2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മാറ്റമില്ലാതെ ഉര്‍ദുഗാന്‍; ചരിത്രവിജയവുമായി വീണ്ടും തുർക്കി പ്രസിഡന്‍റ്

ഇസ്തംബൂള്‍: തുര്‍ക്കിഹൃദയത്തില്‍ സ്ഥാനചലനമില്ലാതെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രസിഡന്റിന്റെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഭരണപരിഷ്‌കരണങ്ങളെ അംഗീകരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തുര്‍ക്കി ജനത വിളിച്ചുപറഞ്ഞു. അതുവഴി ഉര്‍ദുഗാന്‍ തന്റെ ജനപ്രിയത അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ശക്തമായ മത്സരം നടന്നെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ ഒരു ശതമാനത്തിലേറെ വോട്ട് ഏറെ നേടിയാണ് ഉര്‍ദുഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ 51.79 ശതമാനം വോട്ടായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. ഇത്തവണയത് 53 ആക്കി വര്‍ധിപ്പിക്കാനായി. പ്രധാന പ്രതിപക്ഷകക്ഷിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(സി.എച്ച്.പി)യുടെ മുഹറം ഇന്‍സ് 30 ശതമാനം വോട്ടു നേടി കടുത്ത മത്സരം തന്നെ കാഴ്ചവച്ചു. മറ്റു പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഗുഡ് പാര്‍ട്ടിയുടെ മെറല്‍ അക്‌സെനറിന് 7.43ഉം ഇടതുപക്ഷ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.ഡി.പി)യുടെ സെലാഹദ്ദീന്‍ ഡെമിര്‍ട്ടസിന് 8.04ഉം ഇസ്‌ലാമിസ്റ്റ് ഫെലിസിറ്റി പാര്‍ട്ടിയുടെ തെമെല്‍ കറാമുല്ലോഗ്‌ലുവിന് 0.89ഉം മറ്റൊരു സ്ഥാനാര്‍ഥി പെരിന്‍സെകിന് 0.2ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി(എ.കെ.പി)യുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് സഖ്യത്തിനും മുന്‍പത്തെക്കാള്‍ നില മെച്ചപ്പെടുത്താനായി. മുഹറം ഇന്‍സിന്റെ സി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സഖ്യം 34 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. എച്ച്.ഡി.പിക്ക് 11 ശതമാനം വോട്ടേ നേടാനായുള്ളൂ.
തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇരുതെരഞ്ഞെടുപ്പുകളും ഒന്നിച്ചുനടക്കുന്നത്. പ്രസിഡന്റിന്റെ അധികാര പരിധി വര്‍ധിപ്പിച്ചതിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ഭരണനിര്‍വഹണ അധികാരം കൂടിയുണ്ടാകും.

മന്ത്രിമാര്‍, വൈസ് പ്രസിഡന്റ്, മുതിര്‍ന്ന ജഡ്ജിമാര്‍ എന്നിവരെ നിയമിക്കുന്നതിനു പുറമെ, നിയമം നടപ്പാക്കുക, ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ അധികാരങ്ങളും ഇനിമുതല്‍ പ്രസിഡന്റിന്റെ പരിധിയിലാകും.
2019 നവംബറിലാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 1,80,065 പോളിങ് കേന്ദ്രങ്ങളിലായി 56 മില്യന്‍ ജനങ്ങള്‍ക്കായിരുന്നു സമ്മതിദാനാവകാശമുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്ത് 64കാരനായ ഉര്‍ദുഗാന് തുര്‍ക്കി ഭരണത്തിനുമേലുള്ള നിയന്ത്രണം കൂടുതല്‍ ഉറപ്പിക്കുന്നതാണു പുതിയ തെരഞ്ഞെടുപ്പുഫലം. 2003ല്‍ പ്രധാനമന്ത്രിയായാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ നേതൃത്വത്തിലെത്തുന്നത്. 2014 വരെ പ്രധാനമന്ത്രി പദവിയില്‍ തുടര്‍ന്നു. പിന്നീട് പ്രധാനമന്ത്രി പദവിയിലെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2014ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റിന്റെ അധികാരപരിധി വര്‍ധിപ്പിക്കുകയും ചെയ്തു.

ഉര്‍ദുഗാന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയായ മുഹറം ഇന്‍സ് 2002 മുതല്‍ സി.എച്ച്.പി ഡെപ്യൂട്ടി ചെയര്‍മാനാണ്. ഭൗതികശാസ്ത്ര അധ്യാപകന്‍ കൂടിയാണ് അദ്ദേഹം. ‘പെണ്‍ചെന്നായ് ‘ എന്ന വിളിപ്പേരുള്ള അക്‌സെനര്‍ പാര്‍ലമെന്റ് സ്പീക്കറായും ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുര്‍ദ് അനുകൂലിയായ ഡെമിര്‍ട്ടാസ് ‘കുര്‍ദിഷ് ഒബാമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.