2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം പടരുന്നു, വീഡിയോ കാണാം.

 

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിന് ഭീഷണിയായിമാറിയ തീപിടുത്തം മൂന്നാംദിവസവും തുടരുകയാണ്. ഇന്നു ഉച്ചക്ക് ശേഷവും വനത്തില്‍ തീപടര്‍ന്നു. കുറിച്യാട് റെയിഞ്ചില്‍പെടുന്ന വടക്കനാട് വനമേഖലയിലെ പൂവഞ്ചി, കാളിമല എന്നിവിടങ്ങളിലും കഴിഞ്ഞദിവസം തീപടര്‍ന്ന താത്തൂര്‍ വനമേഖലയിലെ പാറകൊല്ലി ഭാഗത്തും തീപടര്‍ന്നു. മൂന്നുദിവസമായി പടര്‍ന്നുപിടിച്ച തീയില്‍ ഇതുവരെ 40 ഹെക്ടര്‍ വനഭൂമിയാണ് കത്തിനശിച്ചത്. ഇതില്‍ അടിക്കാടുകളും പുല്‍വര്‍ഗങ്ങളും മരങ്ങളും പെടും. ഉരഗവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പടെ ചെറിയ ജന്തുവര്‍ഗ്ഗങ്ങള്‍ക്കും ജീവഹാനിസംഭവിച്ചുട്ടാണ്ടാവാം എന്നാണ് നിഗമനം. തീ മനുഷ്യ നിര്‍മിതമാണെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിനുതെളിവായി ഇന്നലെ രാവിലെ 11ന് കുറിച്യാട് റെയഞ്ച് ഓഫിസിലേക്ക് തീപിടുത്തത്തിന് സാധ്യയുണ്ടന്ന് പറഞ്ഞ് ഫോണ്‍കോള്‍ വന്നിട്ടുണ്ടായിരുന്നതായി റെയിഞ്ചര്‍ പറഞ്ഞു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത്് അന്വേഷണം നടത്തുന്നുണ്ട്.

ഗൂഡല്ലൂരിന് സമീപം ദേവാലയില്‍ കാട്ടുതീ പടര്‍ന്ന് അഞ്ച് ഏക്കര്‍ തേയിലത്തോട്ടം പൂര്‍ണമായികത്തി നശിച്ചു.

ദേവാലയിലെ സര്‍ക്കാര്‍ തേയിലത്തോട്ടത്തിലെ റെയ്ഞ്ച് ഒന്നിലാണ് തീപിടിത്തമുണ്ടായത്. വനം വകുപ്പില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് ദേവാലയില്‍ നിന്നും റെയ്ഞ്ചര്‍ ശരവണനും സംഘവും സ്ഥലത്തെത്തി തൊഴിലാളികളുടെ സഹായത്തോടെ തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചില്ല. ചേരമ്പാടിയിലെ ബി.എസ്.എന്‍.എല്‍ കാര്യാലയ വളപ്പിലെ മുളങ്കാടിനും കഴിഞ്ഞദിവസം തീ തീപിടിച്ചിരുന്നു. ബി.എസ്.എന്‍.എല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് നീണ്ട നേരത്തെ പരിശ്രമത്തിന്റെ ഫലമായാണ് തീ അണച്ചത്. കൂടാതെ കഴിഞ്ഞദിവസം ബിതര്‍ക്കാട് റെയ്ഞ്ചിലും വനം കത്തിനശിച്ചിരുന്നു. ആറു ഏക്കര്‍ വനമാണ് കത്തിനശിച്ചത്. സംഭവത്തില്‍ തീയണക്കാന്‍ ശ്രമിക്കാതിരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിക്കാതിരിക്കുകയും ചെയ്ത വാച്ചര്‍ നന്ദകുമാര്‍ (35)നെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വേനല്‍ കനത്തതോടെ പലയിടങ്ങളിലും കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്.

 

ബാണാസുര മലയുടെ മുകള്‍ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാട്ടുതിയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയും റവന്യു ഭൂമിയും കത്തി നശിച്ചു

വാളാരംകുന്ന്, നരിപ്പാറ, കാപ്പികളം പ്രദേശത്തുള്ള വനഭാഗത്തെ ഉള്‍ക്കാടുകളിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് ബാണാസുരമലയില്‍ തീ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുമുള്ള വന പ്രദേശത്താണ് ഒരേസമയത്ത് തീപ്പിടിത്തമുണ്ടായത്. വാളാരംകുന്ന് മലയുടെ മുകള്‍ ഭാഗത്തുള്ള റവന്യു ഭൂമിയില്‍ നിന്നാണ് തീഉയര്‍ന്നതെന്നാണ് നിഗമനം. പിന്നീട് ഇത് കാപ്പിക്കളം ഭാഗത്തേക്കു പടരുകയായിരുന്നു. കനത്ത കാറ്റ് കാരണം വെള്ളിയാഴ്ച രാത്രിയില്‍ തീ നിയന്ത്രിക്കാനാവാതെ ആളിപ്പടരുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ മാനന്തവാടി സെക്ഷന് കീഴിലുള്ള ഭാഗം ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എങ്കിലും കാപ്പിക്കളം ഭാഗത്ത് നിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെ പുല്‍ക്കാടുകള്‍ ഇന്നലെയും കത്തിക്കൊണ്ടരിക്കുകയാണ്. ഒരു വിധത്തിലും എത്തിപ്പെടാന്‍ കഴിയാത്ത ഭാഗങ്ങളിലാണ് തീ കത്തുന്നത്. ഇത് താഴ്ഭാഗങ്ങളിലേക്കെത്താതിരിക്കാനുള്ള പരിശ്രമങ്ങളാണ് വനം വകുപ്പ് നടത്തി വരുന്നത്. നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തുള്ള അടികാടുകള്‍ കത്തിനശിച്ചതായാണ് വിവരം. ഫയര്‍ വാച്ചര്‍മാരുടെ അനാസ്ഥയാണ് തീപിടുത്തത്തിന് കാരണമെന്ന് ആക്ഷേപവും ഉണ്ട്. ബാണസുര മലയില്‍ തീപിടുത്തമുണ്ടായത് മലയിലെ ഉറവകളും നീര്‍ച്ചാലുകളും വറ്റിവരളാന്‍ കാരണമായേക്കും. കഴിഞ്ഞദിവസം രാത്രി തേറ്റമല പാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനഭാഗത്തും തീപിടിച്ചിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും തൊഴിലാളികളും വളരെ പണിപ്പെട്ടാണ് തീയണച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.