2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഗഡ്കരി ജീ, പൊളി ചോദ്യമാണ്’: ചോദിക്കുമ്പോള്‍ എടുത്തു കൊടുക്കാന്‍ ജോലി എവിടെയെന്ന പരാമര്‍ശത്തെ ട്രോളി രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: സംവരണം ചെയ്താല്‍ കൊടുക്കാന്‍ എവിടെയാണ് ജോലിയെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘അടിപൊളി ചോദ്യമാ’ണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഞായറാഴ്ചായായിരുന്നു മന്ത്രിയുടെ ‘സെല്‍ഫ്‌ഗോള്‍’ ചോദ്യം. മറാത്ത സംവരണ പ്രക്ഷോഭത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ചോദിക്കുമ്പോള്‍ എടുത്തു കൊടുക്കാന്‍ ജോലി എവിടെ’ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

‘സംവരണം നല്‍കി എന്ന് തന്നെ നിങ്ങള്‍ കരുതുക. എന്നാല്‍ ഇവിടെ ഇവര്‍ക്ക് കൊടുക്കാന്‍ തൊഴില്‍ ഇല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ തൊഴിലുകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. സംവരണം ഉണ്ട് എന്ന് പറഞ്ഞ് ഇവര്‍ക്കെല്ലാം എടുത്തുകൊടുക്കാന്‍ എവിടെയാണ് ജോലിയുള്ളത്?’ നിതിന്‍ ഗഡ്കരി ചോദിക്കുന്നു.

ഗഡ്കരിയുടെ ചോദ്യം വളരെ നന്നായിരിക്കുന്നുവെന്നും എല്ലാം ഇന്ത്യക്കാര്‍ക്കും ഇതു തന്നെയാണ് ചോദിക്കാനുള്ളതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയതാല്‍പര്യമായി പിന്നാക്കക്കാരുടെ സംവരണ ആവശ്യം മാറിക്കഴിഞ്ഞെന്നും തങ്ങള്‍ പിന്നാക്ക വിഭാഗക്കാരാണെന്ന് എല്ലാവരും പറയുന്ന അവസ്ഥയാണ് ഇപ്പോഴെന്നും നിതിന്‍ ഗഡ്കരി പറയുന്നു.

ബിഹാറിലും ഉത്തര്‍പ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ട്. അവരും പറയുന്നു തങ്ങള്‍ പിന്നാക്കവിഭാഗമാണെന്ന്. ദരിദ്രരായ വ്യക്തികള്‍ ദരിദ്രര്‍ തന്നെയാണ്. അവര്‍ക്ക് പ്രത്യേകം ജാതിയുണ്ടാവില്ല, മതമുണ്ടാവില്ല. ഭാഷയുണ്ടാവില്ല.

ഹിന്ദുക്കളായാലും മുസ്‌ലിംകളായാലും മറാത്ത ആയാലും അവരിലും ഭക്ഷണവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും ഇല്ലാത്ത വിഭാഗങ്ങളുണ്ടാകും. ഓരോ സമൂഹത്തിലേയും പിന്നാക്കക്കാരെ അല്ലെങ്കില്‍ ദരിദ്രരെ പരിഗണിക്കണമെന്ന ഒരു ചിന്താഗതി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ പലരും അത് രാഷ്ട്രീയതാല്‍പര്യത്തോടെ ഉപയോഗപ്പെടുത്തുകയാണെന്നും ഗഡ്കരി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.