2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍: ഗൗരീലങ്കേഷ്, ഗോപിനാഥ് മുണ്ടെ, തന്‍സീല്‍ അഹമ്മദ് എന്നിവരുടെ മരണം വീണ്ടും ചര്‍ച്ചയാവുന്നു

#യു.എം മുഖ്താര്‍

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നതിനെ കുറിച്ചുള്ള യു.എസ് സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ, മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷ്, മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദ് എന്നിവരുടെ കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു.

വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതെന്നും ഇക്കാര്യം പുറത്തുവരാതിരിക്കാനാണ് ഗോപിനാഥ് മുണ്ടെ, ഗൗരീ ലങ്കേഷ്, തന്‍സീല്‍ അഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയതെന്നുമുള്ള വെളിപ്പെടുത്തലോടെയാണ് വിഷയം ഒരിടവേളയ്ക്കു ശേഷം വീണ്ടും ഉയര്‍ന്നത്. ഗോപിനാഥ് മുണ്ടെയുടെ അപകടത്തില്‍ അന്നു തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു.

ഗോപിനാഥ് മുണ്ടെ

2014 മെയ് 26നാണ് മോദി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി ഗോപിനാഥ് മുണ്ടെ സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ മൂന്നിനാണ് അദ്ദേഹം മരിക്കുന്നത്. ചുമതലയേല്‍ക്കുന്നതിനുള്ള ആദ്യ ഔദ്യോഗികയാത്രയ്ക്കിടെ രാവിലെ 6.30ന് സഫ്ദര്‍ജംഗിലെ സിഗ്‌നലില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച അംബാസിഡര്‍ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്നിരുന്ന അദ്ദേഹത്തെ പരുക്കുകളോടെ ഡല്‍ഹി എയിംസില്‍ എത്തിച്ചു. മരണകാരണമായ പരുക്കുകള്‍ അപകടത്തില്‍ സംഭവിച്ചില്ലെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. തലയ്ക്കും നെഞ്ചിനും അന്തരിക ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.

അപകടത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒന്നിലധികം കഥകളും അന്ന് പ്രചരിക്കുകയുണ്ടായി. ഇതുസംബന്ധിച്ചുണ്ടായ പല മൊഴികളും ഡ്രൈവറെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവയാണ്. കേന്ദ്രമന്ത്രിയുടെ കാറില്‍ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കു ദിവസങ്ങള്‍ക്കകം ജാമ്യം ലഭിച്ചു.

പിന്നിലിരിക്കുന്ന ആള്‍ മരിക്കാനിടയായ അപകടം ഉണ്ടായിട്ടും ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു? ഡ്രൈവര്‍ സിഗ്‌നല്‍ തെറ്റിച്ച് വാഹനം മുന്നോട്ട് എടുത്തോ? മന്ത്രിയുടെ യാത്രാ ഷെഡ്യൂള്‍ ആര്‍ക്കെല്ലാം അറിയാമായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അതിന് ഉത്തരം ലഭിച്ചിട്ടില്ല.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുള്‍പ്പെടെയുള്ളവരുടെ ആവശ്യത്തെത്തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവം സി.ബി.ഐ അന്വേഷണം തുടങ്ങി. അതേവര്‍ഷം ഒക്ടോബറില്‍ മരണത്തിനു പിന്നില്‍ യാതൊരു ദുരൂഹതയുമില്ലെന്ന് സി.ബി.ഐ തീര്‍പ്പിലെത്തുകയും ചെയ്തു.

ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യോ സുപ്രിംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ അനന്തരവനും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു. മുണ്ടെയോട് അടുപ്പമുള്ള എല്ലാവരും അന്നത്തേത് അപകടമായിരുന്നോ അട്ടിമറി ആയിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ധനഞ്ജയ് ട്വിറ്ററില്‍ കുറിച്ചു.


ഗൗരീ ലങ്കേഷ്

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരീ ലങ്കേഷ് സ്വവസതിക്ക് മുമ്പില്‍ വച്ച് വെടിയേറ്റു മരിച്ചത്. ഈ കേസില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ രണ്ടു പ്രവര്‍ത്തകരെ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളില്‍ നടക്കുന്ന അട്ടിമറിയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് ഗൗരി കൊല്ലപ്പെട്ടതെന്നാണ് യു.എസ് സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍. വോട്ടിങ് യന്ത്രത്തിനുള്ള കേബിള്‍ നിര്‍മാണത്തെക്കുറിച്ച് അവര്‍ വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതിനു മറുപടി ലഭിക്കും മുന്‍പാണ് കൊല്ലപ്പെട്ടതെന്നാണ് ആരോപണം.

 

 

 

⇒ തന്‍സീല്‍ അഹമ്മദ്

ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എന്‍.ഐ.എ ഡെപ്യൂട്ടി സൂപ്രണ്ട് തന്‍സീല്‍ അഹമ്മദ് (45) വെടിയേറ്റ് മരിച്ചത്. രാത്രി ഭാര്യക്കും രണ്ടു മക്കള്‍ക്കും കൂടെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്കു മടങ്ങവെ ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ വീടിനടുത്തു വച്ചായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കുകളിലെത്തിയ അക്രമികള്‍ അദ്ദേഹത്തിനും ഭാര്യക്കും നേരെ നിറയൊഴിച്ചു. തന്‍സീലിന്റെ ദേഹത്ത് 21 ബുള്ളറ്റുകളാണു തറച്ചുകയറിയത്. കൊലപാതകം ആസൂത്രതിമാണെന്നും അന്വേഷിക്കുമെന്നും സംഭവം നടന്ന അന്ന് തന്നെ എന്‍.ഐ.എ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധപ്പെട്ട ഏതാനും തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആ വഴിക്കു തിരിച്ചുവിടുകയായിരുന്നു പിന്നീട് യു.പി പൊലിസ് ചെയ്തത്.

 

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.