2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആപ്പിലാക്കും ഫേസ്ആപ്പ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുമെന്ന മുന്നറിയിപ്പുമായി സൈബര്‍ഡോം

കോഴിക്കോട്: പുരുഷന്‍മാരെ ‘സ്ത്രീ’കളാക്കിയും സ്ത്രീകളെ ‘പുരുഷ’ന്‍മാരാക്കിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്ന ഫേസ് ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുമെന്ന മുന്നറിയിപ്പുമായി കേരള പൊലിസിന്റെ സൈബര്‍ഡോം. റഷ്യന്‍ നിര്‍മിത ആപ്പാണിതെന്നും ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നുമാണ് സൈബര്‍ഡോം നല്‍കുന്ന മുന്നറിയിപ്പ്. ഫോട്ടോകള്‍ മാറ്റം വരുത്താനായി ആപ്പില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിന്റെ ഉടമയുടെ എല്ലാ ഡാറ്റകളും കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ പ്രത്യേകമായി ന്യൂറോ നെറ്റ്‌വര്‍ക്കുപയോഗിച്ച് പ്രൊസസ് ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ശേഖരിച്ച വിവരങ്ങള്‍ ആപ്പിന്റെ നിര്‍മാതാക്കള്‍ക്ക് വേണ്ട സമയത്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും സൈബര്‍ ഡോം വിദഗ്ധര്‍ പറയുന്നു. കൂടാതെ ഒരു വ്യക്തി ഫേസ്ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ അയാളുടെ ഡാറ്റകള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറുമെന്ന് കമ്പനിയുടെ നിബന്ധനകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഒരിക്കല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഡിലീറ്റ് ചെയ്താലും ശേഖരിച്ച ഡാറ്റകള്‍ കമ്പനിക്ക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നും സൈബര്‍ഡോം വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി പേരാണ് ഇപ്പോള്‍ തരംഗമായ ആപ്പിന്റെ പുറകെയുള്ളത്. ചലച്ചിത്ര താരം സലീംകുമാര്‍ സിനിമാമേഖലയിലെ പ്രമുഖരുടെ ഫോട്ടോകള്‍ സ്ത്രീ രൂപത്തിലാക്കിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആപ്പ് വീണ്ടും സജീവമായത്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പുറമെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഫേക്ക് വിഡിയോകള്‍ക്കായി മുഖങ്ങളുടെ ഡാറ്റാബേസുകള്‍ നിര്‍മിക്കാന്‍ ഫേസ്ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.