2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

മലപ്പുറത്തെ പരിവര്‍ത്തനവും ഫാസിസത്തിന്റെ രാഷ്ട്രീയചതുരംഗവും

ഇസ്മാഈല്‍ അരിമ്പ്ര

കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്താവനയുമായി പുതിയ താരമാവാന്‍ ശ്രമിക്കുകയാണ്. മലപ്പുറം ജില്ലയില്‍ മാസന്തോറും ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ആയിരംപേരെ വീതം മുസ്‌ലിംകളായി മതം മാറ്റുന്നുണ്ടെന്നാണു ഗംഗാറാമിന്റെ കണ്ടെത്തല്‍. ഈ മതപരിവര്‍ത്തനത്തെക്കുറിച്ചു സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി ഉത്കണ്ഠപ്പെടുന്നു.
വിശ്വാസമെന്നതു ദൈവത്തിലുള്ള മനസ്സുറപ്പാണ്, മറ്റൊരാള്‍ ചാര്‍ത്തിക്കൊടുക്കുന്ന പരിവേഷമല്ല. സ്വയം തീരുമാനിക്കാതെ ബലാല്‍ക്കാരമായി മതംമാറ്റാനാകില്ല. ഒരിക്കല്‍ ഒരു കേസില്‍ ഹാജരായ ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാരോടു കോടതി ഇങ്ങനെ ചോദിച്ചു: ‘ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്   എന്നു ചൊല്ലിയാല്‍ മുസ്‌ലിമാവില്ലേ.’

ചോദ്യം മൂന്നുതവണ ആവര്‍ത്തിച്ച കോടതിയോട്  അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു: ‘മൂന്നുവട്ടം താങ്കള്‍ അത് ഉച്ചരിച്ചല്ലോ, എന്നിട്ടു മുസ്‌ലിമായോ.’ നാവുകൊണ്ടു ഉച്ചരിക്കപ്പെടുന്നതിലല്ല, മനസ്സിനുള്ളിലെ വിശ്വാസത്തിലാണു മതത്തിന്റെ അടിസ്ഥാനം. ഇസ്‌ലാമിക മതശാസന ഉള്‍ക്കൊണ്ട വ്യക്തി മാതൃകാസംസ്‌കാരം മനസ്സിലുള്ളവനാണ്. അതാണു ഇസ്‌ലാമികപ്രചാരണത്തിന്റെ മുതല്‍ക്കൂട്ട്.
 ഇതിനോടുള്ള ഈര്‍ഷ്യയില്‍നിന്നാണു ലോകതലത്തില്‍ ഇസ്‌ലാമോഫോബിയ തലപൊക്കുന്നത്. ആ ഈര്‍ഷ്യാരാഷ്ട്രീയം എക്കാലത്തും അതിതീവ്രമായി ഇന്ത്യയില്‍ ഫാസിസം തുടരുന്നുണ്ട്. ഇസ്‌ലാമികാദര്‍ശം മനസില്‍ ഉറച്ചവന്‍ മാത്രമേ മുസ്‌ലിം ആകൂവെന്നു വിശ്വസിക്കുന്ന മതത്തിന്റെ അനുയായികള്‍ കാണുന്നവരെയെല്ലാം മുസ്‌ലിമാക്കി മാറ്റുകയാണെന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്. മാസന്തോറും ആയിരം തികയ്ക്കുന്ന കേവലം ചടങ്ങാക്കി മതപരിവര്‍ത്തനത്തെ വിലയിരുത്തുന്നത് അര്‍ഥശൂന്യമാണ്.
ഇസ്‌ലാമികവിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ആ മതവിശ്വാസം പുല്‍കുകയും ചെയ്യുന്നവരുടെ കണക്കാണോ പ്രശ്‌നമായി തോന്നുന്നത്. അതിന്റെ പേരില്‍ വൈകാരികപ്രകടനംകൊണ്ട് അരിശം തീര്‍ക്കുന്നതില്‍ അര്‍ഥമില്ല. ഇസ്‌ലാമികവിശ്വാസികളുടെ വര്‍ധനവും മതാഭിനിവേശവുമെല്ലാം സംബന്ധിച്ചു കൃത്യമായ രേഖകളുണ്ട്. ഗുരുശ്രേഷ്ടന്മാരുടെ ജീവിതമൂല്യങ്ങളില്‍ ആകൃഷ്ടരായ ഒരു ജനതയെയാണ് ഇസ്‌ലാം ആശ്ലേഷണത്തിന്റെ ചരിത്രത്തിലൂടനീളം കാണുന്നത്.

മതം വ്യക്തിത്വത്തില്‍ പ്രതിഫലിപ്പിക്കാനായ ത്യാഗികളിലൂടെ വിശ്വാസികളായവരുടെ നിര നീണ്ടു. പ്രവാചകന്മാര്‍ പ്രബോധനം ജീവിതത്തില്‍ അടയാളപ്പെടുത്തുകയായിരുന്നുവല്ലോ. പ്രവാചക തിരുമേനി മുഹമ്മദ് നബി(സ)യുടെ ജീവിതമറിഞ്ഞായിരുന്നുവല്ലോ ഇസ്‌ലാമിക പ്രചാരണം. ഇന്ത്യയില്‍ ഇസ്‌ലാംമത പ്രചാരകരായി കടന്നുവന്ന മാലിക് ബ്‌നു ദീനാര്‍(റ), ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ശാഹ് വലിയുല്ലാഹ് ദഹ്‌ലവി, ഡല്‍ഹി നിസാമുദ്ദീന്‍ ഔലിയ, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തുടങ്ങിയ സൂഫികളുടെ സാന്നിധ്യവും സമീപനങ്ങളും ഇസ്‌ലാമിന്റെ മഹത്തായ സംസ്‌കാരം സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനങ്ങളുടെ ചരിത്രരേഖയാണ്.

പ്രവാചക കുടുംബമായ സയ്യിദുമാര്‍, സൂഫീവര്യര്‍, പണ്ഡിതന്മാര്‍ തുടങ്ങി പ്രബോധകരുടെ ചരിത്രത്തെ വായിക്കുന്നവര്‍ക്കു സുതാര്യമായ പ്രബോധനരീതിയും അവയുടെ സാമൂഹ്യരീതികളും മനസിലാകും. വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കപ്പെടേണ്ടതാണു മതം. അതു മാതൃകായോഗ്യരായ വ്യക്തിത്വങ്ങളുടെ ജീവിതത്തില്‍നിന്നു വായിച്ചവര്‍ മതത്തിലേക്ക് ആകൃഷ്ടരാവുകയും ചെയ്തതാണു ചരിത്രം.
അറബ് നാഗരികതയുടെ സ്വാധീനം സാമൂതിരികാലത്തെ ചരിത്രത്തില്‍ ഏറെ കാണാം. സംശുദ്ധരും വിശ്വസനീയരുമായ മുസ്‌ലിംകളുടെ ഇടപഴകല്‍ സാമൂതിരിയുടെ നിലപാടിനെ സ്വാധീനിച്ചു. പ്രൊഫ. ആര്‍നോള്‍ഡ്‌സ് പറയുന്നു:’തന്റെ രാജ്യത്തെ മീന്‍പിടുത്തക്കാരുടെ കുടുംബങ്ങളിലെ ഒന്നോ അതിലധികമോ ആണ്‍സന്തതികളെ മുഹമ്മദീയരായി വളര്‍ത്തിക്കൊണ്ടുവരേണ്ടവരാണെന്നു സാമൂതിരി കല്‍പിച്ചു. ഈ പുതിയ സന്തതികളാണു പിന്നീട് പുതു ഇസ്‌ലാമീങ്ങള്‍ എന്നു വിളിച്ചുവരുന്ന മത്സ്യത്തൊഴിലാളികളില്‍ ഒരു വിഭാഗമായി മാറിയത്. തന്റെ നാവിക മേല്‍ക്കോയ്മ വളര്‍ത്താന്‍കൂടിയാണു മുസ്‌ലിംകളില്‍ ഈ പുതിയവര്‍ഗത്തെ സാമൂതിരി സൃഷ്ടിച്ചത്.’ ( കേരള ചരിത്രത്തിന്റെ നാട്ടുവഴികള്‍-ഡോ.എന്‍.എം.നമ്പൂതിരി)
ഒന്നരനൂറ്റാണ്ടോളം മുമ്പുള്ള ഒരു കാനേഷുകുമാരി ( 1881) കണക്കില്‍ 1857നും 1881 നുമിടയില്‍ മലബാറിലെ മുസ്‌ലിം ജനസംഖ്യയെക്കുറിച്ചു പറയുന്നത് അധമസ്ഥിതിയും അപമാനകരമായ അവശതയില്‍നിന്നുള്ള മാറ്റമായി കീഴ്ജാതികളില്‍നിന്നു ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനമുണ്ടായതിനെക്കുറിച്ചാണ്. പോയകാലത്തെ സാമൂഹികചരിത്രത്തിലെ നവമുസ്‌ലിം ചരിത്രത്തെക്കുറിച്ചു വില്യം ലോഗന്‍ രേഖപ്പെടുത്തുന്നു: ‘കീഴ്ജാതിക്കാരില്‍ ഒരാളിന്റെ മേല്‍ ചാര്‍ത്തുന്ന ഇസ്‌ലാമിന്റെ മഹത്വം ആ വ്യക്തിയെ ഒരൊറ്റച്ചാട്ടത്തിനു സമൂഹത്തിന്റെ ഉന്നതപടവുകളിലേക്ക് എത്തിക്കുന്നു. കീഴ്ജാതിയില്‍ ജനിച്ചുപോയതുകൊണ്ട് അന്നോളം അനുഭവിച്ച സാമൂഹ്യമായ അവശതകളും അവമതികളും മതം മാറുന്നതോടെ അയാള്‍ക്കു പിന്‍തള്ളാന്‍ സാധിക്കുന്നു.’ (മലബാര്‍ മാന്വല്‍).

ചുരുക്കത്തില്‍, കീഴ്ജാതിക്കാര്‍ക്കു മാറുമറയ്ക്കാനും ചെരുപ്പുധരിക്കാനുംവരെ അനുമതി നിഷേധിക്കപ്പെട്ട സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഉള്ളവന്റെ വഴിയില്‍ ദുശ്ശകുനമാവാതെ വഴിമാറിക്കൊടുക്കുന്ന നിഷേധാത്മകമായിരുന്നു അവര്‍ അനുഭവിച്ച സാമൂഹികപരിസരം.
മലപ്പുറത്തെ സംബന്ധിച്ചു ഇതൊരു പുതിയ അപവാദമല്ല. സംഘ്പരിവാറിന് അണികളെ പിടിച്ചുവയ്ക്കാനുള്ള രാഷ്ട്രീയചതുരംഗമാണു മലപ്പുറം വിരോധം. മിനിപാകിസ്താനെന്ന സ്വയംസൃഷ്ടിച്ച പേരിട്ടു വിളിച്ച് മുസ്‌ലിം ‘ഭീകര’ താവളമാക്കി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. അത് ഇന്നും തുടരുന്നുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ മലപ്പുറംജില്ലാ വിരുദ്ധസമിതി നിലവില്‍വന്നിരുന്നു. കേരളഗാന്ധി കെ.കേളപ്പന്‍ ആ പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്നു. മലപ്പുറം ജില്ല വരാതിരിക്കാന്‍ ദല്‍ഹിയിലും ബോംബെയിലും ധര്‍ണ നടത്തി.
1969 ജൂണ്‍ 16നു മലപ്പുറം ജില്ല നിലവില്‍വന്ന ദിവസം അടിയറവയ്ക്കല്‍ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തവരാണവര്‍. ചിലര്‍ക്കു പാര്‍ട്ടിയാപ്പീസിലെ സ്ഥിരം പത്രക്കുറിപ്പാണു പണ്ടേ മലപ്പുറം വിരോധം.  ആളും അംശവും മാറ്റി അതു മാധ്യമങ്ങള്‍ക്കു മുമ്പില്‍ പുതിയ വീഞ്ഞായി അവതരിപ്പിക്കുകയെന്ന പണിയാണ് പണ്ടേ സംഘ് പരിവാറിനുള്ളത്. മുസ്‌ലിംഭൂരിപക്ഷപ്രദേശമെന്നത് ഉയര്‍ത്തിക്കാട്ടി തങ്ങളുടെ അനുയായികളില്‍ രാഷ്ട്രീയവൈകാരികത ഉയര്‍ത്തി മുതലെടുപ്പു നടത്തുകയെന്ന തന്ത്രമാണിത്.
 ഇതിന്റെ ഭാഗമാണു കേന്ദ്ര അഭ്യന്തര സഹമന്ത്രിയുടെ പുതിയ പ്രഖ്യാപനം. ദാരിദ്ര്യം മുതലെടുത്തോ താക്കീതു ചെയ്‌തോ തൊഴില്‍വാഗ്ദാനം നടത്തിയോ എങ്ങനെയാണു മതത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതെന്നു കണ്ടത്താനാണത്രേ മാസങ്ങള്‍ക്കു മുമ്പു പൊലിസിനു കേന്ദ്രമന്ത്രി കൊടുത്ത നിര്‍ദേശം. മതംമാറുന്നതിന്റെ അടിസ്ഥാനം നവവിശ്വാസികളോട് അന്വേഷിച്ചറിയാവുന്നതേയുള്ളൂ. തീര്‍ത്തും സുതാര്യം. മതംമാറ്റിക്കുന്നതിനു പിന്നിലെ കഥയറിയാനാണെങ്കില്‍  മലപ്പുറത്തല്ല, അതു ഘര്‍വാപസി കാംപിലാണന്വേഷിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.