2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കരുത്തുകാട്ടി ജര്‍മനി, ഹോളണ്ട്, ബെല്‍ജിയം

 

യൂറോകപ്പ് യോഗ്യത

ബെല്‍ഫാസ്റ്റ്: യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തുകാട്ടി വമ്പന്‍ ടീമുകള്‍. ഗ്രൂപ്പില്‍ മുന്നിലുള്ള വടക്കന്‍ അയര്‍ലന്‍ഡിനെ അവരുടെ തട്ടകത്തില്‍ ജര്‍മനി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയപ്പോള്‍ ഹോളണ്ട് എസ്റ്റോണിയയെയും ബെല്‍ജിയം സ്‌കോട്ട്‌ലന്‍ഡിനേയും 4-0ന് തകര്‍ത്തുവിട്ടു.
വടക്കന്‍ അയര്‍ലന്‍ഡിനോടുള്ള ജയത്തോടെ കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനോടേറ്റ തോല്‍വിയുടെ ക്ഷീണം തെല്ലൊന്നു കുറക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞു. സി ഗ്രൂപ്പില്‍ അയര്‍ലന്‍ഡിനെ പിന്നിലാക്കി ജര്‍മനി ഒന്നാം സ്ഥാനത്തെത്തി. ഇരു ടീമിനും അഞ്ച് കളികളില്‍ നിന്നായി 12 പോയിന്റുണ്ടെങ്കിലും പോയിന്റ് ശരാശരി ജര്‍മനിക്കൊപ്പം നിന്നു. ജര്‍മനിക്കായി മാര്‍സെല്‍ ഹെല്‍സ്റ്റന്‍ബര്‍ഗും സെര്‍ജി ഗ്നാബ്രിയുമാണ് ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതിയിലാണ് ജര്‍മനിയുടെ ആദ്യ ഗോള്‍ പിറന്നത്. 48ാം മിനുട്ടില്‍ ഹെല്‍സ്റ്റന്‍ബര്‍ഗാണ് മുന്നിലെത്തിച്ചത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് സെര്‍ജി ഗ്നാബ്രിയിലൂടെ ജര്‍മനി ഗോള്‍നേട്ടം രണ്ടാക്കിയത്. തുടര്‍ച്ചയായ എട്ടാം തവണയാണ് വടക്കന്‍ അയര്‍ലന്‍ഡിനെതിരേ ജര്‍മനി വെന്നിക്കൊടി നാട്ടുന്നത്.

ഡബിള്‍ ബേബല്‍
ഗാലറ്റാസറെയുടെ മുന്നേറ്റതാരം റയാന്‍ ബേബലിന്റെ ഇരട്ടഗോളാണ് ഹോളണ്ടിന് മിന്നും ജയം സമ്മാനിച്ചത്. നേരത്തേ ജര്‍മനിയെ ആവേശപ്പോരില്‍ പരാജയപ്പെടുത്തിയ ഹോളണ്ടിന് എസ്‌റ്റോണിയക്കെതിരായ മത്സരം ഒരു പരിശീലനം മാത്രമായിരുന്നു.
മത്സരത്തിലെ 17ാം മിനുട്ടില്‍ മുന്നിലെത്തിച്ച ബേബല്‍ രണ്ടാം പകുതിയിലെ 47ാം മിനുട്ടിലും ഗോളടിച്ച് ലീഡ് വര്‍ധിപ്പിച്ചു. തുടര്‍ന്ന് 76ാം മിനുട്ടില്‍ മെംഫിസ് ഡിപേയും 87ാം മിനുട്ടില്‍ വിജിനാള്‍ഡും കൂടി ഗോളടിച്ചതോടെ എസ്‌റ്റോണിയയുടെ പതനം സമ്പൂര്‍ണമായി. നിലവില്‍ ഗ്രൂപ്പ് സിയില്‍ നാല് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി മൂന്നാമതാണ് ഹോളണ്ട്.
ബെസ്റ്റായി ബെല്‍ജിയം
ഗ്രൂപ്പ് ഐയില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ബെല്‍ജിയവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. യൂറോ യോഗ്യതാ മത്സരങ്ങളില്‍ തോല്‍ക്കാത്ത പതിവ് ബെല്‍ജിയം ഇന്നലെയും ആവര്‍ത്തിച്ചു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ ബെല്‍ജിയം ആധിപത്യം പുലര്‍ത്തിയിരുന്നു.
റൊമേലു ലുക്കാക്കു, തോമസ് വെര്‍മെലന്‍, ടോബി ആല്‍ഡര്‍വെയ്ഡ് എന്നിവരുടെ ഗോളോടെ ആദ്യ പകുതി പിരിയുമ്പോള്‍ ടീം 3-0ന് മുന്നിലെത്തിയിരുന്നു. കെയിന്‍ ഡി ബ്രുയിനാണ് ഈ മൂന്നുഗോളുകള്‍ക്കും വഴിയൊരുക്കിയത്. ശേഷം 82ാം മിനുട്ടില്‍ ഡി ബ്രുയിന്‍ ഗോള്‍ സ്‌കോററിന്റെ വേഷത്തിലുമെത്തിയതോടെ ടീമിന് 4-0ന്റെ തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഐയില്‍ ആറു കളികളില്‍ ആറും ജയിച്ച ബെല്‍ജിയം ഒന്നാം സ്ഥാനത്താണ്.

ക്രൊയേഷ്യയെ വിറപ്പിച്ച് അസര്‍ബൈജാന്‍

ബാക്കു(അസര്‍ബൈജാന്‍): ഫിഫ റാങ്കിങ്ങില്‍ നിലവിലെ ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയുടെ സ്ഥാനം ഏഴ്, എന്നാല്‍ അസര്‍ബൈജാന്റെ സ്ഥാനം ഇന്ത്യക്ക് പിന്നില്‍ 109, ഈ സ്ഥാനവുമായി യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരേ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ബൂട്ടണിഞ്ഞ അസര്‍ബൈജാന്‍ സന്ദര്‍ശകരെ വിറപ്പിച്ചു വിട്ടത് 1-1ന്റെ സമനിലയോടെ. പന്തടക്കത്തില്‍ പിന്നിലായെങ്കിലും മികച്ച പ്രതിരോധത്തിലൂടെ കളി മെനഞ്ഞാണ് അസര്‍ബൈജാന്‍ സ്വന്തം നാട്ടുകാരുടെ കൈയടി നേടിയത്. കളി തുടങ്ങി 11ാം മിനുട്ടില്‍ തന്നെ ലോകകപ്പിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂക്കാ മോഡ്രിച്ചിലൂടെ ക്രോട്ടുകാര്‍ മുന്നിലെത്തിയപ്പോള്‍ തന്നെ ഗ്യാലറിയിലിരുന്ന ആരാധകര്‍ വന്‍തോല്‍വി പ്രതീക്ഷിച്ചു. പക്ഷേ, 109ാം സ്ഥാനത്തുള്ള അസര്‍ബൈജാനെയായിരുന്നില്ല പിന്നീട് ലോകം കണ്ടത്. പ്രതിരോധം കടുപ്പിച്ച് അവശ്യഘട്ടത്തില്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയ അസര്‍ബൈജാന്‍ ഒടുവില്‍ 72ാം മിനുട്ടില്‍ എതിരാളിയുടെ വല ചലിപ്പിച്ചു. തംമിന്‍ കാലിസാദയാണ് അസര്‍ബൈജാനെ ഒപ്പമെത്തിച്ചത്. തുടര്‍ന്നും പ്രധിരോധക്കോട്ട തുടര്‍ന്ന് അസര്‍ബൈജാനെതിരേ ഗോള്‍ കണ്ടെത്താന്‍ ക്രൊയേഷ്യ വിഷമിച്ചതോടെ മുന്‍ ലോകകപ്പ് ഫൈനലിസ്റ്റുകളെ തളച്ച അസര്‍ബൈജാന് അഭിനന്ദനമറിയിച്ച് സ്വന്തം നാട്ടുകാര്‍ ഗ്യാലറി ഒഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.