2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദുരിതം പേറി നാട്ടിലെത്തിയ പ്രവാസികളെ അധികൃതര്‍ പിഴിയുന്നതായി പരാതി

കാസര്‍കോട്: കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഏറെ ദുരിതം പേറി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും കടുത്ത ദുരിതം പേറേണ്ട അവസ്ഥ. ഒരുവിധത്തില്‍ നാട്ടിലെത്തി ലോഡ്ജുകളിലെ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും പണം വാങ്ങാന്‍ ലോഡ്ജ് ഉടമകളോട് അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്നും പിന്നാലെ കമ്യൂണിറ്റി കിച്ചന്‍ വഴി എത്തിച്ചു കൊടുത്ത ഭക്ഷണത്തിന് പ്രവാസികളോട് പണം ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തിയ ഒട്ടനവധി പ്രവാസികളാണ് ഇതേ തുടര്‍ന്ന് ആശങ്കയിലായത്.ഉദുമ പാലക്കുന്നിലെ സ്വകാര്യ ലോഡ്ജില്‍ കഴിയുന്ന മൂന്ന് പ്രവാസികളില്‍ നിന്നും ദിവസം 700 രൂപ നിരക്കില്‍ വാടക ഈടാക്കണമെന്ന് തഹസില്‍ദാര്‍ നിര്‍ദേശിച്ചതായാണ് വിവരം.

എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി പോലും നഷ്ടപ്പെട്ടു ഗള്‍ഫില്‍ താമസിച്ച മുറികളുടെ വാടക പോലും മറ്റുള്ളവരില്‍ നിന്നും പണം കടം വാങ്ങി കൊടുത്തവരാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പാലക്കുന്നിലെ ലോഡ്ജില്‍ താമസിച്ചു വരുന്നത്. ഇവരെ കൂടാതെ വേറെയും ആളുകള്‍ പാലാകുന്നിലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെയും ലോഡ്ജുകളില്‍ കഴിഞ്ഞു വരുന്നുണ്ട്.

അതെ സമയം തനിക്കൊപ്പം വന്ന മറ്റ് രണ്ട് പേര്‍ വിസിറ്റിങ്‌ വിസയില്‍ ഗള്‍ഫിലെത്തിയവരാണെന്നും ഇവരുടെ ടിക്കറ്റ് പോലും എടുത്ത് നല്‍കിയത് കടം വാങ്ങിയ കാശ് കൊണ്ടാണെന്നും പടന്ന സ്വദേശി മുത്തലിബ് പറയുന്നു . തിരുവനന്തപുരത്ത് ഇറങ്ങിയ താനും മറ്റു രണ്ട് പേരും സര്‍ക്കാര്‍ ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസിലാണ് പാലക്കുന്നില്‍ എത്തിയത്.

ലോഡ്ജിലെ മുകള്‍ നിലയിലെ ചൂടേറിയ മുറിയാണ് തങ്ങള്‍ക്ക് അനുവദിച്ചത്. ചൂട് കാരണം രാത്രി ഉറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യവും കൂടി മറികടന്നു കഴിയുന്നതിനിടയിലാണ് റൂം വാടകയും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും കൊണ്ട് വരുന്ന ഭക്ഷണത്തിനും കൂടി പണം ആവശ്യപ്പെടുന്നത്.

നിത്യേന 150 രൂപയുടെ ഭക്ഷണം സൗജന്യമായി നല്‍കുമെന്നും ഇതില്‍ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പണം നല്‍കണമെന്നും ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ ഭക്ഷണത്തിന്റെയും പണവും വേണമെന്ന ആവശ്യപ്പെട്ടതായും പ്രവാസികള്‍ പറയുന്നു.

അതെ സമയം തങ്ങളെ പണം നല്‍കാത്ത ഏതെങ്കിലും സ്‌കൂള്‍ ക്വാറന്റൈനില്‍ ആക്കിയാല്‍ മതിയെന്ന് ഇവര്‍ പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ തങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ചാടിക്കുന്നത് പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.