2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

അഞ്ച് പ്രളയകാഴ്ചകള്‍

ഒ.എം അബൂബക്കര്‍
 
01
 
ഫെയ്‌സ്ബുക്കും
ഫെയ്‌സും
 
മുഖ്യമന്ത്രിയുടെ
പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് 
സംഭാവന നല്‍കുക.
കേരളം അതിജയിക്കട്ടെ.
 
അയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത്
ലൈക്കിനും കമന്റിനും വേണ്ടി കാത്തിരുന്നു.
 
അപ്പോഴാണ് ഗെയിറ്റ് തുറക്കുന്ന 
ശബ്ദം കേട്ടത്. കുറേ പേരുണ്ട്.
സ്റ്റിക്കര്‍ പതിച്ച ഒരു ബക്കറ്റുമുണ്ട്.
 
അയാള്‍ വേഗം വീടിന്റെ മുകളിലെ 
മുറിയില്‍ കയറി വാതിലടച്ചു
 
 
02
 
നോക്കിനോക്കിയിരിക്കെ..
 
കുന്നിന്‍മുകളിലെ വീട്ടിലിരുന്ന് 
ആകാംക്ഷയോടെ അയാള്‍ ചാനല്‍ തുറന്നു.
പ്രളയവാര്‍ത്തകള്‍ തന്നെ.
പാലങ്ങള്‍ നിറഞ്ഞൊഴുകുന്നു,
വീടൊലിച്ചു പോകുന്നു, മുപ്പത് പേരെ കാണാനില്ല,
ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്,
പ്രളയഭീതിയൊഴിയാത്ത ഷോട്ട്‌സുകള്‍…
 
ചാനലിലെ വാര്‍ത്തകളൊന്നും
അയാളെ അലോസരപ്പെടുത്തിയില്ല.
ചാനലുകളെല്ലാം വെള്ളം കയറി നിറഞ്ഞൊഴുകി.
 
നിമിഷങ്ങള്‍ക്കകം ഒരു ബ്രേക്കിങ് ന്യൂസ് 
കുന്നിന്‍മുകളിലെ ആ വീടിനെ വിഴുങ്ങി.
 
ഉരുള്‍പൊട്ടിയൊലിച്ചു പോയത് 
പതിനഞ്ച് കോടിയുടെ വീട്. 
മൃതദേഹങ്ങള്‍ക്കായ് തിരച്ചില്‍ തുടരുന്നു
 
03
 
സിലബസില്‍ ഇല്ലാത്ത പാഠം
 
ഇത്രയുംനാള്‍ അയാള്‍ 
വീട്ടിലെ അഴുക്കുവെള്ളം മുഴുവന്‍ 
അടുത്ത വീട്ടുപറമ്പിലേക്കായിരുന്നു
ഒഴുക്കിവിട്ടത്.
ഇപ്പോള്‍ അയാള്‍ ചെളിവെള്ളത്തിലായ 
വീട് വൃത്തിയാക്കുന്ന തിരക്കിലാണ്
 
04
 
സ്‌നേഹം
 
ദുരിതാശ്വാസക്യാംപില്‍  നിന്ന് പുറത്തിറങ്ങവെ
സ്‌നേഹം ഉറക്കെ വിളിച്ചു പറഞ്ഞു
ടാറ്റാ… ഇനി നമുക്ക് അടുത്ത പ്രളയത്തിന് കാണാം
 
05
 
ഭയാനകം
 
പ്രളയത്തേക്കാള്‍ ഭീകരമായിരുന്നു
പ്രളയകാല കവിതകള്‍
 
ഒരുത്തന്റെ വക
പ്രളയം പ്രണയമാണ്
പ്രണയം പ്രളയമാണ്…
 
അവന്റെ ഒടുക്കത്തെ പ്രാസം
 
മറ്റൊരുത്തന്റെ വക
 
മഴയിലൊരു പുഴയൊഴുകി പുഴയിലൊരു മഴയൊഴുകി
പുഴയൊഴുകി മഴയൊഴുകി മഴ പുഴയിലൊഴുകിയൊഴുകി
 
മറ്റൊരുത്തിയുടെ വക
പ്രളയമേ..
നീ  വെറ്റില തിന്ന് ചുണ്ട് ചുവപ്പിച്ച 
സുന്ദരിയായ യക്ഷിയെപ്പോലെ
അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു… 
ഓരോ കാഴ്ചയിലും മോഹിപ്പിച്ചു 
മോഹിപ്പിച്ചങ്ങനെ 
ലാസ്യ വിലാസ വതിയായി..
കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ.. 
പ്രളയമേ… എന്റെ പ്രളയമേ

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.