2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്തുകൊണ്ട് സി.പി.എം അന്വേഷിക്കുന്നില്ല

ഒരേസമയം പാര്‍ട്ടിക്കെതിരേ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്നു പറയുകയും അന്വേഷണവിധേയമാക്കേണ്ട വിഷയമല്ലെന്നു കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തതു യഥാര്‍ഥത്തില്‍ പരസ്പരവിരുദ്ധമായ നിലപാടാണ്. സി.പി.എം സംസ്ഥാനനേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇതില്‍ പ്രകടമാകുന്നത്.

 

വി.എം. സുധീരന്‍

ബിനോയ് കോടിയേരി വിവാദത്തിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്നു പറയുന്ന സി.പി.എം നേതൃത്വം എന്തുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാത്തത്. തങ്ങള്‍ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയഗൂഢാലോചനയുടെ ഫലമെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവാദികളെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവന്ന് അഴിക്കുള്ളിലാക്കാനുള്ള ബാധ്യത സി.പി.എമ്മിനില്ലേ. എന്തുകൊണ്ട് അതിനവര്‍ തയ്യാറാകുന്നില്ല.

ഈ ചോദ്യങ്ങള്‍ക്ക് ഇതേവരെ അവര്‍ നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ല; വിശ്വാസയോഗ്യവുമല്ല. അതേസമയം, ബിനോയ് കോടിയേരി വിവാദം പാര്‍ട്ടി അന്വേഷിക്കേണ്ട വിഷയമല്ലെന്നു സംസ്ഥാനഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
ഒരേസമയം പാര്‍ട്ടിക്കെതിരേ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്നു പറയുകയും അന്വേഷണവിധേയമാക്കേണ്ട വിഷയമല്ലെന്നു കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തതു യഥാര്‍ഥത്തില്‍ പരസ്പരവിരുദ്ധമായ നിലപാടാണ്. സി.പി.എം സംസ്ഥാനനേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇതില്‍ പ്രകടമാകുന്നത്.

കമ്മ്യൂണിസ്റ്റ് തത്വങ്ങളും സംഘടനാചട്ടങ്ങളും ലംഘിക്കുന്നത് ഇല്ലാതാക്കുന്നതിനു കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയുടെയും അതിന്റെ തുടര്‍ച്ചയായി പാലക്കാട് പ്ലീനം അംഗീകരിച്ച സംഘടനാറിപ്പോര്‍ട്ടിന്റെയും അന്തഃസത്തയ്ക്കു നിരക്കാത്ത നടപടികളാണിതെല്ലാം. തെറ്റുതിരുത്തല്‍ രേഖയും നടപടികളുമൊക്കെ നേതാക്കള്‍ക്കു ബാധകമല്ലെന്നും അതൊക്കെ താഴെത്തട്ടിലുള്ള പാര്‍ട്ടിക്കാര്‍ക്കു മാത്രമാണു ബാധകമായിട്ടുള്ളതെന്നുമുള്ള നിലപാട് ഏറെ വിചിത്രമാണ്.

തൊഴിലാളിവര്‍ഗത്തിന്റേതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ മക്കള്‍ കോടികളുടെ ഇടപാടുകളില്‍ എങ്ങനെ ഉള്‍പ്പെടുന്നു? ഇതിനൊക്കെയുള്ള വരുമാനസ്രോതസ് എങ്ങനെ?
സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് എന്തു മറുപടിയാണു സി.പി.എം നേതാക്കള്‍ക്കു നല്‍കാനുള്ളത്. സി.പി.എം സംസ്ഥാനനേതൃത്വത്തിന്റെ നിലപാടില്‍ തികഞ്ഞ ദുരൂഹതയാണു നിലനില്‍ക്കുന്നത്.
സി.പി.എം സംസ്ഥാനഘടകം എങ്ങനെ ന്യായീകരിച്ചാലും നാടിനെ ഇളക്കിമറിച്ച ഈ പ്രശ്‌നത്തില്‍ പോളിറ്റ് ബ്യൂറോ തലത്തിലുള്ള അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ നേതൃത്വം തയ്യാറാകണം.
അല്ലെങ്കില്‍ മകന്റെ കാര്യത്തില്‍ അമിത് ഷാ അനുവര്‍ത്തിച്ച നിലപാടു തന്നെയാണു സി.പി.എം കേന്ദ്ര നേതൃത്വവും പിന്തുടരുന്നതെന്നു വിശ്വസിക്കേണ്ടിവരും. രാഷ്ട്രീയധാര്‍മ്മികത അവകാശപ്പെടാന്‍ സി.പി.എമ്മിന് ഇനിയൊരിക്കലും കഴിയില്ല.
ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഈ വിവാദത്തിനു പിന്നില്‍ നടന്നതായി സി.പി.എം നേതാക്കള്‍ ആരോപിച്ച ഗൂഢാലോചനയെ സംബന്ധിച്ചും സി.പി.എം അഖിലേന്ത്യാ നേതൃത്വം അന്വേഷിക്കണം.
സി.പി.എമ്മിന്റെ മുതലാളിത്തപ്രീണനത്തിനു തുടര്‍ച്ചയായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. തോമസ്ചാണ്ടി, പി.വി അന്‍വര്‍, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ക്കു പിന്നാലെ ഇപ്പോള്‍ ചവറയിലെ ഇടതുമുന്നണി എം.എല്‍.എയും വിവാദത്തില്‍ വന്നിരിക്കുന്നു.
തിരഞ്ഞെടുപ്പില്‍ താല്‍ക്കാലികനേട്ടങ്ങള്‍ക്കായി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പണയപ്പെടുത്തിയതിന്റെ ഫലമായുണ്ടായ ‘രാഷ്ട്രീയദുരന്ത’മാണിതെല്ലാം. തെറ്റുതിരുത്തല്‍ രേഖയുടെ പ്രസക്തിതന്നെയാണ് ഇവിടെയും ഉയര്‍ന്നുവരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.