
റമദാന് വര്‍ഷത്തിലൊരിക്കല്‍ ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള ഒരു ഉപവാസ കാലമാണ്. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ റമദാനും. വാസ്തവത്തില്‍ എല്ലാ മതങ്ങളിലും വ്യത്യസ്തപേരുകളിലും കാലങ്ങളിലുമായി വ്രതാനുഷ്ടാനമുണ്ട്. ഏകാദശി എന്ന പേരില്‍ ഹിന്ദു മതത്തില്‍ വ്രതം ആചരിക്കുന്നു. ശാസ്ത്രീയമായി പറഞ്ഞാല്‍ ചില ദിവസങ്ങളില്‍ ഭക്ഷണം ദഹിപ്പിക്കുന്ന അവയവങ്ങള്‍ക്ക് വിശ്രമം നല്‍കുക എന്നതാണ് വ്രതം കൊണ്ട്് ഉദ്ദേശിക്കുന്നത്. ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ മനസ് ശുദ്ധമാവുന്നു. എല്ലാവരും ആചരിക്കേണ്ട കാര്യമാണ് വ്രതം. ഞാന്‍ ചില ദിവസങ്ങളില്‍ പട്ടിണി കിടന്ന് വ്രതമെടുക്കാറുണ്ട്.
എന്നിരുന്നാലും വിശ്വാസത്തിന്റെ പേരിലായതിനാല്‍ റമദാന് വ്രതത്തിനൊരു ചിട്ടയായ അച്ചടക്ക രീതിയുണ്ട്. നിര്‍ബന്ധ വ്രതം ഇസ്ലാം മതത്തിന്റെ പഞ്ചസ്തങ്ങളില്പ്പെട്ട ഒരു ആരാധനാ ക്രമമാണ്. വര്‍ഷത്തില്‍ ഒരു മാസം ഇസ് ലാമിക കലണ്ടറായ ഹിജ്റ വര്‍ഷ പ്രകാരം ഒമ്പതാം മാസമായ റമദാനിലാണ് വിശ്വാസികള്‍ വ്രതമെടുക്കുന്നത്. ഈ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. എല്ലാവിധ ദുശീലങ്ങളില്‍ നിന്നും മുക്തനായി ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്ന മനുഷ്യനായി മാറാന്‍ കഴിയണം. ഇതേ നന്മകള് വ്രതത്തിന് ശേഷമുള്ള ജീവിതത്തിലേക്ക് പകര്‍ത്താനും കഴിയുമ്പോഴാണ് വ്രതാനുഷ്ഠാനം സമ്പൂര്‍ണമാവുന്നത്. വ്രത സമയത്ത് ഭക്ഷണം ഉപേക്ഷിക്കുക മാത്രമല്ല ചെയ്യേണ്ടത്. സര്‍വേശ്വരനായ അള്ളാഹുവില്‍ അര്‍പ്പിതനായി സഹജീവികളോടു സ്നേഹവും ആത്മാര്‍ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. അതുകൊണ്ടു തന്നെയാണ് ഇസ്ലാമില്‍ വിശ്വസിക്കുന്ന എല്ലാവരും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കേണ്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നത്.
മറ്റുള്ള ആരാധനകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുമ്പോള്‍ നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണ്. ഭക്ഷണം ഉണ്ടായിട്ടും ഉപേക്ഷിക്കുന്ന മനുഷ്യന് വിശപ്പിന്റെ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നു. റമദാനില്‍ വിശപ്പിന്റെ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്പ ഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന സന്ദേശം കൂടിയുണ്ട്. ദൈവചിന്ത മനസില്‍ സൂക്ഷിച്ച് സാമൂഹിക രംഗത്ത് ശരിയായ ഇടപെടലുകള്‍ നടത്തിയത് കൊണ്ടുള്ള മഹത്തായ വിജയമാണ് മുഹമ്മദ് നബിയുടെ ഭരണ കാലത്ത് ലോകം ദര്‍ശിച്ചത്.
അള്ളാഹുവിന്റെ സൃഷ്ടികളെ ബഹുമാനിക്കുന്നവനും പാപങ്ങള്‍ ചെയ്യാതെ എന്നും ദരിദ്രരോടും ദുര്‍ബലരോടും ദയയോടെ പെരുമാറുന്നവന്റെ നമസ്ക്കാരം മാത്രമെ അള്ളാഹു സ്വീകരിക്കൂ എന്ന സത്യം നബി വിശ്വാസികളോട് വെളിപ്പെടുത്തുന്നു.റമദാനിലെ വ്രതാനുഷ്ഠാനങ്ങളിലൂടെ മനുഷ്യന് നേടിയെടുക്കേണ്ടതും ഇതു തന്നെയാണ്.