2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം; മധ്യേഷ്യയിലെ വിമാന റൂട്ടുകളില്‍ മാറ്റം വരുത്തി ഗള്‍ഫ് വിമാന കമ്പനികള്‍

മുംബൈയിലേക്കുള്ള അമേരിക്കന്‍ വിമാനം റദ്ദാക്കി, ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്കെന്നു സൂചന

റിയാദ്: അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതിനു പിന്നാലെ മേഖല യുദ്ധ ഭീതിയിലേക്ക് നീങ്ങവേ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇറാന്‍ സമുദ്രാതിര്‍ത്തിക്കു മുകളിലൂടെ പറക്കരുതെന്ന് അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് യു.എസ് വ്യോമ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികള്‍ വിമാന സര്‍വ്വീസ് റൂട്ടുകള്‍ മാറ്റം വരുത്തി. ഹോര്‍മുസ് കടിലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ പറക്കരുതെന്നാണ് നിര്‍ദേശം.

ഇറാന്‍ വ്യോമ സേന അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിടുമ്പോള്‍ ഈ മേഖലയിലൂടെ നിരവധി വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. ഇറാന്‍ വലിയ പാതകം ചെയ്തുവെന്നാണ് നിരീക്ഷണത്തിനായി അയച്ച ചാര വിമാനത്തെ വെടിവെച്ചിട്ട നടപടിയെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഡ്രോണ്‍ തകര്‍ക്കുമ്പോള്‍ ഇതിന്റെ 45 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സവിലിയന്‍ വിമാനമുണ്ടായിരുന്നുവെന്ന് എഫ്എഎ ചൂണ്ടിക്കാണിക്കുന്നു.
ദുബൈ കേന്ദ്രീകരിച്ചു സര്‍വ്വീസ് നടത്തുന്ന ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ്, വിമാനങ്ങളുടെ ചില സര്‍വീസുകളുടെ റൂട്ടുകളില്‍ മാറ്റം വരുത്തിയതായി എയര്‍ ലൈന്‍ കമ്പനികള്‍ അറിയിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിപ്പ് തങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും മേഖലയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം തങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഫ്‌ളൈ ദുബൈ വക്താവ് അറിയിച്ചു. നിലവിലെ സ്ഥിതി ഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വിമാന റൂട്ടുകളില്‍ മാറ്റം വരുത്തുന്നതടക്കം വേണ്ട നടപടികള്‍ കൈകൊണ്ടെന്നും എമിറേറ്റ്‌സ് വിമാന കമ്പനി വ്യക്തമാക്കി.

ചില സര്‍വീസുകളില്‍ യാത്രാ റൂട്ട് മാറ്റം വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് വിമാന കമ്പനി അറിയിച്ചു. സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനം യു എ എ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജി സി എ എ റൂട്ട് മാറ്റത്തിന് അനുവാദം നല്‍കിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടി കാട്ടി. മുന്നറിയിപ്പ് ഗൗരവത്തോടെ കാണുന്നുവെന്ന് എയര്‍ അറേബ്യാ അറിയിച്ചു.

വന്‍തോതില്‍ സിവില്‍ വിമാനങ്ങള്‍ പറക്കുന്ന മേഖലയില്‍ സൈനിക നടപടി വര്‍ധിക്കുന്നത് അത്യധികം ആശങ്കാ ജനകമാണെന്ന് എഫ്എഎ പറയുന്നു. വിമാനങ്ങള്‍ക്ക് എഫ്.എ.എ ഏര്‍പ്പെടുത്തിയ നിരോധം വടക്കെ അമേരിക്കയില്‍നിന്ന് ഏഷ്യയിലേക്കുള്ള സര്‍വീസുകളെയാണ് പ്രധാനമായും ബാധിക്കുക.
ന്യൂജഴ്‌സിയിലെ നെവാര്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനം പ്രമുഖ യു.എസ് വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സ് റദ്ദാക്കി. ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തിയിരുന്ന ഏക യു.എസ് വിമാന കമ്പനിയാണ് ഷിക്കാഗോ ആസ്ഥാനമായുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ്. ഇറാന്‍ വ്യോമപാതയിലൂടെ പറക്കില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയും വ്യക്തമാക്കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.