2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏറ്റവും വലിയ മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി തുറന്നു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മാളെന്ന പ്രശസ്തിയുമായി 650 കോടി റിയാല്‍ ചെലവില്‍ നിര്‍മിച്ച ദോഹ ഫെസ്റ്റിവല്‍ സിറ്റി(ഡി.എച്ച്.എഫ്.സി) പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആയിരക്കണക്കിന് സന്ദര്‍ശകരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ആഘോഷ നഗരത്തിന്റെ ഉദ്ഘാടനം നടന്നത്.

അല്‍ഫുത്തൈം മേല്‍നോട്ടം വഹിക്കുന്ന ഫെസ്റ്റിവല്‍ സിറ്റിയില്‍ 2,44,000 ചതുരശ്ര മീറ്ററിലായി 540 റീട്ടെയില്‍ ഔട്ടെല്റ്റുകളുണ്ടാവും. വലുപ്പവും വിശാലതയും കൊണ്ടാണ് ഫെസ്റ്റിവല്‍ സിറ്റി ശ്രദ്ധയാകര്‍ഷിക്കുന്നതെന്ന് സി.ഇ.ഒ കരീം ശമ്മ പറഞ്ഞു.

ഇവിടെയുള്ള സംരഭങ്ങളില്‍ പലതും ഖത്തറില്‍ ആദ്യത്തേതാണ്. ഐക്കിയ സ്റ്റോര്‍, ആന്‍ഗ്രി ബേര്‍ഡ് വേള്‍ഡ്, ഇന്‍ഡോര്‍ സ്‌നോ പാര്‍ക്കായ സ്‌നോ ഡ്യൂണ്‍സ്, എജുട്ടെയ്ന്‍മെന്റ് പാര്‍ക്കായ ജൂനിവേഴ്‌സ്, ഡിജിറ്റല്‍ അനുഭവം നല്‍കുന്ന വെര്‍ച്വോ സിറ്റി എന്നിവയെല്ലാം ഖത്തറില്‍ ആദ്യമാണ്.

doha-festival-city-mall

 

നവീനവും അപൂര്‍വ്വവുമായ അനുഭവമാണ് തങ്ങള്‍ ഖത്തറിന് സമ്മാനിക്കുന്നത്. മാളിലെ റീട്ടെയില്‍ വിഭാഗമാണ് ഇപ്പോള്‍ തുറക്കുന്നത്. തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെ വരും മാസങ്ങളില്‍ സജ്ജമാവുമെന്ന് ശമ്മ കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പേകാന്‍ ഫെസ്റ്റിവല്‍ സിറ്റിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തീം പാര്‍ക്ക് വേനല്‍ക്കാലത്തിന്റെ അവസാനത്തോടെയാണ് തുറക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ഡിഎച്ച്എഫ്‌സി ജനറല്‍ മാനേജര്‍ ട്രെവര്‍ ഹില്‍ പറഞ്ഞു. വ്യായാമം ലക്ഷ്യമിടുന്നവര്‍ക്കു വേണ്ടി ഔട്ട്‌ഡോറില്‍ 3 കിലോമീറ്റര്‍ ട്രാക്ക് തുറന്നിട്ടുണ്ട്. സ്മാര്‍ട്ട് മാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിഎച്ച്എഫ്‌സിയില്‍ ഡിജിറ്റല്‍ വഴികാട്ടി, സ്മാര്‍ട്ട് കാര്‍ പാര്‍ക്കിങ്, ഫ്രീ ഹൈസ്പീഡ് വൈഫൈ തുടങ്ങിയ സൗകര്യങ്ങളുണ്ട്. മാര്‍ക്ക്‌സ് ആന്റ് സ്‌പെന്‍സറിന്റെ ഖത്തറിലെ ഏറ്റവും വലിയ സ്റ്റോര്‍ ഇവിടെയുണ്ട്. കമ്പനിയുടെ ലോക പ്രശസ്ത ചില്‍ഡ് ഫുഡ് വിഭാഗമായ എം ആന്റ് എസ് കഫേയും ഖത്തറില്‍ ആദ്യമായി തുറക്കുന്നത് ഡിഎച്ച്എഫ്‌സിയിലാണ്.

ഖത്തറിലെ ആദ്യ വോക്‌സ് സിനിമയും ലോകത്തിലെ ഏറ്റവും വലിയ മോണോപ്രിക്‌സ് ഹൈപ്പര്‍ മാര്‍ക്കറ്റും വരും ആഴ്ചകളില്‍ ഇവിടെ പ്രവര്‍ത്തന സജ്ജമാവും. വോക്‌സ് സിനിമാസിന്റെ 18 സിനിമാ സ്‌ക്രീനുകളാണ് ഇവിടെ ഒരുങ്ങുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.