2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ ടോള്‍ പിരിവും ‘ഫാസ്ടാഗ്’ വഴി; ഇന്ധനമടിക്കാനും ഫാസ്ടാഗ് മതി

  • ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ വലിയ പിഴ നല്‍കിയാല്‍ മാത്രമേ കടത്തിവിടുകയുള്ളൂ

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും കറന്‍സി ഇടപാട് ഒഴിവാക്കി, ടോള്‍ പിരിവ് ‘ഫാസ്ടാഗ്’ വഴിയാക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. ദേശീയ പാതാ അതോറ്റിക്കു കീഴില്‍ വരുന്ന 450 ലേറെ ടോള്‍ പ്ലാസകളിലും ഇതു നടപ്പാക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എന്താണ് ഫാസ്ടാഗ്

എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്റ്റിക്കറാണിത്. ആര്‍.എഫ്.ഐ.ഡി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഡ് വാഹനത്തിന്റെ മുന്‍പില്‍ ഒട്ടിക്കണം. ഇത് ആവശ്യത്തിന് റിച്ചാര്‍ജ്ജ് ചെയ്യാനാവും. ബാങ്കുകളുടെ അക്കൗണ്ടുമായാണ് ഫാസ്ടാഗ് ബന്ധിപ്പിക്കുന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് പണം കുറയുകയാണ് ചെയ്യുക.

ഫാസ്ടാഗ് ഇല്ലെങ്കില്‍

ഡിസംബര്‍ ഒന്നിനു മുന്‍പ് വാഹനങ്ങളില്‍ ‘ഫാസ്ടാഗ്’ പതിപ്പിക്കണം. ഇല്ലെങ്കില്‍ ഉയര്‍ന്ന നിരക്കിലുള്ള പിഴ ഈടാക്കിയശേഷമേ ഇത്തരം വാഹനങ്ങളെ ഡിസംബര്‍ ഒന്നിനു ശേഷം ടോള്‍പ്ലാസ കടത്തിവിടൂ. ഇനി നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് ഏര്‍പ്പെടുത്തേണ്ടിവരും. 2017 ഡിസംബര്‍ മുതല്‍ പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.

 

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നയത്തിനു പുറമേ, കറന്‍സി ഇടപാടിലെ സമയദൈര്‍ഘ്യത്താല്‍ ടോള്‍പ്ലാസകളില്‍ കുരുക്ക് രൂക്ഷമാകുന്നതൊഴിവാക്കുകയെന്ന ലക്ഷ്യവുമുണ്ട് ഫാസ്ടാഗിനു പിന്നില്‍. പുതിയ സംവിധാനത്തിലേക്കു വരുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്നും ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

എവിടെ നിന്ന് ലഭിക്കും

വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫിസ് അടച്ചാല്‍ അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫാസ്ടാഗ് രജിസ്റ്റര്‍ ചെയ്തു കിട്ടും. ഓരോ വാഹനത്തിനും വേവ്വേറെ ടാഗ് എടുക്കണം.

ഇന്ധനം അടിക്കാനും ഫാസ്ടാഗ്

ഫാസ്ടാഗിന്റെ പുതിയ വേര്‍ഷനില്‍ ‘ഫാസ്ടാഗ് 2.0’ ഡീസല്‍, പെട്രോള്‍ അടിച്ച് കാശടക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന് പല ബാങ്കുകളും തയ്യാറെടുക്കുകയാണ്. ഐ.ഡി.എഫ്.സി ബാങ്കിന് ഇതിനുള്ള അനുമതി ആര്‍.ബി.ഐ നല്‍കിക്കഴിഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News