2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

കൊവിഡിനും കഷ്ടപ്പാടിനും ഒറ്റമൂലിയാകുമോ പ്രധാനമന്ത്രിയുടെ കത്ത്


 

രാജ്യത്ത് നാലുഘട്ട ലോക്ക് ഡൗണ്‍ കഴിഞ്ഞു. അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ എന്തൊക്കെയായിരിക്കും ഇളവുകള്‍ എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ശനിയാഴ്ച ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതിന്റെ ആദ്യ സൂചനകള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത്.

ജീവനൊപ്പം ജീവിതവും, കൊറോണ വൈറസിനൊപ്പം ഇനിയുള്ള കാലം ജീവിക്കുക തുടങ്ങിയ അന്തര്‍ദേശീയ മുദ്രാവാക്യങ്ങളുടെ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍, ഇന്ത്യ ഇന്ന് അത്തരമൊരു നടപടിയിലേക്കു നീങ്ങാന്‍ എത്രമാത്രം സജ്ജമാണെന്ന ചോദ്യവും ഒപ്പം ഉയരുകയാണ്. നോട്ടുനിരോധനം പോലെ, കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാടുകളിലേക്കെത്തിക്കാതെ തിടുക്കപ്പെട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു പോലെ, കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു പിടിപ്പുകേടാകുമോ ജൂണ്‍ എട്ടിനു പ്രാബല്യത്തില്‍ വരുന്ന പുതിയ നടപടികള്‍ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. സംസ്ഥാനത്തു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അതുപോ ലെ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഇതിനകം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയുടെയും വിദഗ്ധ സമിതിയുടെയും തീരുമാനം അനുസരിച്ചായിരിക്കും കേന്ദ്രനിര്‍ദേശം സംസ്ഥാനത്തു നടപ്പാക്കണോയെന്നു തീരുമാനിക്കുക.
ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍, തിയറ്ററുകള്‍, പാര്‍ക്കുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയൊക്കെ ജൂണ്‍ എട്ടു മുതല്‍ ഘട്ടംഘട്ടമായി തുറന്നു പ്രവര്‍ത്തിക്കാമെന്നാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് എന്തുമാത്രം അപകടം പിടിച്ചതും പ്രത്യാഘാതം ഉള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നില്ല.

കൊറോണ വൈറസ് ബാധിതര്‍ ഏഷ്യയില്‍ ഏറ്റവും കൂടുതലുള്ളത് ഇപ്പോള്‍ ഇന്ത്യയിലാണ്. ലോകത്ത് എട്ടാം സ്ഥാനത്തും. മരണനിരക്കുകളില്‍ ചൈനയെ ഇന്ത്യ പിന്തള്ളിയിരിക്കുന്നു. എന്നിട്ടാണിപ്പോള്‍ രോഗവ്യാപനം എളുപ്പമാക്കുന്ന നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിക്കുന്നത്. മറ്റു രാഷ്ട്രങ്ങള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തുന്നുണ്ടെങ്കില്‍ അതവരുടെ ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിക്കൊണ്ടാണ്. ഇന്ത്യ എന്താണു തങ്ങളുടെ ജനതയ്ക്ക് നല്‍കുന്നത്?. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസം നല്‍കാനായി കത്തെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ പ്രധാനമന്ത്രിയുടെ കത്ത് വായിച്ചു സുഖപ്പെടുമോ, പട്ടിണികൊണ്ട് മരിക്കുന്നവരുടെ വിശപ്പ് മാറുമോ, മുന്നൊരുക്കമില്ലാത്ത ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്നു ജന്മനാട് പറ്റാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടിയ കുടിയേറ്റ തൊഴിലാളികള്‍ വഴിയില്‍ തളര്‍ന്നുവീണു മരിച്ചതും റെയില്‍പാളങ്ങളില്‍ ചതഞ്ഞുതീര്‍ന്നതും അത്രവേഗം മറക്കാന്‍ കഴിയുമോ? ട്രെയിനുകളില്‍ വെള്ളം പോലും കിട്ടാതെ മരണപ്പെട്ടതും പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന പെറ്റമ്മയെ വിളിച്ചുണര്‍ത്താന്‍ പാടുപെടുന്ന പിഞ്ചുകുഞ്ഞും വിശന്നു തളരുന്ന മക്കളെ പോറ്റാനാവാതെ ട്രെയിനിനു മുന്നില്‍ ചാടി യു.പിയില്‍ ആത്മഹത്യ ചെയ്ത ഗൃഹനാഥനും നമ്മുടെ ഭരണാധികാരികളെ അശേഷം ചഞ്ചലരാക്കുന്നില്ല. അവരെ വ്യാകുലരാക്കുന്നില്ല. എന്നിട്ടും ആറു വര്‍ഷത്തെ പൊള്ളയായ വാഗ്ദാനങ്ങള്‍ നിരത്തി കത്തുകളില്‍ പൊലിപ്പിച്ചുകാണിച്ച് വീണ്ടും ഇന്ത്യന്‍ ജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണകര്‍ത്താക്കളെ കിട്ടുന്നു എന്ന ആപ്തവാക്യം സമകാലിക ഇന്ത്യയുടെ അടിക്കുറിപ്പായിത്തീര്‍ന്നിരിക്കുകയാണ്.
ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളിലും ധാരാളം അപാകതകളുണ്ട്. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തി മറ്റു പ്രദേശങ്ങളെ സാധാരണ നിലയിലേക്കു കൊണ്ടുവരികയെന്നത് ഒരു തീരുമാനമാണ്. അതോടൊപ്പം തന്നെ അന്തര്‍സംസ്ഥാന യാത്രാ പാസുകള്‍ വേണ്ടെന്നുവയ്ക്കാനും തീരുമാനമെടുത്തിരിക്കുന്നു. ഇതുവഴി സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം പെട്ടെന്നു സംഭവിക്കും. നിയന്ത്രണങ്ങള്‍ പലതും എടുത്തുകളയുമ്പോള്‍ തീവ്രബാധിത പ്രദേശങ്ങളില്‍നിന്ന് അത് ഇല്ലാത്ത ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകു ം. സംസ്ഥാനങ്ങളില്‍നിന്നും ഒഴുക്കുണ്ടാകും. ഇപ്പോള്‍ കേരളത്തില്‍ രോഗികള്‍ പെരുകുന്നതിനു കാരണം വിദേശങ്ങളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മലയാളികള്‍ മടങ്ങിവരുന്നതിനാലാണ്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമ്പോള്‍ ജനങ്ങളില്‍ ജാഗ്രതക്കുറവുമുണ്ടാകും. രോഗപ്പകര്‍ച്ച നി യന്ത്രിക്കാനാ കാത്ത അവസ്ഥയായിരിക്കും പിന്നീടുണ്ടാവുക. നിയന്ത്രണങ്ങള്‍ ഇല്ലാതാകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസിനും ഒന്നും ചെയ്യാനാകില്ല.

കൊവിഡ് കൊണ്ട് ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗമായ അടിസ്ഥാനവര്‍ഗം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തം വിശപ്പു മാറ്റാന്‍ ഒരു വഴിയുമില്ലെന്നതാണ്. മറ്റൊന്ന്, കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ പലായനമാണ്. മറ്റൊന്നാകട്ടെ, എല്ലാം നഷ്ടപ്പെട്ട് ജീവന്‍ നിലനിര്‍ത്താന്‍ നാടണയാന്‍ വെമ്പുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കണക്കുപറഞ്ഞ് വിമാനക്കൂലിയും ഭക്ഷണച്ചെലവും ക്വാറന്റൈന്‍ ഫീസും ഈടാക്കുന്നതാണ്.

ലോക്ക് ഡൗണില്‍ കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ധരടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിത യാത്രയ്ക്കുവേണ്ടി സുപ്രിം കോടതിക്ക് ഇടപെടേണ്ടിവന്നു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശന്നു മരിക്കുന്നവര്‍ക്ക് കത്തെഴുതാനാണു തുനിഞ്ഞത്. പ്രതിസന്ധികളെ തനിക്കനുകൂല ഘടകങ്ങളാക്കി മാറ്റുന്നതില്‍ മികവു തെളിയിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദി. രാജ്യത്തിനൊരു പ്രതിസന്ധി വരുമ്പോള്‍ ജനങ്ങള്‍ മറ്റെല്ലാം മറന്നു ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കും. ആ സാധ്യതയെയാണ് ബി.ജെ.പി ഭരണകൂടം ഇപ്പോഴും ചൂഷണം ചെയ്യുന്നത്.
ലോകത്തെ പട്ടിണി രാജ്യമെന്ന് വിശേഷിപ്പിക്കുന്ന സോമാലിയ അവരുടെ പൗരന്മാരെ സൗജന്യമായാണ് വിദേശ രാജ്യങ്ങളില്‍നിന്നു തിരികെയെത്തിച്ചത്. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശ് പാവപ്പെട്ടവര്‍ക്ക് അയ്യായിരം രൂപ നല്‍കി. ജീവിതമാര്‍ഗം കണ്ടെത്താന്‍ അഞ്ചു ലക്ഷം രൂപ വായ്പ അനുവദിച്ചു. ശ്രീലങ്കയും നേപ്പാളും സമാനമായ നടപടികളാണ് സ്വീകരിച്ചത്. സാമ്പത്തിക ശക്തിയെന്നു മേനിനടിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയോ ഇല്ലാത്ത ഭരണനേട്ടങ്ങള്‍ നിരത്തി പട്ടിണി കിടക്കുന്നവര്‍ക്ക് കത്തെഴുതിക്കൊണ്ടിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.