2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഖുര്‍ആനുമായുള്ള സമാഗമം (13) നൂഹ് നബിയുടെ പെട്ടകം

ആശിഖലി പെരിങ്ങാവ്

 

ചരിത്രത്തില്‍ കഴിഞ്ഞുപോയ ഒരുപറ്റം പ്രവാചകസൂരികളെ നാം കേട്ടിരിക്കും. ദൈവിക പ്രകാശത്തിന്റെ വാഹകരായ ഇക്കൂട്ടര്‍ വിവിധ കാലങ്ങളില്‍ മനുഷ്യ മനസ്സിന് വെളിച്ചം നല്‍കി വഴിയൊരുക്കാന്‍ നിശ്ചയിക്കപ്പെട്ടവരാണ്. ആദിമ മനുഷ്യന്‍ ആദം നബി മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തില്‍ പരം പ്രവാചകര്‍ ഈ പ്രകാശ വാഹകരായി ചരിത്രത്തില്‍ വന്നണഞ്ഞിട്ടുണ്ട്. ഒരുപറ്റം പ്രവാചക ചരിത്രം ഖുര്‍ആനില്‍ പ്രസ്താവ്യമാണ്. ചരിത്രം പില്‍കാല മനുഷ്യരോട് സംവിദിക്കുന്നതിന് നേര്‍സാക്ഷ്യമാണിത്. ഖുര്‍ആനിലെ ഈ സംവേദനവും അത് നമുക്ക് നല്‍കുന്ന പാഠവും നാം കൃത്യമായി മനസ്സിലാക്കണം. ഏകദൈവവിശ്വാസത്തിന്റെ ജിഹ്വയുമായാണ് മുഴുവന്‍ പ്രവാചകരും കടന്നുവന്നത്. ഖുര്‍ആന്‍ വിവരിക്കുന്ന പ്രവാചക ചരിത്രത്തിന്റെ കൂട്ടത്തില്‍ വളരെ പ്രാധാന്യമുള്ളതാണ് നൂഹ് നബിയുടെ ജീവചരിത്രം.

ആയിരം വര്‍ഷത്തോളം തന്റെ സമുദായത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണം നടത്തിയ പ്രവാചകനാണ് നൂഹ് നബി. തന്റെ പ്രബോധനശ്രമങ്ങള്‍ക്കൊടുവില്‍ നൂഹ് നബിക്ക് ബാക്കിയുണ്ടായിരുന്നത് അംഗുലീപരിമിതരായ വിശ്വാസികളും സമുദായ ഭൂരിപക്ഷത്തിന്റെ എതിര്‍പ്പുകളും അക്രമങ്ങളുമായിരുന്നു. തുടര്‍ന്ന് അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഒരു പുതുലോകം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു നൂഹ് നബി. വരാനിരിക്കുന്ന മഹാപ്രളയത്തെ മുന്നില്‍ കണ്ട് നൂഹ് നബി പെട്ടകം നിര്‍മിച്ചു. പ്രളയം വന്നതോടെ വിശ്വാസികളായ അംഗുലീപരിമിതരെയും മുഴുവന്‍ ജന്തുജീവിവര്‍ഗങ്ങളിലെ ഓരോ ഇണകളെയും നൂഹ് നബി പെട്ടകത്തില്‍ കൂടെ നിര്‍ത്തി. അക്രമികളായ അവിശ്വാസികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും തരപ്പെട്ടില്ല. പര്‍വതങ്ങളുടെ ഉച്ചിപോലും അവര്‍ക്ക് സംരക്ഷണം നല്‍കിയില്ല. നൂഹ് നബിയുടെ പ്രളയ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. പ്രളയം അക്രമികളായ അവിശ്വാസികള്‍ക്കുള്ള ശിക്ഷയായിരുന്നു. ആയിരം വര്‍ഷത്തോളം ഒരു പ്രവാചകന്റെ വിളിക്കുത്തരം നല്‍കാത്തതിന്. പ്രവാചകനോട് അക്രമം ചെയ്തതിന്. ഇതൊരു ആകസ്മിക പ്രളയമായിരുന്നില്ല. തന്റെ സമുദായത്തെ ശുദ്ധീകരിച്ചെടുക്കാനുള്ള അല്ലാഹുവിന്റെ നിര്‍ദേശമായിരുന്നു. പെട്ടകം നിര്‍മിച്ച് വിശ്വാസികളെ സംരക്ഷിക്കുകയും അവിശ്വാസികളെ പ്രളയത്തിന് വിട്ടുകൊടുക്കുകയുമായിരുന്നു അത്. ഖുര്‍ആന്‍ വിവരിക്കുന്ന ഇത്തരം ചരിത്രകഥകള്‍ നമ്മോട് ഒരുപാട് കാര്യങ്ങള്‍ സംവദിക്കുന്നുണ്ട്.

‘ദൈവദൂതരെ വ്യാജരാക്കി തള്ളിയപ്പോള്‍ നൂഹ് നബിയുടെ ജനത്തെയും നാം മുക്കി നശിപ്പിക്കുകയും അവരെ മാനുഷ്യകത്തിന് ദൃഷ്ടാന്തമാക്കുകയും ചെയ്തു. അതിക്രമകാരികള്‍ക്ക് വേദനയുറ്റ പാരത്രിക ശിക്ഷ നാം സജ്ജീകരിച്ചിട്ടുണ്ട്’ (ഫുര്‍ഖാന്‍ 37) നൂഹ് നബിയോട് അക്രമം പ്രവര്‍ത്തിച്ചവരെ പ്രളയത്തില്‍ നശിപ്പിച്ച് പില്‍കാലക്കാര്‍ക്ക് അല്ലാഹു ദൃഷ്ടാന്തമാക്കുകയായിരുന്നു. അത് മുഹമ്മദ് നബിയുടെ കാലക്കാര്‍ക്ക് മാത്രമല്ല, ഇന്ന് ഈ റമദാനില്‍ പോലും ഖുര്‍ആന്‍ വായിക്കുന്ന നമുക്കൊക്കെ അതൊരു ദൃഷ്ടാന്തമാണ്. അല്ലാഹുവിലേക്കുള്ള ക്ഷണത്തെ നിരാകരിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ അപ്രിയമായതെന്തും സംഭവിക്കും. വിശിഷ്യ ഇന്നത്തെ ശാസ്ത്രീയ ബുദ്ധിപോലും അദൃശ്യ ലോകത്തെ വാസതവീകരിക്കുന്നുണ്ട്. ഇസ്‌ലാമോ മറ്റു ഏകദൈവ വിശ്വാസ ധാരകളോ മാത്രമല്ല കണ്‍ഫ്യൂഷ്യനിസം, ബുദ്ധമതം തുടങ്ങി ഹൗന്ദവ മതം വരെ മനുഷ്യനെ ബന്ധിക്കുന്ന അദ്യശ്യലോകത്തെ വാസതവീകരിക്കുന്നുണ്ട്. അഥവാ ചരിത്രമുടനീളം മനുഷ്യനെ ഉല്‍ബുദ്ധനാക്കേണ്ട സംസ്‌കരിക്കേണ്ട ഒരുപാട് സംഭവങ്ങളാല്‍ സമൃദ്ധമാണ്.

നൂഹ് നബിയുടെ പ്രബോധനത്തോട് സമൂഹത്തിന്റെ പ്രതികരണത്തെക്കുറിച്ചു ഖുര്‍ആന്‍ പറയുന്നുണ്ട്. ‘ ജനം ആക്രോശിച്ചു: നൂഹേ, ഈ ഏര്‍പ്പാടില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ നീ എറിഞ്ഞുകൊല്ലപ്പെടുന്നവരിലായിപ്പോകും’ (ശുഅറാഅ് 116). അവിശ്വാസികളായ ജനങ്ങളില്‍ നിന്നുള്ള ഈ പ്രതികരണം മുഹമ്മദ് നബിയടക്കം മുഴുവന്‍ പ്രവാചകന്മാരും തന്റെ സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്നിട്ടുണ്ട്. സമൂഹത്തില്‍നിന്നുള്ള വധഭീഷണിക്കുള്ള കാരണം, അവര്‍ കരുതുന്നത് പ്രവാചകന്മാര്‍ അവരുടെ ജീവിതം മാറ്റിമറിക്കാനും അധികാരവും സമ്പത്തും കയ്യടക്കാന്‍ വന്നതാണെന്നാണ്. അതുകൊണ്ട് പ്രവാചകന്മാരെ കൊലപ്പെടുത്തി തങ്ങളെ സംരക്ഷിക്കാനാണ് അവര്‍ കരുതുന്നത്. മുഹമ്മദ് നബി ഇസ്‌ലാമിന്റെ ഏകദൈവവിശ്വാസവുമായി സമൂഹത്തില്‍ പ്രബോധനത്തിനിറങ്ങിയപ്പോള്‍ സമൂഹത്തിന്റെ പ്രതികരണം തീരെ ഞെട്ടിക്കുന്നതായിരുന്നു. സാമാന്യയുക്തിക്കുപോലും നിരക്കാത്ത രീതിയില്‍ വളരെ വൈകാരികവും മുന്‍ പിന്‍ നോക്കാതെ എടുത്തുചാടിയുമാണ് പ്രവാചകന്റെ സത്യസന്ദേശത്തോട് സമൂഹം പ്രതികരിച്ചത്.

സത്യസന്ദേശം പ്രസരണം ചെയ്യുന്നതിന്റെ പേരിലവര്‍ നബിയെ കൊലക്ക് കൊടുക്കാന്‍ പോലും തയ്യാറായിരുന്നു. ഈയൊരു വൈകാരിക സമീപനവും ഹിംസാത്മക പ്രതികരണവും വര്‍ത്തമാനകാലത്തും നമുക്കനുഭവിക്കാന്‍ സാധിക്കും. ഇസ്‌ലാമിന്റെ സന്ദേശവുമായി മതേതര സമൂഹത്തോട് നാം സംവദിക്കാനിറങ്ങിയാല്‍ അവര്‍ വൈകാരികമായി പ്രതികരിക്കുന്നതായി കാണാം. മതത്തോടുള്ള സമീപനത്തില്‍ ബുദ്ധിയും ധിഷണയുമുപയോഗിച്ച് സമാധാനമായി പ്രതികരിക്കാതെ ഭ്രാന്തമായാണ് പലപ്പോഴും മതേതര സമൂഹം പ്രതികരിക്കുന്നത്. തന്നെ സമൂഹം നിരാകരിച്ചതോടെ നൂഹ് നബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘തീര്‍ച്ച! അദ്ദേഹം അപേക്ഷിച്ചു: നാഥാ സ്വജനത എന്നെ വ്യാജനാക്കുക തന്നെ ചെയ്തിരിക്കുകയാണ്; അതിനാല്‍ എനിക്കും അവര്‍ക്കും മധ്യേ നീയൊരു വിജയ തീരുമാനമുണ്ടാക്കുകയും എന്നെയും സഹചാരികളായ വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്യേണമേ (ശുഅറാഅ് 117 118). അല്ലാഹുവുമായുള്ള തന്റെ പവിത്രബന്ധത്തെ നൂഹ് നബി കാത്തുസൂക്ഷിക്കുന്നതായിട്ട് ഈ വാക്യത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. നീ നല്‍കിയ സന്ദേശം സമൂഹത്തിന് ഞാന്‍ കൈമാറിയെങ്കിലും അവരതിനെ നിരാകരിക്കുകയും എന്നെ കൊല ചെയ്യാനിരിക്കുകയുമാണ്.

 

അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ വിജയവഴി നീ തുറന്നുതരണമെന്നാണ് നൂഹ് നബി അല്ലാഹുവിനോട് ആവശ്യപ്പെടുന്നത്. തന്നെ നിരാകരിച്ച് കൊല ചെയ്യാനിറങ്ങിയ സമൂഹത്തോട് സ്വന്തമായൊന്നും പ്രതികരിക്കാതെ നൂഹ് നബി അല്ലാഹുവുമായുള്ള തന്റെ പവിത്രബന്ധം കാത്തുസൂക്ഷിച്ചു. ‘അപ്പോള്‍ അദ്ദേഹത്തെയും സഹചാരികളെയും നിര്‍ഭരമായ ജലയാനത്തില്‍ നാം രക്ഷിച്ചു’ (ശുഅറാഅ് 119). ഒരു മഹാ പ്രളയത്തില്‍ പെട്ടകം വഴി നൂഹ് നബിയെയും വിശ്വാസികളെയും അല്ലാഹു രക്ഷിച്ചു. ഈ മഹാ പ്രളയവും പെട്ടകവും ചരിത്രത്തില്‍ വളരെ പ്രസിദ്ധമാണ്. പ്രളയത്തില്‍ അവിശ്വാസികള്‍ക്ക് പര്‍വതങ്ങളുടെ ഉച്ചി പോലും രക്ഷക്കെത്തിയില്ല, അവര്‍ മുഴുക്കെ പ്രളയത്തില്‍ നശിച്ചു. ‘ശിഷ്ട ജനത്തെ പിന്നീട് നാം മുക്കിക്കൊന്നു’ (120). പ്രധാനമായും മൂന്ന് കാര്യങ്ങള്‍ നമുക്കിവിടെ കുറിക്കാം. ഒന്ന്, തൗറാത്, ബൈബിള്‍ എന്നിവയില്‍ പ്രതിപാദിക്കപ്പെട്ട ചരിത്രങ്ങള്‍ പൂര്‍ണാര്‍ത്ഥത്തിലല്ലെങ്കിലും ഖുര്‍ആന്‍ ശരിവെക്കുന്നുണ്ട്. രണ്ട്, പ്രവാചക ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഘടനയാണ്.

ഏകദൈവ സന്ദേശവുമായി വരുന്ന പ്രവാചകന്മാര്‍ക്ക് സ്ഥാനവും മാനവും ധനവുമാണ് വേണ്ടതെന്ന് ആരോപിച്ച് അവരോട് അക്രമം ചെയ്യല്‍. മൂന്ന്, പ്രവാചകന്മാര്‍ കൊണ്ടുവരുന്ന വിശ്വാസ സംഹിത വിശ്വസിക്കല്‍ വ്യക്തിനിഷ്ഠമാണ്. നൂഹ് നബിയെ സംബന്ധിച്ചിടത്തോളം പ്രളയ ശിക്ഷ ഒരു ദുഃഖാനുഭവം കൂടിയായിരുന്നു. തന്റെ മകനെ രക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മകനെ പെട്ടകത്തിലേക്ക് ക്ഷണിച്ചെങ്കിലും ഞാന്‍ പര്‍വതങ്ങളുടെ ഉച്ചിയില്‍ അഭയം പ്രാപിച്ചോളാമെന്ന് മകന്‍ പ്രതിവചിച്ചു. മകന്റെ കാര്യത്തില്‍ അല്ലാഹുവിനോട് പരിഭവം പറഞ്ഞ നൂഹ് നബിയോട് അല്ലാഹു പറഞ്ഞത് വിശ്വാസികള്‍ക്ക് മാത്രമേ പെട്ടകത്തില്‍ പ്രളയം അതിജയിക്കാന്‍ കഴിയൂവെന്നാണ്. അഥവാ മനുഷ്യന്റെ വിശ്വാസം തീര്‍ത്തും വ്യക്തിനിഷ്ഠമാണ്. വിശ്വാസിയുമായുള്ള അവിശ്വാസിയുടെ ബന്ധുത്വം അവനെ രക്ഷിക്കുകയില്ല. സത്യവിശ്വാസികള്‍ക്ക് മാത്രമേ അല്ലാഹുവിന്റെ കരുതല്‍ ലഭിക്കൂ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.