2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

Editorial

പ്രഹസനമാകുന്ന കര്‍ഷക സമരം


ഴിഞ്ഞ വ്യാഴാഴ്ച നാസിക്കില്‍നിന്നു പുറപ്പെട്ട കര്‍ഷക ലോങ് മാര്‍ച്ച് പതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേയ്ക്കും പിന്‍വലിച്ചിരിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു പിന്മാറ്റമെന്നാണു കര്‍ഷകര്‍ പറയുന്നത്. രണ്ടാംതവണയാണു കര്‍ഷകര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ചു സമരത്തില്‍നിന്നു പിന്‍വാങ്ങുന്നത്. ആദ്യം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു രണ്ടാം സമരം.
സര്‍ക്കാര്‍ ഉറപ്പുകള്‍ രേഖാമൂലം നല്‍കണമെന്നതായിരുന്നു രണ്ടാം സമരത്തില്‍ കര്‍ഷകരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് അതു സുവര്‍ണാവസരമായി. ഉറപ്പ് എഴുതിക്കൊടുക്കാന്‍ വലിയ അധ്വാനം വേണ്ടല്ലോ. ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്ന രേഖ നല്‍കി. ഇനിയിതു പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്നാണു കര്‍ഷകസമര നേതാക്കള്‍ പറയുന്നത്. അതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനു പേടിയുണ്ടാകില്ല. അപ്പോഴേയ്ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും കഴിയും.ഇന്ത്യയൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ശക്തമായൊരു സമരമാണ് ഇതുവഴി പ്രഹസനമായിരിക്കുന്നത്. കര്‍ഷകസമരം രൂക്ഷമാകുമ്പോള്‍ വാഗ്ദാനം നല്‍കി തണുപ്പിക്കുന്ന തന്ത്രമാണു മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആ കുതന്ത്രത്തില്‍ കര്‍ഷകര്‍ വീഴുകയാണ്.

ഉറപ്പു പാലിക്കാതെ വന്നാല്‍ വീണ്ടും കര്‍ഷകസമരമുണ്ടായേക്കാം. അപ്പോഴേയ്ക്കും സമരവീര്യം ആറിത്തണുക്കും. അതാണു പതിവ്. ആവര്‍ത്തനവിരസമായ സമരപ്രഹസനങ്ങള്‍ക്കു ജനപിന്തുണയും കിട്ടില്ല. അണ്ണാ ഹസാരെ നടത്തിവരുന്ന സമരപ്രഹസനങ്ങളുടെ ഗണത്തിലേയ്ക്കായിരിക്കും കര്‍ഷകസമരവും ചെന്നെത്തുക.
മധ്യപ്രദേശിലെ മങ്ങ്‌സൗറില്‍ 2017 ജൂണ്‍ മാസത്തിലുണ്ടായ കര്‍ഷകപ്രക്ഷോഭത്തിനിടെ നടന്ന പൊലിസ് വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു രാജ്യവ്യാപകമായി കര്‍ഷകരോഷത്തിനിടയാക്കി. ഇതിനെ തുടര്‍ന്നു 2017 ല്‍ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി രൂപീകരിക്കപ്പെട്ടു. ആദ്യം 191 കര്‍ഷകസംഘടനകള്‍, പിന്നീട് അതിലേറെ കര്‍ഷകസംഘടനകള്‍ അതില്‍ അംഗങ്ങളായി. ഭരണകൂടങ്ങളെ വിറപ്പിക്കാന്‍ കരുത്തുള്ള സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയായി.
2018 മാര്‍ച്ചില്‍ അഖില ഭാരതീയ കിസാന്‍ സഭ നാസിക്കില്‍ നിന്നു നടത്തിയ ലോങ് മാര്‍ച്ചില്‍ മുംബൈ നഗരം ചുവന്നു. 30,000 പേരുമായി ആരംഭിച്ച മാര്‍ച്ച് മുംബൈ നഗരത്തില്‍ എത്തിയപ്പോഴേയ്ക്കും അതില്‍ ഒരുലക്ഷത്തിലധികം പേരുണ്ടായിരുന്നു. നാസിക്കില്‍നിന്ന് 182 കിലോമീറ്റര്‍ ദൂരമാണ് പൊരിവെയിലിനെ വകവയ്ക്കാതെ സ്ത്രീകളും വൃദ്ധരുമുള്‍പ്പെട്ടവര്‍ നടന്നു തീര്‍ത്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ലോങ് മാര്‍ച്ചിലും ഇതാവര്‍ത്തിച്ചു.
കാര്‍ഷികകടങ്ങള്‍ പൂര്‍ണമായും എഴുതിതള്ളുക, വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കു 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിനു നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു അവര്‍ ഉയര്‍ത്തിയത്. വെറുമൊരു വാക്കു നല്‍കലിലൂടെ സര്‍ക്കാര്‍ ആ സമരത്തീയില്‍ വെള്ളം കോരിയൊഴിച്ചു.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചു പഠിക്കാനും നടപ്പാക്കാനും ആറംഗ സമിതി രൂപീകരിക്കുമെന്നും കര്‍ഷക കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കുമെന്നും ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടുദിവസത്തിനകം എടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.

ഇതിനകം നടന്ന കര്‍ഷക പ്രക്ഷോഭങ്ങളില്‍ ഏറ്റവും നിര്‍ണായകമായിരുന്നു അവസാനം നടന്നത്. മുംബൈ നഗരവാസികള്‍വരെ സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ചു. ക്ഷേത്രം പണിയുന്നതിലും മുത്വലാഖ് ബില്‍ കൊണ്ടുവരുന്നതിലും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവയ്ക്കുന്ന സര്‍ക്കാരിനെതിരേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യവിഷയം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന സമരമായിരുന്നു അത്.
രാഷ്ട്രീയത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിക്കുമായിരുന്ന ആ സമരത്തെ ഒരുതുണ്ടു കടലാസിന്റെ ബലത്തില്‍ സമര നേതാക്കള്‍തന്നെ പരാജയപ്പെടുത്തിയിരിക്കുകയാണ്. മൂന്നാമതൊരിക്കല്‍ക്കൂടി ഈ സമരം ആരംഭിക്കുമ്പോള്‍ ഇതേ ശൗര്യവും ജനശ്രദ്ധയും ഈ സമരത്തിനു കിട്ടിക്കൊള്ളണമെന്നില്ല. അതുതന്നെയാണ് ബി.ജെ.പി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.