2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

രണ്ടുവര്‍ഷം ജയരാജനു നല്‍കിയത് ജാഗ്രതയുടെ പാഠം

എം.പി മുജീബ് റഹ്മാന്‍

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസഭയ്ക്കു പുറത്തിരുന്ന രണ്ടുവര്‍ഷക്കാലം ഇ.പി ജയരാജനു നല്‍കിയത് ജാഗ്രതയുടെ പാഠം. നഷ്ടപ്പെട്ട മന്ത്രി സ്ഥാനത്തേക്ക് ഇ.പി ജയരാജന്‍ വീണ്ടുമെത്തുന്നത് കരുതലോടെയുള്ള പ്രവര്‍ത്തനത്തിലൂടെ. ബന്ധുനിയമന വിവാദത്തില്‍ 2014 ഒക്ടോബര്‍ 14നു പിണറായി മന്ത്രിസഭയില്‍ നിന്നു രാജിവച്ച ജയരാജന്റെ രണ്ടുവര്‍ഷക്കാലം വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞായിരുന്നു. രാജിവച്ച ശേഷം അദ്ദേഹം പൊതുപരിപാടികളില്‍ നിന്നു വിട്ടുനിന്നിരുന്നു. മാധ്യമങ്ങളില്‍ നിന്നു പോലും അകലംപാലിച്ച് തന്റെ മണ്ഡലമായ മട്ടന്നൂരിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. പാര്‍ട്ടി പോഷക സംഘടനയായ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ കേരളത്തിലാകെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ അംഗമായ ഇ.പി ജയരാജന്‍ എത്തുന്നതോടെ മന്ത്രിസഭയില്‍ അദ്ദേഹം രണ്ടാമനാകും. മന്ത്രിസ്ഥാനത്ത് നിന്നു മാറിനിന്നപ്പോള്‍ പാര്‍ട്ടി വേദികളില്‍ പോലും നേതൃത്വത്തെയോ സര്‍ക്കാരിനെയോ തള്ളിപ്പറയാന്‍ അദ്ദേഹം തയാറായില്ല. അതാണ് അമേരിക്കയ്ക്കു പോകുംമുമ്പ് ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വേഗത്തിലായതും.

ഭാര്യാസഹോദരി പി.കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ ചട്ടംലഘിച്ച് കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതിനെ ചൊല്ലിയുള്ള വിവാദമാണു പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ.പി ജയരാജന്റെ രാജിയിലേക്കു വഴിവച്ചത്. പിന്നാലെ കേരള ക്ലേ ആന്‍ഡ് സെറാമിക്‌സില്‍ സഹോദരീ പുത്രി ദീപ്തി നിഷാദിനെ ജനറല്‍ മാനേജരായി നിയമിച്ചതും പുറത്തുവന്നു. സി.പി.എം മൊറാഴ ലോക്കല്‍കമ്മിറ്റി മേല്‍ഘടകത്തിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണു പാര്‍ട്ടി അന്വേഷണം നടന്നത്. തുടര്‍ന്നു സി.പി.എം കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചതോടെയാണ് വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ 2016 ഓക്ടോബര്‍ 14നു രാജിവച്ചത്. ബന്ധുനിയമനത്തില്‍ ജയരാജനു ജാഗ്രതക്കുറവുണ്ടായെന്നും പാര്‍ട്ടി കണ്ടെത്തി.

ഇ.പി ജയരാജനെതിരേ ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നു വിജിലന്‍സ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 26നു ഹൈക്കോടതിയെ അറിയിച്ചതോടെ അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം വകുപ്പുകള്‍തന്നെ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതോടെ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുന്ന ഇ.പി ജയരാജനില്‍ പാര്‍ട്ടിയര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവ് കൂടിയായി ഇത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.