നാളെ വീണ്ടും കേരളത്തിലെത്തും. 28 അംഗ സംഘം പ്രളയം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ലോക ബാങ്ക് സംഘത്തിന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരുടെ സന്ദര്‍ശനം. സീനിയര്‍ റൂറല്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ക്ലൈമറ്റ് റിസ്‌ക് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ്, എന്‍വയോണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റ്, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, അര്‍ബന്‍ കണ്‍സല്‍ട്ടന്റ്, വാട്ടര്‍ കണ്‍സല്‍ട്ടന്റ്, ഹൈവേ എന്‍ജിനിയര്‍ കണ്‍സല്‍ട്ടന്റ്, സോഷ്യല്‍ ഡെവലപ്‌മെന്റ് കണ്‍സല്‍ട്ടന്റ്, വാട്ടര്‍, സാനിട്ടേഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങള്‍ അടങ്ങിയ സംഘമാണ് എത്തുന്നത്.
പത്തംഗ സംഘം ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും, പത്തംഗ സംഘം ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും, എട്ടംഗ സംഘം കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതത് ജില്ലകളിലെ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും.
റവന്യു അഡീഷനല്‍ സെക്രട്ടറി കെ. ബിജുവിനെയാണ് സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫിസറായി നിയമിച്ചിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം 19ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് പ്രളയമേഖലകള്‍ സന്ദര്‍ശിച്ച സംഘം നാശനഷ്ടത്തിന്റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുക സംബന്ധിച്ച പ്രാഥമിക കണക്കുകളും തയ്യാറാക്കും.
20ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. 22 വരെ ലോക ബാങ്ക് സംഘം കേരളത്തിലുണ്ടാകും.
കഴിഞ്ഞ മാസം മൂന്നാം തിയതിയായിരുന്നു വായ്പ ആവശ്യപ്പെട്ട് കേരളം ലോക ബാങ്കിന് അപേക്ഷ നല്‍കിയത്. പ്രളയത്തിനു പിന്നാലെ ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ ഹിഷാം അബ്ദു, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഇന്ത്യയിലെ മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുതി വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ റോഡുകളും പാലങ്ങളും പുനര്‍ നിര്‍മിക്കല്‍, പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുടിവെള്ള പദ്ധതികളും വൈദ്യുതി ഉല്‍പാദനവും പഴയ നിലയിലാക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും പുനര്‍ നിര്‍മിക്കല്‍ തുടങ്ങിയവക്കായി ഏതാണ്ട് 5,000 കോടിയുടെ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 20,000 കോടി വേണമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ നാലില്‍ ഒന്ന് ലോക ബാങ്കില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ വിലയിരുത്തലിനു ശേഷം വായ്പ അനുവദിക്കുമെന്ന് നേരത്തെ ലോക ബാങ്ക് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.