2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഹാട്രിക് അടിച്ച് മെസ്സി; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ വിജയം

മാഡ്രിഡ്: ലാ ലിഗയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മിന്നും ഹാട്രിക്കില്‍ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ വിജയം. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ലീഗില്‍ മെസ്സിയുടെ 33ാം ഹാട്രിക്കായിരുന്നു ഇത്. 18, 45+2, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 63ാം മിനിറ്റില്‍ ലൂയിസ സുവാരസാണ് ബാഴ്‌സയുടെ നാലാംഗോള്‍ അടിച്ചത്. 82ാം മിനിറ്റില്‍ ലോറന്‍ മോറോന്റെ ബൂട്ടില്‍ നിന്ന് ബെറ്റിസിന്റെ ആശ്വാസ ഗോള്‍ പിറന്നു.

ബെറ്റിസിന്റെ മൈതാനത്ത് മത്സരത്തിന്റെ തുടക്കംമുതല്‍ തന്നെ ബാഴ്‌സയുടെ സര്‍വാധിപത്യമായിരുന്നു. 18ാം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെയാണ് ലയണല്‍ മെസ്സി സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു തുടങ്ങിയത്. ആദ്യ പകുതിയുടെ അവസാനത്തില്‍ സുവാരസിന്റെ അസിസ്റ്റില്‍ മെസ്സി രണ്ടാം ഗോളുമടിച്ചു. പന്തുമായി മുന്നേറിയ സുവാരസ് നല്‍കിയ പാസ് സ്വീകരിച്ച മെസ്സി ഗോള്‍കീപ്പറെയും മറികടന്നു വലയിലാക്കുകയായിരുന്നു.
63ാം മിനിറ്റില്‍ ബാഴ്‌സ ഡിഫന്‍ഡര്‍ പിക്വെയുടെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. 85ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിന്റെ പാസ് സ്വീകരിച്ച മെസ്സി, ബെറ്റിസ് ഡിഫന്റര്‍മാരെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചതോടെ ഹാട്രിക് പൂര്‍ത്തിയായി.

വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയന്റിന്റെ ലീഡ് നേടാനും ബാഴ്‌സയ്ക്കു കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.