2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പ്രളയവും നല്‍കുന്നു, കുറേ പാഠങ്ങള്‍

എന്‍. അബു

കറുത്തമഷിയേക്കാള്‍ കടുത്ത കറുപ്പില്‍ ഒരു സമൂഹത്തെയാകെ അപമാനിച്ച മാധ്യമപ്രവര്‍ത്തകനും കറുത്ത അങ്കിക്കുള്ളില്‍ വെളുത്തഹൃദയമാണുള്ളതെന്നു തെളിയിച്ച അഭിഭാഷകരും ഈ പ്രളയാനന്തരകാലത്ത് നമുക്കു പാഠങ്ങളാകുന്നു. ദൈവത്തെ വെല്ലുവിളിച്ചവരെയൊന്നും കാണാതായി. പ്രകൃതിയെ മാനഭംഗപ്പെടുത്തി നടന്നവര്‍ക്കും ഒളിച്ചോട്ടം തന്നെയായി രുന്നു വിധി.
പതിനായിരങ്ങളെ രക്ഷപ്പെടുത്തിയപ്പോഴും അഞ്ഞൂറിലേറെ പേരുടെ ജീവനെടുത്ത ശേഷമാണു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പത്തിതാഴ്ത്തിയത്. എങ്കിലും ഈ പ്രളയംകൊണ്ടൊരു ഫലമുണ്ടായി. മനുഷ്യനു മനുഷ്യനെ തിരിച്ചറിയാനായി. ജാതിയും മതവും പറഞ്ഞു മുഖം തിരിഞ്ഞു നിന്നവരൊക്കെ ഒന്നായി. ഒരേ ഒരു കേരളം, ഒരേയൊരു ജനത.
കുന്നും മലയും ഇടിച്ചവരും വയലും പുഴയും നികത്തിയവരും നോക്കി നില്‍ക്കേ പ്രകൃതി എല്ലാ കൈയേറ്റങ്ങള്‍ക്കും തോരാമഴയിലൂടെ മറുപടി പറഞ്ഞു. മതത്തിന്റെ മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനായി. ഒരൊറ്റ കേരളമായി, ഒരൊറ്റ ഇന്ത്യയായി.

മനുഷ്യന്‍ ഏറെ പാഠങ്ങള്‍ പഠിച്ചു. ചെറുതോണി പാലം മുങ്ങുന്നതിനു സെക്കന്‍ഡുകള്‍ക്കു മുമ്പ് ഒരു കൊച്ചുകുഞ്ഞിനെ മാറോടു ചേര്‍ത്ത് കുതിച്ചോടുന്ന രക്ഷാപ്രവര്‍ത്തകന്‍, ഹെലികോപ്റ്ററിലെ ഞാണിന്മേല്‍ തൂങ്ങി മനുഷ്യരെ രക്ഷപ്പെടുത്തുന്ന സൈനികന്‍. വെള്ളത്തില്‍ കുനിഞ്ഞിരുന്നു സ്വന്തം മുതുകു ചവിട്ടുപടിയാക്കിക്കൊടുത്ത രക്ഷകന്‍, വില്‍ക്കാന്‍ വച്ച കമ്പിളി മുഴുവന്‍ ദാനം ചെയ്ത അന്യസംസ്ഥാനക്കാരന്‍, സ്വന്തം കമ്മല്‍ പണയം വച്ചു ദുരിതാശ്വാസത്തിനിറങ്ങിയ വയാട്ടിലെ ആദിവാസി സ്ത്രീ, സ്വന്തം മുതുകില്‍ അരി ചുമന്ന ജില്ലാകലക്ടര്‍… ഇവരെയെല്ലാം നാം കണ്ടു.
‘ഇതു പൊതുവഴിയല്ല’ എന്നും ‘അന്യമതക്കാര്‍ക്കു പ്രവേശനമില്ല’ എന്നും ബോര്‍ഡ് എഴുതിവച്ചവരെയൊക്കെ നിലംപരിശാക്കിയാണു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം താണ്ഡവമാടിയത്. മനുഷ്യമനസിലെ കാലുഷ്യങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. നമ്മള്‍ എല്ലാം ഒരേ മാതാവിന്റെയും ഒരേ പിതാവിന്റെയും മക്കളാണെന്ന ആദിവചനം സാക്ഷാത്കരിക്കപ്പെട്ടു.
വെളുത്ത പല്ലു കാട്ടി ചിരിക്കുമ്പോഴും മനസിലാകെ കറുപ്പു നിറച്ചവര്‍ക്ക് അതൊന്നും പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയായി. കാക്കിക്കുള്ളിലെ കാടത്തങ്ങളെക്കുറിച്ചു പരാതിപ്പെട്ടവര്‍ അതിലെ വെളുപ്പിനെ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. കോടതിയുടെ നാലയലത്തുപോലും മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പാടില്ലെന്നു വാശിപിടിച്ച അഭിഭാഷകര്‍ പത്രക്കാരെ വിളിച്ചുവരുത്തി. കൈമെയ് മറന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

സുപ്രിംകോടതിയുടെ പരമാധികാര മുറ്റത്ത് അതിനു നേതൃത്വം നല്‍കാന്‍ സീനിയര്‍ ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് കുര്യന്‍ ജോസഫ് തന്നെ എത്തി. ഒരൊറ്റ വാഹനവും നിര്‍ത്തിയിടാന്‍ സമ്മതിക്കാത്ത ക്യാംപസില്‍ റിലീഫ് വാഹനങ്ങള്‍ പലതെത്തി. കേരള സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനകാലത്തു തന്നെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവന്ന അദ്ദേഹം 65-ാം വയസില്‍ രാജ്യത്തെ പരമോന്നത കോടതി മുറ്റത്തു ന്യായാധിപന്മാരെയും അഭിഭാഷകരെയും പത്രക്കാരെയും വിളിച്ചുകൂട്ടി.
ഡല്‍ഹിയിലെ അഭിഭാഷകര്‍ കേരളത്തിലെ പ്രളയദുരിതത്തിന് സാമ്പത്തികസഹായം സ്വരൂപിക്കാന്‍ പ്രത്യേക വാട്‌സ്ആപ്പ് കൂട്ടായ്മയുണ്ടാക്കി. മലയാളികൂടിയായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി മാതൃക കാട്ടി. കണ്ണൂരിലെ സര്‍ക്കാര്‍ പ്ലീഡറിയായിരുന്ന അഡ്വ. പി.കെ വിജയന്‍ കണ്ണൂരിലും വയനാട്ടിലും തന്റെ പേരിലുള്ള 60 ലക്ഷം രൂപ വിലവരുന്ന 50 സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.
പണവും വിഭവങ്ങളും വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയപ്പോള്‍ മനുഷ്യരെല്ലാം ഒന്നായി. ആ കൂട്ടായ്മയുടെ വിജയം ചരിത്രത്തിലെ ഏറ്റവും വലിയ വീരഗാഥകളില്‍ ഒന്നായി. കറുപ്പിനു അഴകുണ്ടെന്നു സാമൂഹം തിരിച്ചറിഞ്ഞു. ചരിത്രം പഴയതാളുകള്‍ സാവകാശം മറിച്ചു നോക്കുന്നു. കീഴ്‌ക്കോടതിയിലാണ് അഭിഭാഷകരില്‍ ചിലരും ഏതാനും പത്രപ്രവര്‍ത്തകരും തമ്മില്‍ തെറ്റിയത്. ഒരു കൈയേറ്റക്കേസില്‍ പ്രതികളായ ചില വക്കീലന്മാരെ പൊലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കുന്നതിന്റെ പടം എടുക്കാന്‍ ശ്രമിച്ച ചാനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരേ തുടങ്ങിയ പ്രതിഷേധം അടിപിടിയിലെത്തി.
കേസുകളൊന്നും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്നിടത്തോളം സംഗതികള്‍ ചെന്നെത്തി. പത്രപ്രവര്‍ത്തക സംഘടനകള്‍ മുതല്‍ പത്രസ്ഥാപന ഉടമകള്‍ വരെ പ്രതിഷേധിച്ചു. മേല്‍ക്കോടതികളിലെ ന്യായാധിപന്മാര്‍ വരെ അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചു. രാഷ്ട്രീയനേതാക്കള്‍ അഭിഭാഷകസംഘടനകളെ പ്രതിഷേധമറിയിച്ചു. പക്ഷേ, ഒരു വിഭാഗം അഭിഭാഷകരുടെ ശക്തമായ വിയോജിപ്പുതന്നെയാണു വിജയകരമായി മുന്നേറിയത്.
ആ ശീതസമരം മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ചണിനിരന്നു നാടിന്റെയും നാട്ടുകാരുടെയും കണ്ണീരൊപ്പുന്ന വിസ്മയകരമായ കാഴ്ച കേരളം പ്രളയക്കെടുതിയിലാണ്ടു പോയപ്പോള്‍ നാടിന്റെ പല ഭാഗത്തും കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ശേഖരിച്ച വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ പോലും ഓഫിസ് മുറി തുറന്നുകൊടുക്കാത്ത ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയെ തള്ളിമാറ്റി ആ വാതില്‍ ചവിട്ടിത്തുറക്കാന്‍ കല്‍പ്പന നല്‍കിയ വനിതാ കലക്ടറുടെ നാട്ടിലേയ്ക്കു യു.എ.ഇ എന്ന പേരില്‍ അതിരുകളില്ലാത്ത സ്‌നേഹവും സൗഹൃദവും സഹായവും കടല്‍ കടന്നെത്തി.
പ്രകൃതി സംരക്ഷണത്തിന്റെ സ്‌നേഹഗീതവുമായി എത്തിയ മാധവ് ഗാഡ്ഗിലിനെ കല്ലെറിയാനും ശ്രീറാം വെങ്കട്ടരാമനെ ആട്ടിയോടിക്കാനും കസ്തൂരിരംഗനെ ചീത്തവിളിക്കാനും സമയം കണ്ടതില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്നു നമുക്കെല്ലാം. സുപ്രിംകോടതി ക്യാംപസില്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നതിനു പിന്നാലെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റിലീഫ് ക്യാംപില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ മുഖ്യാതിഥിയായെത്തി. നീണ്ട കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സുപ്രിംകോടതി ജഡ്ജിയായി അധികാരമേറ്റ ജസ്റ്റിസ് കെ.എം ജോസഫ് മലയാളത്തിലും ഹിന്ദിയിലുമായി രണ്ടു ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഒപ്പം ചേര്‍ന്നു. പിന്നണി ഗായകനായ മോഹിത് ചൗഹാന്‍ പാട്ടുപാടി. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയായ ഭദ്രാ സിന്‍ഹ ഭരതനാട്യം അവതരിപ്പിച്ചു.

കറുത്ത മഷിയേക്കാള്‍ കറുപ്പാര്‍ന്ന നാക്കുമായി നടക്കുന്ന കമന്റേറ്റര്‍മാര്‍ കൂടി നമുക്കിടയിലുള്ളപ്പോള്‍ ഈ കറുപ്പിലെ വെളുപ്പ് മാധ്യമപ്രവര്‍ത്തകനും തിരിച്ചറിഞ്ഞു കാണും.യു.എ.ഇ സഹായവാഗ്ദാനത്തിന്റെ പേരിലായാലും സംസ്‌കാരസമ്പന്നരായ കേരളീയരെ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നാണംകെട്ട ജനത എന്നു വിശേഷിപ്പിക്കാന്‍ ഒരു നാഷണല്‍ ടി.വി ചാനലിന്റെ പരമാധികാരിക്കു തന്നെ ധൈര്യമുണ്ടായല്ലോ.
മനുഷ്യന്‍ അടക്കുന്ന വഴികളെല്ലാം ദൈവം തുറക്കുമെന്നു ഇന്നു നാം അറിഞ്ഞു. അത് കണ്ടപ്പോഴെങ്കിലും ചന്ദ്രനെ കാല്‍ക്കീഴിലാക്കി എന്നു അഹങ്കരിച്ച മനുഷ്യനു തന്റെ വലിപ്പം മനസിലായിക്കാണണം. സര്‍വലോക രക്ഷിതാവായ ദൈവമേ, മാപ്പ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News