2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കേന്ദ്ര വന നിയമങ്ങളെ മറികടന്ന് കാടിനകത്ത് സിനിമ ചിത്രീകരണത്തിന് അനുമതി: ഉന്നത ഉദ്യോഗസ്ഥനെതിരേ ഹൈക്കോടതി

  • വിവാദമായത് ഉണ്ട സിനിമയുടെ ചിത്രീകരണം

പാലക്കാട്: കേന്ദ്ര വന നിയമങ്ങള്‍ മറികടന്ന് കാടിനകത്ത് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയ വനംവകുപ്പ് ഉത്തരവിനെ കുറിച്ചും ഒത്താശ ചെയ്ത ഉന്നത ഉദ്യോഗസ്ഥനെതിരേയും കേന്ദ്രവനം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്ന് ഒരു മാസത്തോളം കാടിന്റെ സ്വാഭാവികതയെ മാറ്റിമറിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളും ശബ്ദ മലിനീകരണവും അടക്കം ഉണ്ടാക്കിയിരുന്നു.
ഇതിനെതിരേ പെരുമ്പാവൂര്‍ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ ജനറല്‍ സെക്രട്ടറി ഏയ്ഞ്ജല്‍നായര്‍ നല്‍കിയ ഹരജിയിലാണ് വിധി. സംസ്ഥാന വനംവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ കേന്ദ്രവനം ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെടുന്നത്. കാസര്‍കോട് കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തിനകത്ത് പുറമെനിന്നുള്ള മണ്ണ് കൊണ്ടുവന്നിട്ട് വന നിയമം ലംഘിച്ചതിന് കീഴുദ്യോഗസ്ഥര്‍ റദ്ദാക്കിയ സിനിമാ ചിത്രീകരണത്തിന് അനുമതി വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, കാസര്‍കോട് ഡി.എഫ്.ഒയും പുനഃസ്ഥാപിച്ചുകൊടുത്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

ചിത്രീകരണത്തിനായി പുറത്ത് നിന്നു കൊണ്ടിടുന്ന മണ്ണുള്‍പ്പെടെയുള്ളവ നീക്കി പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെങ്കിലും അത് പാലിച്ചില്ലെന്നാണ് പരാതി. ഷൂട്ടിംങ്ങ് നടത്തിയ വനപ്രദേശം പൂര്‍വസ്ഥിതിയിലാക്കാണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മമ്മുട്ടി അഭിനയിച്ച ഉണ്ട എന്ന സിനിമ ചിത്രീകരിക്കാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആര്‍.ടി. ഹര്‍ഷകുമാറാണ് വനത്തിലെ ചിത്രീകരണത്തിന് ആദ്യം അനുമതി വാങ്ങിയത്. സെപ്റ്റംബര്‍ 25ന് നല്‍കിയ അപേക്ഷപ്രകാരമായിരുന്നു ഇത്. ഒക്ടോബര്‍15 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ ഒരുമാസത്തേക്കാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ അനുമതി നല്‍കിയത്. ദിവസവാടകയായി 18,115 രൂപയും ഈടായി 2,71,725 രൂപയും വനംവകുപ്പ് ഈടാക്കി.

സംഭവത്തെക്കുറിച്ച് ‘നെയ്തല്‍’ എന്ന പരിസ്ഥിതിസംഘടന കോഴിക്കോട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിന് പരാതി നല്‍കി. അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണത്തിന് ഡിവിഷണല്‍ ഓഫീസര്‍ നല്‍കിയ ഉത്തരവും അനുബന്ധ ലൈസന്‍സുകളും റദ്ദ് ചെയ്യാന്‍ കോഴിക്കോട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ പത്തിനായിരുന്നു ഇത്. ഇതു മറികടന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 25ന് ചിത്രീകരണത്തിന് അനുമതിനല്‍കി ഉത്തരവിറക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.