2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നീതിപീഠത്തിനൊരു വിലാപഗീതം

സി.കെ.ഫൈസല്‍ പുത്തനഴി

The roads to Zion mourn,
for no one comes to her appointed feasts.
All her gateways are desolate,
her priests groan,
her maidens grieve,
and she is in bitter anguish.
Her foes have become her masters!

(സിയോണ്‍ മലയിലേക്കുള്ള നടപ്പാതകള്‍ വിലപിക്കുന്നു
ഉത്സവങ്ങള്‍ക്ക് ആരും വരുന്നില്ല!
അവളുടെ ഗോപുരദ്വാരങ്ങള്‍ വിജനമാണ്.
അവളുടെ പുരോഹിതര്‍ പരിവേദനം കൊള്ളുന്നു.
അവളുടെ കന്യകമാര്‍ വിലപിക്കുന്നു.
അവള്‍ കയ്‌പേറിയ വേദന അനുഭവിക്കുന്നു
അവളുടെ ശത്രുക്കള്‍ അവളുടെ നായകരായിരിക്കുന്നു!)
ബൈബിളില്‍ ജെറമിയ പ്രവാചകന്‍ തകര്‍ന്നടിഞ്ഞ ജെറുസലേം നഗരത്തെ കുറിച്ച് വിലപിക്കുന്നത് ഇങ്ങനെയാണ്. മഹാപൈതൃകം പേറുന്ന നഗരം തകര്‍ന്നിരിക്കുന്നു. ജെറുസലേം നഗരത്തിന്റെ ശത്രുക്കള്‍ ആരോ അവര്‍ നഗരത്തിന്റെ അധികാര നായകരായി മാറിയിരിക്കുന്നു. ജെറമിയ വിലപിച്ച ജെറുസലേം നഗരത്തിന് സമാനമാണ് ഇന്നത്തെ ഇന്ത്യന്‍ റിപ്പബ്ലിക്ക്. അതിന്റെ ന്യായപ്രമാണമായ ഭരണഘടനയുടെ ശത്രുക്കള്‍ ഇന്ന് റിപ്പബ്ലിക്കിന്റെ ഭരണാധികാരികളായിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത തത്വങ്ങളും സ്ഥാപനങ്ങളും തകര്‍ന്നടിഞ്ഞിരിക്കുന്നു. അതില്‍ ഏറ്റവും വേദനകരമായ പതനം ഭരണഘടനയുടെ കാവലാളായ സുപ്രീംകോടതിയുടെ പതനമാണ്.
സുപ്രീം കോടതിയെ സാമൂഹ്യ വിപ്ലവത്തിന്റെ പ്രകാശഗോപുരവും പൗരാവകാശങ്ങളുടെ കാവല്‍ മാലാഖയുമായാണ് ഭരണഘടനാ പിതാക്കള്‍ വിഭാവനം ചെയ്തത്. ഭരണഘടനയുടെ സംരക്ഷകന്‍ എന്ന നിലയില്‍ ഭരണഘടനാ തത്വങ്ങളേയും സ്ഥാപനങ്ങളേയും ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തവാദിത്തം സുപ്രിംകോടതിക്കുണ്ട്.
എന്നാല്‍ കാശ്മിരില്‍ അന്‍പത് ദിവസത്തില്‍ അധികമായി അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. ഒരു ജനതയെ മുഴുവന്‍ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തിയിരിക്കുന്നു. ഫാറൂഖ് അബ്ദുല്ല അടക്കമുള്ള നേതാക്കള്‍ വിചാരണയില്ലാത്ത തടവിലാണ്. കശ്മിരിനെ ഒരു തുറന്ന ജയിലായി മാറ്റിയിരിക്കുന്നു. ഈ ഭീകരമായ പൗരാവകാശലംഘനം തടയാന്‍ സുപ്രിം കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വ്യക്തിയുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രാമുഖ്യം ദേശീയ താല്‍പ്പര്യങ്ങള്‍ക്കാണ് എന്ന അപകടകരമായ നിലപാടാണ് സുപ്രിം കോടതി സ്വീകരിക്കുന്നത്.
ഇത് ഭരണഘടനവാദത്തിന്റെ സത്തക്ക് എതിരാണ്. പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ഭരണകൂടത്തിന്റെ അധികാരത്തെ നിര്‍വചിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഭരണഘടനാവാദത്തിന്റെ അന്തസത്ത. ഭരണഘടന ജനതയും രാഷ്ട്രവും തമ്മിലുള്ള ഒരു സാമൂഹ്യ കരാര്‍ ആണ്. ഈ കരാര്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സ്വതന്ത്രമായ മധ്യസ്ഥനാണ് സുപ്രിം കോടതി. ഈ ന്യായപീഠം ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് പൗരാവകാശ ലംഘനത്തിനെതിരേ കണ്ണടച്ചാല്‍ സുപ്രിം കോടതിയുടെ നിലനില്‍പ്പിന്റെ സാംഗത്യം തന്നെ ഇല്ലാതാകും.
സുപ്രിംകോടതി ഇന്ന് നേരിടുന്ന പതനത്തിനു മൂന്ന് മുഖങ്ങളുണ്ട്. സുപ്രിംകോടതിക്ക് അതിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് അതില്‍ ആദ്യത്തേത്. ന്യായാധിപന്മാരുടെ നിയമനം നടത്താന്‍ സുപ്രിംകോടതി തന്നെ സൃഷ്ടിച്ച കൊളിജിയം എന്ന സംവിധാനത്തിന്റെ ജീര്‍ണതയും അതിലെ അഴിമതിയുമാണ് രണ്ടാമത്തെ മുഖം. സുപ്രിംകോടതിയില്‍ ഭരണഘടനാ പിതാക്കള്‍ അര്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ കാണിക്കുന്ന അലംഭാവമാണ് മൂന്നാമത്തേത്.
നീതിപീഠത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1993ല്‍ രണ്ടാം ജഡ്ജസ് (സുപ്രിം കോര്‍ട്ട് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ യൂണിയന്‍ ഓഫ് ഇന്ത്യ) കേസില്‍ സുപ്രിംകോടതി, സുപ്രിംകോടതിയിലേയും ഹൈക്കോടതികളിലേയും ന്യായാധിപന്മാരുടെ നിയമനവും സ്ഥലം മാറ്റവും നടപ്പാക്കാനായി കൊളീജിയം സംവിധാനത്തിനു രൂപം നല്‍കിയത്. ഭരണഘടനയുടെ അനുച്ഛേദം 124 പ്രകാരം സുപ്രിം കോടതിയുമായി കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് സുപ്രിം കോടതി ജഡ്ജിമാരെ നിയമിക്കേണ്ടത്.
എന്നാല്‍ പലപ്പോഴും സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി. 1951ല്‍ ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസായ ഹരിലാല്‍ ജെ.കാനിയ അന്തരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജവഹര്‍ലാല്‍ നെഹ്‌റു പരിഗണിച്ചത് ജഡ്ജിയല്ലാത്ത എം.സി സെതല്‍വാദിനെ ആയിരുന്നു. എന്നാല്‍ അദ്ദേഹം 65 വയസു കഴിഞ്ഞതിനാല്‍ നിര്‍ദേശം നിരാകരിച്ചു. പിന്നീട് എം.സി ഛഗ്ലയെയാണ് നെഹ്‌റു പരിഗണിച്ചത്. ഇതറിഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്‍ രാജി ഭീഷണി മുഴക്കി. അതിനുശേഷം സീനിയോറിറ്റി അടിസ്ഥാനത്തിലാണ് സുപ്രിം കോടതി ജഡ്ജിമാരെ നിയമിച്ചിരുന്നത്.എന്നാല്‍ 1973ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അന്നത്തെ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരെ മറികടന്ന്, സര്‍ക്കാരിന് അനുകൂലമായി വിധി നല്‍കിക്കൊണ്ടിരുന്ന എ.എന്‍ റായിയെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് തഴയപ്പെട്ട ജഡ്ജിമാരായ ജെ.എം ശീലത്ത്, എ.എം ഗ്രോവര്‍, കെ.എസ് ഹെഗ്‌ഡെ എന്നിവര്‍ രാജിവെച്ചു. പ്രശസ്തമായ കേശവാനന്ദ ഭാരതി കേസില്‍ സര്‍ക്കാരിനെതിരേ വിധിയെഴുതി എന്നതാണ് ഈ ജഡ്ജിമാര്‍ക്ക് അയോഗ്യതയായി ഇന്ദിരാ ഗാന്ധി കണ്ടത്.
1977ല്‍ ചീഫ് ജസ്റ്റിസ് എ.എന്‍ റായ് വിരമിച്ചപ്പോള്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി എച്ച്.ആര്‍ ഖന്നയായിരുന്നു. എ.ഡി.എം ജബല്‍പൂര്‍, ശിവ കാന്ത് ശുക്ല കേസില്‍ (ഹേബിയസ് കോര്‍പ്പസ് കേസ്) അടിയന്തിരാവസ്ഥ കാലത്ത് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഭരണകൂടത്തിന് റദ്ദാക്കാം എന്ന കുപ്രസിദ്ധമായ സുപ്രിം കോടതിയുടെ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയ ന്യായാധിപനായിരുന്നു ഖന്ന. അതിനാല്‍ ഖന്നയെ സര്‍ക്കാര്‍ തഴഞ്ഞു. ഖന്ന ഉടനടി ന്യായാധിപ സ്ഥാനം രാജി വെക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് രണ്ടാം ജഡ്ജസ് കേസിലെ വിധിന്യായത്തിലൂടെ ജഡ്ജിമാരുടെ നിയമനം സുപ്രിം കോടതി നേരിട്ട് ഏറ്റെടുത്തത്. ഭരണഘടനയില്‍ രാഷ്ട്രപതി, ജഡ്ജിമാരുടെ നിയമന കാര്യത്തില്‍ സുപ്രിം കോടതി ജഡ്ജിമാരുമായി കൂടിയാലോചന (കണ്‍സല്‍റ്റേഷന്‍) നടത്തണം എന്ന് മാത്രമേ പറയുന്നുള്ളു. ഇങ്ങനെ ജഡ്ജിമാര്‍ നല്‍കുന്ന ഉപദേശം സ്വീകരിക്കാന്‍ രാഷ്ട്രപതിക്ക് മേല്‍ ഭരണഘടന നിര്‍ബന്ധം ചെലുത്തുന്നില്ല. എന്നാല്‍ രണ്ടാം ജഡ്ജസ് കേസില്‍, ഇത്തരത്തില്‍ കൊളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ രാഷ്ട്രപതിക്ക് നിരാകരിക്കാനാവില്ല എന്ന് വിധിച്ചു. കൊളീജിയംശുപാര്‍ശ വേണമെങ്കില്‍ രാഷ്ട്രപതിക്ക് തിരിച്ചയക്കാം. എന്നാല്‍ കൊളീജിയം അവരുടെ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍, രാഷ്ട്രപതി കൊളീജിയം ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ നിര്‍ബന്ധിതമാണെന്ന് രണ്ടാം ജഡ്ജസ് കേസില്‍ കോടതി വിധിച്ചു.
2014ല്‍ പാര്‍ലിമെന്റ്, 99മത് ഭരണഘടനാ ഭേദഗതിയിലൂടെ, കൊളീജിയം രീതി ഒഴിവാക്കി പകരം ജഡ്ജിമാരുടെ നിയമനത്തിന്, സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റിസും ഏറ്റവും മുതിര്‍ന്ന രണ്ടു ജഡ്ജിമാരും കേന്ദ്ര നിയമമന്ത്രിയും പ്രഗത്ഭരായ രണ്ടു വ്യക്തികളും ഉള്‍ക്കൊള്ളുന്ന ഒരു ദേശിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിര്‍ദിഷ്ട കമ്മിഷന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് നിരീക്ഷിച്ചുകൊണ്ട്, 99മത് ഭരണഘടനാ ഭേദഗതിയെ ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചു.
ഈ ചരിത്രമെല്ലാം ഇവിടെ അവതരിപ്പിച്ചത്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ സുപ്രിം കോടതി എത്രമാത്രം ജാഗരൂഗമായിരുന്നു എന്ന് വ്യക്തമാക്കാനാണ്. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലേക്കും നിഷ്പക്ഷതയിലേക്കും കൈകടത്തുന്നത് തടയാനാണ് സുപ്രിം കോടതി, കൊളീജിയം എന്ന ഭരണഘടനാ പിതാക്കള്‍ വിഭാവനം ചെയ്യാത്ത സംവിധനം പോലും സൃഷ്ടിച്ചെടുത്തത്. എന്നാല്‍ അടുത്ത കാലത്ത് കൊളീജിയം സംവിധാനം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കേന്ദ്ര സര്‍ക്കാരിന്റേയും അതിനെ നിയന്ത്രിക്കുന്ന രണ്ടു സ്വേച്ഛാധിപതികളുടേയും ഇച്ഛക്ക് മുന്നില്‍ സുപ്രിം കോടതിയും കൊളീജിയവും സാഷ്ടാംഗം നമസ്‌കരിക്കുന്ന ഭീതിജനകമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണിയുടേയും ബോംബെ ഹൈക്കോടതി ജഡ്ജി അകില്‍ ഖുറേഷിയുടേയും നിയമനങ്ങള്‍ സംബന്ധിച്ച് സുപ്രിം കോടതി കൊളീജിയം ഈയിടെ കൈക്കൊണ്ട നിലപാടുകള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയേയും സംബന്ധിച്ച് ഗൗരവതരമായ സന്ദേഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രഗത്ഭയായ ന്യായാധിപയായിരുന്നു താഹില്‍ രമണി. കുപ്രസിദ്ധമായ ബല്‍കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ 20 പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള അവരുടെ വിധിന്യായം ശ്രദ്ധേയമായിരുന്നു. ഗുജറാത്ത് കലാപ കാലത്ത് അന്ന് 19 വയസുകാരിയായിരുന്ന ബല്‍കീസിനെ പ്രതികള്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി എന്ന് മാത്രമല്ല അവരുടെ 14 ബന്ധുക്കളെ കൊല്ലുകയും ചെയ്തു. സുപ്രിം കോടതി വിധി പ്രകാരം ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയ കേസില്‍ 2017 ല്‍ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചത് ജസ്റ്റിസ് താഹില്‍ രമണിയായിരുന്നു.
പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതയായ അവരെ പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാട്ടാതെ താരതമ്യേന പ്രാധാന്യം കുറഞ്ഞ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ഇതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 20നു അവര്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. ഇത് വ്യാപകമായ അസന്തുഷ്ടിക്ക് കാരണമായി. പ്രാധാന്യം കുറഞ്ഞ ഹൈക്കോടതിയിലേക്കുള്ള സ്ഥലം മാറ്റം തീര്‍ച്ചയായും ശിക്ഷയാണ്. ഇതിനുള്ള കാരണം വ്യക്തമാക്കാന്‍ സുപ്രിംകോടതിക്ക് ബാധ്യതയുണ്ട്. ഈ ശിക്ഷാ നടപടിക്കുള്ള കാരണം ഇന്നും ദൂരൂഹമായി തുടരുകയാണ്.
ജസ്റ്റിസ് അകീല്‍ ഖുറേഷിയുടെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം. ജസ്റ്റിസ് ഖുറേഷി ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സെഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടു ജയിലില്‍ അടച്ചിരുന്നു. അതിനുശേഷം അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയില്‍ നിയമിച്ചു. ഈ വര്‍ഷം മെയ് 10നു അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ കൊളിജിയം തീരുമാനിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനത്തോട് വിയോജിച്ചു. കൊളിജിയം തീരുമാനത്തില്‍ ഉറച്ചു നിന്നു. സാധാരണഗതിയില്‍ കൊളിജിയം അതിന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ ആ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സുപ്രിംകോടതി കൊളിജിയം സര്‍ക്കാരിന് കീഴടങ്ങി. സെപ്റ്റംബര്‍ 20നു ജസ്റ്റിസ് ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ കൊളിജിയം തീരുമാനിച്ചു. ഇതിനെതിരേ ഗുജറാത്ത് ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഈ രണ്ടു സംഭവങ്ങള്‍ സുപ്രിം കോടതി കൊളീജിയത്തിലും ന്യായാധിപ നിയമനത്തിലും കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്ന അന്യായമായ ഇടപെടലുകള്‍ തുറന്നു കാട്ടുന്നു. ഇവ ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്നു. ഇന്ത്യന്‍ ജുഡീഷ്യറി ഭരണഘടനാ സംവിധാനത്തിന്റ്റെ നെടുതൂണും പൗരാവകാശത്തിണ്‌റ്റെ കാവല്‍ പടയാളിയുമാണ്. അതുകൊണ്ടു തന്നെ ജുഡീഷ്യറിക്ക് ഏല്‍ക്കുന്ന ഏതൊരു ആഘാതവും ഇന്ത്യയിലെ നിരാലംബരായ ജനതയുടെ മേല്‍ പതിക്കുന്ന അശനിപാതമാണ്. ജെറുസലേം നഗരത്തിന്റെ പതനത്തില്‍ വിലപിക്കുന്ന ജെറമിയ പ്രവാചകനെ പോലെ വിലപിക്കുകയല്ലാതെ ഈ ജനതയുടെ മുന്‍പില്‍ മറ്റെന്താണ് മാര്‍ഗം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.