2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

Editorial

ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികളിലേക്ക്


സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് അപകടകരമാംവിധം വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍ എടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ആദിത്യനാഥ്, മറ്റൊരു ബി.ജെ.പി നേതാവായ മേനകാഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അസ്‌ലംഖാന്‍ എന്നിവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ആദിത്യനാഥ്, അസ്‌ലംഖാന്‍ എന്നിവര്‍ക്ക് മൂന്ന് ദിവസവും മേനകാഗാന്ധി, മായാവതി എന്നിവര്‍ക്ക് രണ്ട് ദിവസവുമാണ് പ്രസംഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മായാവതി സുപ്രിംകോടതിയെ സമീപിച്ചുവെങ്കിലും കോടതി ഹരജി ഫയലില്‍ സ്വീകരിച്ചതല്ലാതെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേതാക്കളില്‍നിന്ന് ഉണ്ടാവുകയാണെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്ന് കോടതി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി വന്നതിന് പിന്നാലെയാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ചത്. തങ്ങളില്‍ അര്‍പ്പിതമായ അധികാരത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുബോധവുമില്ലേ എന്ന് സുപ്രിംകോടതി ചോദിച്ചതിനെത്തുടര്‍ന്നാണ് കമ്മിഷന്‍ ആര്‍.എസ്.എസുകാരനായ ആദിത്യനാഥിനെതിരേയും മായാവതിക്കെതിരേയും അസ്‌ലംഖാനെതിരേയും മേനകാഗാന്ധിക്കെതിരേയും വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിവരം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇന്നലെ കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതിനു പരിഹാസം കലര്‍ന്ന പ്രതികരണമാണ് കോടതിയില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കേള്‍ക്കേണ്ടിവന്നത്. അപ്പോള്‍ തങ്ങളുടെ അധികാരത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നല്ലബോധ്യമുണ്ടല്ലേ എന്നായിരുന്നു കോടതിയുടെ പ്രതികരണം.
മീററ്റില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് ആദിത്യനാഥ്, കോണ്‍ഗ്രസിനെ അപമാനിക്കുന്ന പ്രസംഗമായിരുന്നു നടത്തിയത്. ‘കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പത്രികാ സമര്‍പ്പണ റാലി നിങ്ങള്‍ കണ്ടിട്ടുണ്ടോ, കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുന്നു’ തുടങ്ങിയ അത്യന്തം ഹീനമായ വര്‍ഗീയ പ്രചാരണമായിരുന്നു ആദിത്യനാഥ് അഴിച്ചുവിട്ടത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുനടപടിയും ആദ്യം എടുത്തിരുന്നില്ല. പച്ചക്കൊടി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെതാണെന്ന് അറിയാഞ്ഞിട്ടോ ചരിത്രബോധമില്ലാഞ്ഞിട്ടോ ആയിരുന്നില്ല ആദിത്യനാഥ് ഇത്തരമൊരു ജല്‍പ്പനം നടത്തിയത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കൊപ്പം ബി.ജെ.പി ഭരണം പങ്കിടുമ്പോള്‍ പച്ചക്കൊടി ബി.ജെ.പിയുടെ കൊടിക്കൊപ്പം കൂട്ടിക്കെട്ടിയത് ആദിത്യനാഥ് അറിയാതിരിക്കാനും വഴിയില്ല. കശ്മിരില്‍ പി.ഡി.പിയുടെ പച്ചക്കൊടി വാരിപ്പുണര്‍ന്നായിരുന്നു ബി.ജെ.പി മൂന്ന് വര്‍ഷക്കാലം കശ്മിര്‍ ഭരിച്ചത്. ഇതൊന്നും അറിയാത്തത് കൊണ്ടായിരുന്നില്ല, വികസന കാര്യങ്ങളൊന്നും പറയാനില്ലാത്തതിനാല്‍ പച്ചയ്ക്ക് വര്‍ഗീയ വിഷം തുപ്പുകയായിരുന്നു ആദിത്യനാഥ്. സമാനമായ പ്രസംഗമാണ് മേനകാഗാന്ധിയും നടത്തിയത്. താന്‍ ഈ മണ്ഡലത്തില്‍ ജയിച്ചുകഴിഞ്ഞുവെന്നും എന്നാല്‍ ഏതെല്ലാം ബൂത്തുകളില്‍ മുസ്‌ലിംകള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് അറിയുമെന്നും അവര്‍ മേലാല്‍ തന്റെയടുക്കല്‍ ഒരാവശ്യം പറഞ്ഞ് വന്ന് പോകരുതെന്നുമുള്ള ഭീഷണിയായിരുന്നു മേനകാഗാന്ധി മുഴക്കിയത്. മുസ്‌ലി വോട്ടുകള്‍ ഭിന്നിക്കാതെ ബി.എസ്.പിക്ക് അത് നല്‍കണമെന്നായിരുന്നു മായാവതി ആവശ്യപ്പെട്ടത്. അസ്‌ലംഖാന്‍ എതിര്‍സ്ഥാനാര്‍ഥി ജയപ്രദയെ വ്യക്തിപരമായി അവഹേളിക്കുകയായിരുന്നു. ഇവര്‍ക്കൊക്കെ എതിരേ നടപടിയെടുത്തിട്ടുണ്ടെങ്കിലും വിലക്കിന്റെ കാലാവധി തീര്‍ന്നാല്‍ ആദിത്യനാഥിനെപോലുള്ള വര്‍ഗീയ കോമരങ്ങള്‍ പിന്നെയും വിഷം വമിക്കുകയില്ല എന്നതിന് യാതൊരു ഉറപ്പും ഇല്ല.

ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവരുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ യാതൊരു നടപടിയും എടുക്കാതിരുന്നത് ഇവര്‍ക്ക് ഇത്തരം ജല്‍പ്പനങ്ങള്‍ നടത്താന്‍ പ്രോത്സാഹനമാവുകയായിരുന്നു. അതുകൊണ്ടാണ് ആന്ധ്രാ മുഖ്യമന്ത്രിയും പ്രതിപക്ഷ ഐക്യത്തിന്റെ മുന്നണി നേതാവുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മിഷണറെ ബി.ജെ.പിയുടെ ബ്രാഞ്ച് ഓഫിസിനോട് ഉപമിച്ചത്. എന്നാല്‍ നരേന്ദ്രമോദി നടത്തിയ ആപല്‍ക്കരമായ ഒരുപ്രസംഗത്തിനെതിരേ ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികളൊന്നും എടുത്തിട്ടില്ല. നേരത്തെ ആദിത്യനാഥ് സൈന്യത്തെ മോദിയുടെ സേന എന്ന് പറഞ്ഞതില്‍നിന്ന് ഊര്‍ജം കൊണ്ടിട്ടാവണം മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നരേന്ദ്ര മോദി സൈന്യത്തെ രാഷ്ട്രീയോപകരണമാക്കി മാറ്റുന്ന അത്യന്തം അപകടകരമായ പ്രസംഗം നടത്തിയത്. പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ നമ്മുടെ ധീരസൈനികര്‍ക്ക് വേണ്ടിയും പാകിസ്താനിലെ ബാലാകോട്ടില്‍ അതിന് തിരിച്ചടി നല്‍കിയ നമ്മുടെ സൈന്യത്തിന്റെയും പേരില്‍ കന്നിവോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു നരേന്ദ്രമോദി നടത്തിയ പ്രസംഗം. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യാതൊരു നടപടിയും എടുക്കാതെ വന്നപ്പോഴാണ് സൈന്യത്തില്‍നിന്ന് വിരമിച്ച സേനാനായകര്‍ ഒപ്പിട്ട പ്രതിഷേധക്കുറിപ്പ് രാഷ്ട്രപതിക്ക് നല്‍കിയത്. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ കത്ത് നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി വിശദീകരണം ചോദിക്കുകയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുരുങ്ങിയപക്ഷം മോദിക്ക് താക്കീത് നല്‍കുകയോ പോലും ഉണ്ടായില്ല.
ഇത്തരമൊരവസ്ഥയില്‍ ഏറ്റവുമൊടുവിലായി സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനെ അവരുടെ അധികാരത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയത് ശുഭോദര്‍ക്കമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രസംഗങ്ങളും പ്രതികരണങ്ങളുമാണ് ഇനിയും രാഷ്ട്രീയ നേതാക്കളില്‍നിന്ന് ഉണ്ടാവുന്നതെങ്കില്‍ തുടര്‍ന്നും അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും സുപ്രിംകോടതി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരേ കര്‍ശന നടപടികള്‍ മേലില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് ഉണ്ടാകുമെന്ന് കരുതാം. രാജ്യത്തെ ജനാധിപത്യ ഭരണക്രമവും മതേതരത്വവും നിലനില്‍ക്കാന്‍ അത് അനിവാര്യമാണുതാനും. ഈ യാഥാര്‍ഥ്യം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ മേലിലെങ്കിലും ഓര്‍ക്കുമെന്നു കരുതാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.