2020 April 08 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഈ 17 കുടുംബങ്ങള്‍ക്ക് വീടുവേണം; എന്നാല്‍ കുറിച്യര്‍മലയില്‍ വേണ്ട

 

#നിസാം കെ അബ്ദുല്ല

പൊഴുതന(വയനാട്): ഇക്കഴിഞ്ഞ രണ്ടു കാലവര്‍ഷങ്ങളും പൊഴുതനക്ക് സമീപത്തെ കുറിച്യര്‍മല എസ്‌റ്റേറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് സമ്മാനിച്ചത് ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ മാത്രമാണ്.
2018ലെ കാലവര്‍ഷം ഉണ്ടാക്കിയ ഞെട്ടലില്‍നിന്ന് അവര്‍ മുക്തരാകും മുന്‍പേയാണ് ഇത്തവണത്തെ കാലവര്‍ഷവും കുറിച്യര്‍മലക്കാര്‍ക്കിടയില്‍ ഭീതിവിതച്ചത്്. കാലവര്‍ഷം ആരംഭിച്ചതിനു ശേഷം രണ്ടു തവണ പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ തവണ ഉരുള്‍പൊട്ടിയ പ്രദേശത്തു തന്നെയായിരുന്നു ഇത്തവണയും മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതു മലയുടെ സമീപത്തു താമസിക്കുന്ന പുതിയ റോഡുകാര്‍ക്കാണ് കൂടുതല്‍ ഭീഷണിയായിരിക്കുന്നത്.

മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് ഇവിടുത്തെ 17 കുടുംബങ്ങളെ ഇക്കഴിഞ്ഞ മഴയില്‍ തന്നെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. ജില്ലയിലെ ഒട്ടുമിക്ക ക്യാംപുകളും ഒഴിഞ്ഞുപോയെങ്കിലും ഇവര്‍ ഇപ്പോഴുമുള്ളത് ക്യാംപുകളിലാണ്. ഇവരുടെ വീടിനു തൊട്ടടുത്ത് കൂടെയാണ് ഇത്തവണ മലവെള്ളപ്പാച്ചില്‍ ഭീതിവിതച്ച് കടന്നുപോയത്. പല വീടുകള്‍ക്ക് മുന്നിലും കല്ലും മണ്ണും മരങ്ങളും വന്നടിഞ്ഞ നിലയിലുമാണ്. ഈ വീടുകളില്‍ ഇനി താമസിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
നിലവില്‍ ഈ കുടുംബങ്ങള്‍ സമീപത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് താമസിക്കുന്നത്. ഇവിടെനിന്നു മാറിത്താമസിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എങ്ങോട്ട് പോകുമെന്നതിനെ കുറിച്ച് ഇവര്‍ക്ക് ധാരണയില്ല.
കാല്‍ നൂറ്റാണ്ടിലധികമായി ഈ കുടുംബങ്ങള്‍ കുറിച്യാര്‍മലയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. പലരും എസ്‌റ്റേറ്റിലെ തൊഴിലാളികളാണ്. ചിലര്‍ മറ്റിടങ്ങളില്‍ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. ഉരുള്‍ഭീതി പടര്‍ത്തിയതോടെ ഇത്രകാലം അധ്വാനിച്ചുണ്ടാക്കിയ വീട്ടിലേക്ക് പോകാന്‍ ഇവര്‍ക്കാവുന്നില്ല. ഇവിടെ ഏത് നിമിഷവും അപകടം ഉണ്ടായേക്കാമെന്നാണ് ഇവര്‍ പറയുന്നത്. സ്ഥലം വാസയോഗ്യമല്ലാതായി തീര്‍ന്നെന്നും ഇവര്‍ പറയുന്നു.
17 കുടുംബങ്ങളിലായി 40ലധികം ആളുകളാണ് ഇനി എങ്ങോട്ട് പോകുമെന്നറിയാതെ ഭീതിയോടെ കുറിച്യര്‍മലയ്ക്ക് സമീപമുള്ളത്.
ഇവര്‍ക്കു പുറമെ പുതിയ റോഡില്‍ ഇവര്‍ താമസിക്കുന്നതിനു താഴെയുള്ളവരും ഭീതിയിലാണ്. പുളിക്കാത്തൊടി സലാം, തയ്യില്‍ത്തൊടി നൗഷാദ്, ആലി കോപ്പിലാക്കല്‍, പാലംപടി ആലി, ഷിഹാബ്, സബൂറ, സൗദ, മൊയ്തീന്‍കുട്ടി, മുബീന, റംലത്ത്, സുലൈഖ, നസീമ, സക്കീന തുടങ്ങിയ 17 കുടുംബങ്ങാണ് ഇനിയെങ്ങോട്ട് പോകുമെന്നറിയാതെ കുറിച്യര്‍മലയുടെ താഴ്‌വാരത്ത് നില്‍ക്കുന്നത്.
നിലവില്‍ ഇപ്പോള്‍ നില്‍ക്കുന്ന ചാത്തോത്തിലെ റിസോര്‍ട്ടില്‍നിന്നു മറ്റു ക്യാംപിലേക്കു മാറാന്‍ പഞ്ചായത്ത് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍ക്കാലികമായി ക്യാംപിലേക്ക് മാറാമെങ്കിലും തങ്ങളുടെ ഇനിയങ്ങോട്ടുള്ള ജീവിതം എങ്ങിനെയാകുമെന്നതിനെ കുറിച്ച് ഇവര്‍ക്ക് നിശ്ചയമില്ല.
അപകടഭീതിയുയര്‍ത്തുന്ന ഇവിടെനിന്നു തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം മാത്രമാണ് നിലവില്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.